തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ തള്ളി ഇടതു സർക്കാർ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിടുന്ന സാഹചര്യത്തിൽ ശിവശങ്കർ നൽകിയ അപേക്ഷയാണ് ചീഫ് സെക്രട്ടറി തള്ളിയത്. ശിവശങ്കറിനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടക്കം കേന്ദ്ര ഏജൻസികളുടെ നിയമ നടപടികൾ തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

കായിക വകുപ്പ് സെക്രട്ടറി എം.ശിവശങ്കർ ഐഎഎസ് സർവീസിൽനിന്ന് സ്വയം വിരമിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഐഎഎസിനെ സ്‌പോട്‌സ്, യുവജനകാര്യ വകുപ്പിൽ സെക്രട്ടറിയായാണു നിയമിച്ചത്.

സർവീസിൽ തുടർന്നു കൊണ്ടു കേന്ദ്ര ഏജൻസികൾക്കെതിരെ നിയമപോരാട്ടം നടത്താൻ കഴിയില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ വിആർഎസ് ആപേക്ഷ നൽകിയതെന്ന് അധികൃതർ പറയുന്നു. എന്നാൽ, സ്വർണക്കടത്തു കേസിൽ പ്രതിയായതിനാൽ സ്വയം വിരമിക്കലിനു സാധിക്കില്ലെന്നു വ്യക്തമാക്കി അപേക്ഷ സർക്കാർ തള്ളി. ഐഎഎസ് ഉദ്യോഗസ്ഥന് സ്വയം വിരമിക്കുന്നതിന് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അനുമതിപത്രം ആവശ്യമാണ്. കേസുള്ളതിനാൽ ഈ അനുമതി പത്രം ശിവശങ്കറിനു ലഭിക്കില്ല.

കുറച്ച് ദിവസം മുമ്പാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ശിവശങ്കർ സ്വയം വിരമിക്കൽ തീരുമാനം അറിയിച്ചത്. 2023 ജനുവരി വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്. നിലവിൽ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കർ.

സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്ന് 2020 ജൂലൈ 16ന് ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ശിവശങ്കറിന്റെ ആദ്യ സസ്‌പെൻഷന്റെ കാലാവധി 2021 ജൂലൈ 15നാണ് അവസാനിച്ചത്.

ഇതിനു മുൻപായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെൻഷൻ 6 മാസത്തേക്കു നീട്ടുകയായിരുന്നു. ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടതു കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെൻഡ് ചെയ്തത്. പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അനുസരിച്ച് സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. സസ്‌പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

ശിവശങ്കറിനെതിരായ ഡോളർക്കടത്ത് കേസിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസിൽ നിന്ന് തേടിയിരുന്നു. 2021ഡിസംബർ 30നകം വിശദാംശങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ കസ്റ്റംസിൽ നിന്ന് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന ശുപാർശ സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.

ശിവശങ്കർ 2022 ജനുവരിയിലാണ് വീണ്ടും ജോലിക്ക് കയറിയത്.ഇന്നലെ ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകുകയും ചെയ്തിരുന്നു. ശിവശങ്കറിനെ കൈവിടില്ലെന്ന സൂചനയാണ് സർക്കാർ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെയാണ് ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. കസ്റ്റംസും എൻഫോഴ്‌സമെന്റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തു. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിൽ ശിവശങ്കറിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങൾ ശക്തമായതോടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. ഒരു വർഷവും അഞ്ച് മാസവും നീണ്ട സസ്‌പെൻഷൻ കാലത്തിന് ശേഷമാണ് ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചത്.