തിരുവനന്തപുരം: ഒരു സർക്കാരിന്റെ വിജയം നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിന്റെ കാര്യക്ഷമത ആണ്. സാധാരണക്കാരിൽ സാധാരണക്കാരനായ നയനാർ വിജയിച്ചത് കരുത്തുറ്റ ഒരു ഓഫീസ് ഉള്ളതുകൊണ്ടായിരുന്നു. പാർട്ടിയുടെ ഇടപെടൽ മൂലം ഓഫീസിൽ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും ഏതാണ്ടൊക്കെ വി എസ് പേരെടുത്തതും ഓഫീസിന്റെ ബലം കൊണ്ടായിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാർ പൂർണ്ണമായും പൊളിഞ്ഞുപോയതും ഇതേ കാര്യത്തിലാണ്. ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ മൂന്ന് പേർക്കാണ് ഭരണ കാലത്ത് രാജി വെയ്‌ക്കേണ്ടി വന്നത്. എന്നാൽ ആ പാഠങ്ങൾ എല്ലാ ഉൾക്കൊണ്ട് കരുത്തുറ്റ ഒരു ഓഫീസിന് തന്നെ രൂപം കൊടുത്തിരിക്കുകയാണ് പിണറായി വിജയൻ. ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന അഞ്ച് പേരും ഒന്നിനൊന്ന് മിടുക്കരാണ് എന്നത് പിണറായിക്ക് ദൈര്യത്തോടെ മുമ്പോട്ട് പോകാൻ പ്രചോദനമാകും. കാര്യക്ഷമതയും അഴിമതിക്ക് വശംവദരകാത്തവരുമായവരെയാണ് പിണറായി കണ്ടെത്തിയത്. തന്റെ കാൽ നൂറ്റാണ്ടിലധികം നീണ്ട പ്രവർത്തന കാലത്ത്് തന്നെ നോക്കി വച്ചിരുന്നവരാണ് ഈ വിദഗ്ദ്ധർ.

സ്പോർട്സ് സെക്രട്ടറിയും, ഊർജ്ജ സെക്രട്ടറിയും, വൈദ്യുതി ബോർഡ് ചെയർമാനുമായി പ്രവർത്തിച്ച ശിവശങ്കറെ പ്രൈവറ്റ് സെക്രട്ടറി ആക്കിയത് ഉത്തമ ഉദാഹരണമാണ്. ഉറച്ച നിലപാട് എടുത്ത് ഒരു ഇടത് മന്ത്രിയെ വരെ രാജി വെയ്‌പ്പിച്ച ഒരു വിട്ടുവീഴ്ചക്കും വഴങ്ങാത്ത നളിനി നെറ്റോയെ പിണറായി തെരഞ്ഞെടുത്തതോടെ ഉദ്യോഗസ്ഥ വൃത്തങ്ങൾ മുഴുവൻ കുലുങ്ങിയിരിക്കുകയാണ്. നളിനി നെറ്റോയുടേയും ശിവശങ്കറിന്റേയും നിയമനത്തിന് പിന്നിൽ രാഷ്ട്രീയം കലർത്തിയില്ലെന്നതും പ്രത്യേകതയാണ്.

കവിയും നയനാരുടെ ഓഫീസിലെ പ്രധാന ശില്പിയുമായിരുന്ന പ്രഭ വർമ്മയും നിശബ്ദമായി പ്രവർച്ച് കരുക്കൾ നീക്കുന്നതിൽ വിദഗ്ധനായ പുത്തലത്ത് ദിനേശനും പിഴയ്ക്കാത്ത തെരഞ്ഞെടുപ്പിന്റെ പ്രതീകങ്ങളായി.

നിലപാടിൽ വെള്ളം ചേർക്കാത്ത സുതാര്യതയുടെ മുഖം

റച്ച നിലപാടുകളാണ് നളിനി നെറ്റോയുടെ കരുത്ത്. തിരുവനന്തപുരം കളക്ടർ മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള പദവി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുമ്പോഴും വിവാദങ്ങൾക്ക് അപ്പുറം ജനകീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയി. യുവാക്കളെ ജനാധിപത്യ പ്രക്രിയയിൽ സജീവമാക്കാൻ നടത്തിയ പരിഷ്‌കാരങ്ങൾ ശ്രദ്ധേയമായി. അവിടെ നിന്ന് ആഭ്യന്ത്ര സെക്രട്ടറിയുടെ പദവിയിലേക്ക്. അപ്പോഴും പുറ്റിങ്ങൽ ദുരന്തമെത്തിയപ്പോൾ തെറ്റ് ചൂണ്ടിക്കാട്ടി. തന്റെ നിലപാടിനെ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അതിശക്തമായി നലപാട് എടുത്തു. അവിടെ നിന്നാണ് പിണറായിയുടെ പേഴ്‌സണൽ സ്റ്റാഫിലെ ഒന്നാം നമ്പർ പേരുകാരിയായി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്.

സുതാര്യതയും അഴിമതി രഹിത പ്രതിച്ഛായയയുമാണ് നളിനി നെറ്റോയുടെ കരുത്ത്. നിയമത്തെ കാറ്റിൽ പറത്തുന്നതൊന്നും നളിനി നെറ്റോ ചെയ്യുകയില്ല. നീതി ബോധത്തോടെ ആർക്കും വഴങ്ങാതെ പ്രവർത്തിക്കുന്ന ഐഎഎസുകാരിയാണ് അവരെന്ന് ജനത്തിനും അറിയാം. മാഫികളും കച്ചവടക്കാരുമെല്ലാം ഈ ഉദ്യോഗസ്ഥയിൽ നിന്ന് കൃത്യമായ അകലം പാലിക്കും. ഇതു മനസ്സിലാക്കിയാണ് നളിനി നെറ്റോയെ പേഴ്‌സണൽ സ്റ്റാഫിൽ പിണറായി എടുക്കുന്നതും തന്റെ ഓഫീസിന്റെ കാര്യക്ഷമതയും കൂടുമെന്ന് പ്രതീക്ഷിക്കുന്നു. തീർച്ചയായും ഇതിനുള്ള കഴിവും ആർ്ജ്ജവവും നളിനി നെറ്റോയ്ക്കുണ്ടെന്ന് ഓരോ മലയാളിക്കും അറിയാം.

ഓരോ ഫയലും കീറി മുറിച്ച് പരിശോധിച്ച് മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കേണ്ടത് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഇവിടെയാണ് ഭരണത്തിൽ നളിനി നെറ്റോയ്ക്കുള്ള സ്വാധീനം വ്യക്തമാകുന്നത്. മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കാതെ രക്ഷിക്കുകയെന്ന ഉത്തരവാദിത്തമാണ് നളിനി നെറ്റോയ്ക്ക് ഇനിയുള്ളത്. പിണറായി കേരളത്തിന്റെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് അണികളും അടുപ്പക്കാരും പറയുന്നത് ഇത്തരത്തിലൊരു ഉദ്യോഗസ്ഥയെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയത് ചൂണ്ടിക്കാട്ടിയാണ്. ഇതിലൊരു സന്ദേശവും പിണറായി ഒളിപ്പിച്ചുവയ്ക്കുന്നു. സ്ത്രീകളോട് സർക്കാർ കാണിക്കുന്ന പരിഗണനയുടെ വശം.

നീലലോഹിത ദാസൻ നാടാർ മന്ത്രിയായിരിക്കെ നളിനി നെറ്റോ ഉയർത്തിയ വിവാദം രാഷ്ട്രീയ കൊടുങ്കാറ്റായി. സമ്മർദ്ദങ്ങൾ പലതുണ്ടായിട്ടും അവർ പിന്മാറിയില്ല. സ്ത്രീത്വത്തം ഉയർത്തി നീലനെതിരെ നിലപാട് കടുപ്പിച്ചപ്പോൾ മന്ത്രിക്ക രാജിവയ്‌ക്കേണ്ടി വന്നു. കേരള ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്. മന്ത്രിമാരുടെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥർക്കിടയിൽ പുതു മാതൃകയായി നളിനി നെറ്റോ. അവർ പറഞ്ഞത് തെറ്റാണെന്ന് കേരളീയ പൊതു സമൂഹം വിശ്വസിച്ചതുമില്ല. ഇത് തന്നെയാണ് നളിനി നെറ്റോയെന്ന ഐഎഎസ് ഉദ്യോസ്ഥയ്ക്ക് മലയാളിയുടെ മനസ്സിലെ വിശ്വാസ്യതയ്ക്ക് തെളിവും. ഇത് മുതൽക്കൂട്ടാക്കാൻ തന്നെയാണ് പിണറായിയുടെ ശ്രമവും.

1981ലെ ഐഎഎസ് ബാച്ചുകാരിയാണ് നളിനി നെറ്റോ. ചീഫ് സെക്രട്ടറിയുടെ പദത്തിന് തൊട്ടടുത്തുള്ള വ്യക്തി. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം നളിനി നെറ്റോയുടെ വാക്കുകളെ ബഹുമാനത്തോടെ അംഗീകരിക്കേണ്ടതുമുണ്ട്. ഇതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കാര്യക്ഷമത കൂട്ടാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

കാര്യക്ഷമതയുടെ ഉദ്യോഗസ്ഥ മുഖം

റ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവ്വഹിച്ച പ്രവർത്തന കരുത്തുമായാണ് എം ശിവശങ്കർ പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുന്നത്. വലിയ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുമ്പോഴും അഴിമതിയുടെ ചെറു കണിക പോലും ശിവശങ്കറിന് മേൽ വീണിരുന്നില്ല. കെഎസ്ഇബിയെ ഒരു കരയ്‌ക്കെത്തിച്ച ശേഷമാണ് ശിവശങ്കറിന്റെ മുഖ്യമന്ത്രി ഓഫീസിലേക്കുള്ള മാറ്റം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ 200 കോടി രൂപ കടമെടുത്തത് കെഎസ്ഇബിയിൽ നിന്നാണെന്നാണ് റിപ്പോർട്ട്. കടക്കെണിയിൽ ഉഴലുകയായിരുന്ന കെഎസ്ഇബിയെ കടം കൊടുക്കാനുള്ള അവസ്ഥയിലെത്തിച്ച ചെയർമാൻ.

1995ൽ ഐ.എ.എസ് നേടിയ ഇദ്ദേഹമാണ് മലപ്പുറം കളക്ടറായിരിക്കെ അക്ഷയ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. അദ്ധ്യാപക പാക്കേജ് ആവിഷ്‌കരിച്ചതും ഇദ്ദേഹമായിരുന്നു. ടൂറിസം, പൊതുവിദ്യാഭ്യാസം, എന്നീ വകുപ്പുകളിലും ഐ.ടി മിഷനിലും ഡയറക്ടർ പദവിയും പൊതുവിദ്യാഭ്യാസ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. കായിക സെക്രട്ടറിയെന്ന നിലയിലും പ്രവർത്തിക്കുന്നു. ദേശീയ ഗെയിംസ് നടത്തിപ്പിന്റെ ചുമതലക്കാരിൽ പ്രധാനിയായിരുന്നു. ഗെയിംസിൽ അഴിമതി ആരോപണങ്ങൾ പലതുയർന്നിട്ടും അവയൊന്നും ശിവശങ്കർ എന്ന ഉദ്യോഗസ്ഥനിലേക്ക് എത്തിയില്ല. കാരണം വിവാദങ്ങളിൽ നിന്ന് മാറി നിന്ന് ഭരണനിർവ്വഹണത്തിൽ ശ്രദ്ധിക്കുന്ന ഉദ്യോഗസ്ഥനാണ് ശിവശങ്കർ.

കാര്യക്ഷമതയാണ് ശിവശങ്കറിന്റെ കരുത്ത്. ഒപ്പമുള്ളവരെയെല്ലാം ഒരുമിച്ച കൊണ്ട് പോകും. കളക്ടർ ബ്രോ പ്രശാന്തിന്റെ വാക്കുകൾ തന്നെ എല്ലാം വ്യക്തമാക്കുന്നു. വയനാട് സബ് കളക്ടറായിരിക്കെ ആദിവാസികൾക്കിടയിലുള്ള തേയില കമ്പനി തുറപ്പിക്കാൻ ശ്രമിച്ചു. അതിന്റെ ചരിത്രത്തിലേക്ക് പോയപ്പോഴാണ് ഈ കമ്പനിക്ക് പിന്നിലുള്ള വ്യക്തിയെ കുറിച്ച് മനസ്സിലാക്കിയത്. നൂറ് ദിവസം കൊണ്ട് വയനാട് സബ് കളക്ടറായിരിക്കെ സമയബന്ധിതമായി ശിവശങ്കർ എന്ന ഐഎഎസുകാരനാണ് ആ കമ്പനി യാഥാർത്ഥ്യമായത്. നൂറ് ദിവസം കൊണ്ട് അത് സാധിക്കുകയെന്നത് അസാധ്യമായിരുന്നുവെന്ന് ചുരക്കം ചിലർക്കേ കഴിയൂ. അതാണ് ശിവശങ്കർ എന്ന് പ്രശാന്ത് പറയുന്നു.

ഇത് മനസ്സിലാക്കിയാണ് തന്റെ ടീമിലെ പ്രധാന സ്ഥാനം ശിവശങ്കറിന് നൽകുന്നത്. മേലധികാരിയുമായി ആശയവിനമയത്തിനുള്ള കഴിവും ശിവശങ്കറിന് അപാരമാണ്. പ്രതിസന്ധി ഘട്ടങ്ങളെ ആശയവിനിമയത്തിലൂടെ അതിജീവിക്കാൻ കഴിയുന്ന വ്യക്തിത്വം.

നായനാരുടെ സ്വന്തം പ്രഭാവർമ്മ

ടതുപക്ഷ സഹായത്രികനായ കവിയാണ് പ്രഭാ വർമ്മ. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി സാഹത്യ രംഗത്ത് നിറയുന്ന പ്രഭാ വർമ്മയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരിൽ പരിചയസമ്പന്നൻ. ഇകെ നയനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു പ്രഭാവർമ്മ. നയനാരുടെ സന്തത സഹചാരിയെ തന്റെ ഓഫീസിലെത്തിക്കുന്നതിലൂടെ മികച്ച മാദ്ധ്യമ ഇടപെടലുകളിലൂടെ പ്രതിച്ഛായ ഉയർത്തുകയാണ് പിണറായിയുടെ ലക്ഷ്യം. രാഷ്ട്രീയ ഭേദമന്യേയുള്ള പ്രഭാവർമ്മയുടെ സൗഹൃദവും മികച്ച പ്രതിച്ഛായയും തന്നെയാണ് ഈ മുതിർന്ന മാദ്ധ്യമ പ്രവർത്തന് തുണയാകുന്നത്.

നിലപാടുകളാണ് പ്രഭാവർമ്മയുടെ കരുത്ത്. ആർ.എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന ലേഖനങ്ങളെഴുതി എന്നു പറഞ്ഞ് പ്രഭാവർമ്മയുടെ ഖണ്ഡകാവ്യം 'ശ്യാമമാധവം' പ്രസിദ്ധീകരിക്കുന്നത് സമകാലിക മലയാളം വാരിക നിർത്തിവച്ചത് വിവാദമായിരുന്നു. അപ്പോഴും സൗമ്യഭാവത്തോടെ നിലപാടുകളെ വിശദീകരിച്ച് പൊതു സമൂഹത്തിൽ നിറഞ്ഞ വ്യക്തിയാണ് പ്രഭാവർമ്മ. മലയാളകവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ്മ. 12 വർഷം ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായിരുന്ന പ്രഭാവർമ്മ കൈരളി ടി.വി.യുമായും അടുത്ത് പ്രവർത്തിക്കുന്നു. ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്റാറായിരിക്കെയാണ് പുതിയ പദവിയിലെത്തുന്നത്.

പല പേരുകൾ പരിഗണിച്ച ശേഷമാണ് മാദ്ധ്യമ ഉപദേഷ്ടാവെന്ന സ്ഥാനത്ത് പിണറായി പ്രഭാ വർമ്മയെ തെരഞ്ഞെടുക്കുന്നത്. സുതാര്യ പൊതു ജീവിതം തന്നെയാണ് ഇതിന് കാരണവും.

പുത്തലത്ത് എന്ന യുവാക്കളുടെ താത്വികാവേശം

ന്തിനേയും താത്വികമായി അവലോകനം ചെയ്ത് കമ്മ്യൂണിസത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുന്ന ആചാര്യനായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. പി ഗോവിന്ദപിള്ളയും ഈ പാതയിലൂടെ സിപിഎമ്മിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി. ഇവരുണ്ടാക്കിയ വിടവിലേക്ക് പല പേരുകളേയും സിപിഐ(എം) പരിഗണിച്ചു. പാർട്ടിക്ക് ആശയാടിത്തറ കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യം. ഈ അന്വേഷണം എത്തി നിൽക്കുന്നത് ദിനേശൻ പുത്തലത്തെന്ന യുവ സഖാവിലേക്കാണ്.

എല്ലാ സമ്പത്തിന്റെയും മൂലസ്രോതസ്സുകളായ മണ്ണിനേയും തൊഴിലാളിയേയും ഊറ്റിക്കുടിച്ചുകൊണ്ടുമാത്രമാണ് മുതലാളിത്തോല്പാദനം സാങ്കേതികവിദ്യയെ വളർത്തുകയും ഒരു സാമൂഹ്യസമഷ്ടിയായി വിവിധ പ്രക്രിയകളെ സംയോജിപ്പിക്കുകയും ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന കഴിയുന്ന നേതാവ്. എസ്എഫ്‌ഐ രാഷ്ട്രീയത്തിലൂടെ സജീവമായ പുത്തലത്തിന്റെ കാഴ്ചപാടുകളെ സിപിഐ(എം) തിരിച്ചറിഞ്ഞു. അങ്ങനെ പിണറായി വിജയൻ ദിനേശനെ എകെജി സെന്ററിലെത്തിച്ചു. അവിടെയിരുന്ന ആറ് വർഷമായി നമുക്ക് ചുറ്റും നടക്കുന്നതിനെ കമ്മ്യൂണിസ്റ്റ് കാഴ്ചപാടിലൂടെ നിർവ്വചിക്കുകയാണ് പുത്തലത്ത്. എല്ലാത്തിനുമുപരി ആരേയും ആകർഷിക്കുന്ന പെരുമാറ്റം. കമ്മ്യൂണിസ്റ്റുകാരന്റെ ലാളിത്യം ഇതെല്ലാം പുത്തലത്തിലുണ്ട്.

ഇതു തിരിച്ചറിഞ്ഞ് തന്നെയാണ് എ കെ ജി സെന്ററിൽ നിന്നും ദിനേശൻ പുത്തലത്തിനെ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പദവിയിലെത്തിക്കുന്നത്. സാധാരണ തഴക്കവും പഴക്കവും ചെന്ന അതികായരാണ് പൊളിട്ടിക്കൽ സെക്രട്ടറിയായി സിപിഐ(എം) മുഖ്യമന്ത്രിമാർ നിയോഗിക്കാറ്. നായനാർ മന്ത്രിസഭയിൽ പി ശശിയും അച്യൂതാനന്ദൻ മന്ത്രിസഭയിൽ കെ ബാലഗോപാലുമെല്ലാം ഇങ്ങനെ പദവിയിലെത്തി. എന്നാൽ പിണറായിക്ക് വേണ്ടത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പറയാൻ കഴിവുള്ള വ്യക്തിയെയാണ്. അതുകൊണ്ട് തന്നെ കൂടുതലൊന്നും അന്വേഷിക്കാതെ ദിനേശൻ പുത്തലത്ത് എന്ന വിശ്വസ്തനെ പൊളിട്ടിക്കൽ സെക്രട്ടറിയായി.

ആർക്കും ദിനേശൻ വഴങ്ങില്ല. നൂറ് ശതമാനം കൂറ് പുലർത്തുന്ന വ്യക്തി. സാധാരണ യുവ നേതാക്കളിൽ ആരോപിക്കുന്ന പ്രശ്‌നങ്ങളൊന്നും പുത്തലത്ത് ദിനേശനില്ല താനും. ഏവരേടും സ്‌നേഹത്തോടെ ഒരുമിപ്പിക്കാനും പറ്റും. അങ്ങനെ മുഖ്യമന്ത്രിക്കും സമൂഹത്തിനും ഇടയിലെ പാലമായി ദിനേശൻ പുത്തലത്തിന് കഴിയുന്നു. പാർട്ടിക്കായി തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് അദൃശ്യമായ തന്ത്രങ്ങൾ ഒരുക്കിയതിനുള്ള അംഗീകാരം കൂടിയാണ് ഇത്. സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ പ്രചരണത്തിൽ ദിനേശൻ പുത്തലത്തിന് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. എ കെ ജി പഠന ഗവേഷണ കേന്ദ്രവുമായും അടുത്ത് പ്രവർത്തിക്കുന്നു. കേരള പഠന കോൺഗ്രസിന് പിന്നിലും സജീവമായിരുന്നു.

എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും എസ് എഫ് ഐ മുഖമാസിക സ്റ്റുഡന്റിന്റെ എഡിറ്ററും കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയും ആയിരുന്നു കോഴിക്കോടുകാരനായ ദിനേശൻ പുത്തലത്ത്. ഇപ്പോൾ ഇഎംഎസ് അക്കാദമി ഫാക്കൽറ്റി അംഗം, മാർക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്റർ, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഇപ്പോൾ. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയാകുന്നതോടെ പാർട്ടിയുടെ താത്വിക മുഖമെന്നതിന് അപ്പുറത്തേക്ക് ചുവടു വയ്ക്കുകയാണ് ഈ യുവ നേതാവ്. ഭാര്യ യമുന ഡോക്ടറാണ്.