- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെയും സർക്കാറിനെയും തള്ളിപ്പറയില്ല; സ്വർണ്ണക്കടത്തു കേസിന്റെ അണിയറക്കഥകളിലേക്കും കടക്കുന്നില്ല; 'അശ്വത്ഥാമാവ് വെറും ഒരു ആന'യിൽ ശിവശങ്കരൻ പറയുന്നത് തന്റെ ജയിൽ അനുഭവങ്ങൾ; ജയിലുകൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും പുസ്തകത്തിൽ; തനിക്കെതിരെ നടന്നത് മാധ്യമവേട്ടയെന്ന നിലപാടിൽ; എല്ലാവരും കൈവിട്ട എം ശിവശങ്കരൻ വിആർഎസിന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിൽ ആത്മകഥാംശമുള്ള പുസ്തകം പുറത്തിറങ്ങുന്നത്. താൻ വേട്ടയാടപ്പെട്ടു എന്നാണ് പുസ്‌കത്തിൽ ശിവശങ്കറിന്റെ വാദം. ജയിലിലെ അനുഭവത്തെക്കുറിച്ചും, അന്വേഷണ ഏജൻസികളുടെ സമീപനത്തെക്കുറിച്ചുമൊക്കെയാണ് ആത്മകഥയിൽ പറയുന്നത്.
ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ശനിയാഴ്ച വിപണിയിലെത്തും. മാധ്യമ ലോകം പ്രതീക്ഷിക്കുന്നത് എം ശിവശങ്കരന്റെ വെളിപ്പെടുത്തലുകൾ എന്താകും എന്നാണ്. എന്നാൽ, പുസ്തകം പുറത്തിറങ്ങിയാൽ മാത്രമേ 'അശ്വത്ഥമാവ്' എന്ന് ഉദ്ദേശിച്ചത് ആരെയാണെന്നും, ' ആന' എന്ന് ആരെക്കുറിച്ചാണ് പറയുന്നതെന്ന കാര്യത്തിലുമൊക്കെ വ്യക്തത വരികയുള്ളൂ. നയതന്ത്ര ചാനലിലെ സ്വർണ്ണക്കടത്ത് കേസിൽ ജയിൽമോചിതനായ ശേഷം മാധ്യമപ്രവർത്തകരൊക്കെ പ്രതികരണമറിയാൻ ശ്രമിച്ചിരുന്നെങ്കിലും ശിവശങ്കർ ഒഴിഞ്ഞുമാറുകയായിരുന്നു.
മാധ്യമങ്ങളുമായി അദ്ദേഹം ഒരു ബന്ധവും ആഗ്രഹിക്കുന്നുമില്ല. താൻ മാധ്യമ വേട്ടക്ക് ഇരയായി എന്ന ചിന്താഗതിയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ തന്റെ പുസ്തകത്തിന്റെ പേരിൽ മാധ്യമങ്ങൾക്ക് സെൻസേഷൻ സൃഷ്ടിച്ചു കൊടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നത്. സ്വർണ്ണക്കടത്തു കേസിൽ പെട്ടതിന് ശേഷം സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും തീർത്തും ഒറ്റപ്പെട്ടു പോകുകയായിരുന്നു താനെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.
ഒന്നര വർഷത്തെ സസ്പെൻഷന് ശേഷം അദ്ദേഹം അടുത്തിടെയാണ് തിരികെ സർവീസിൽ പ്രവേശിച്ചത്. സർവീസിൽ കയറിയ ഉടനെ തന്നെ വൊളണ്ടറി റിട്ടയർമാർമെന്റിനും ഒരുങ്ങിയിരുന്നു. എന്നാൽ, സർക്കാർ അതിന് തയ്യാറായില്ല. ഇപ്പോഴത്തെ നിലയിൽ കുറച്ചു കാലം കൂടിയേ അദ്ദേഹത്തിന് സർവീസ് പൂർത്തിയാക്കാനുള്ളൂ. വിആർഎസിനെ കുറിച്ചും അദ്ദേഹം ആലോചിക്കുന്നുണ്ട്. കേസു നടത്താൻ പണം കണ്ടെത്താൻ പെൻഷൻ നഷ്ടമാക്കാനും അദ്ദേഹത്തിന് താൽപ്പര്യമില്ല.
സർക്കാർ സേവനങ്ങൾക്ക് പുറത്തേക്ക് എന്തു ചെയ്യാൻ കഴിയുമെന്ന ചിന്തയിലുമാണ് ശിവശങ്കരൻ. അതുകൊണ്ട് തന്നെ അദ്ദേഹം മറ്റു സ്വകാര്യ മേഖലയിൽ ജോലി തേടാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ പുസ്തകത്തിൽ പ്രധാനമായും മാധ്യമങ്ങൾ തന്നെ വേട്ടയാടിയെന്നാകും ശിവശങ്കരന്റെ പക്ഷം. ജയിലിൽ വെച്ച് പലതരത്തിലുള്ള കുറ്റവാളികളെയും കാണുകയുണ്ടായി. അവരുടെ കഥകളും അനുഭവങ്ങളും പുസ്തകത്തിൽ ഉണ്ടാകും. ജയിൽ സംവിധാനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താമെന്ന നിർദ്ദേശം കൂടി ഈ പുസ്തകത്തിൽ ഉണ്ടെന്നാണ് സൂചനകൾ ഉള്ളത്.
പിണറായി വിജയനെയോ സർക്കാറിനെയോ തള്ളിപ്പറയാൻ പുസ്തകതതിൽ അദ്ദേഹം തയ്യാറല്ല. സ്വപ്നയുടെ നിയമം കൺസൾട്ടൻസി ഏജൻസി വഴിയായിരുന്നെന്നും താൻ അത് അറിഞ്ഞിരുന്നില്ലെന്നും സ്വർണകടത്ത് കേസിലെ കിങ്പിൻ താനാണെന്ന് വരുത്താൻ പ്രചരണമുണ്ടായെന്നു പരാമർശിച്ചു പോകുക മാത്രമാണ് പുസ്തകത്തിൽ. സർക്കാറിനെയോ സിപിഎമ്മിനെയോ കുറ്റപ്പെടുത്തുന്ന വിധത്തിൽ ഒന്നും പുസ്തകത്തിൽ ഇല്ലെന്നാണ് സൂചനകൾ.
അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാൽ വേട്ടയാടപ്പട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥയാണ് അശ്വത്ഥാമാവ് വെറുമൊരു ആന. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെടുത്തി, പിന്നെയും കുറേ കേസുകളിൽ കുടുക്കി ജയിലിലടക്കപ്പെട്ട എം. ശിവശങ്കർ ആ നാൾവഴികളിൽ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരുക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുത്തുന്നതെന്ന് പുസ്തക പ്രസാധകരായ ഡിസി വിശദീകരിക്കുന്നു.
ദ്രോണരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ആ ആചാര്യൻ വീഴ്‌ത്താൻ മകന്റെ ജീവൻ പോയ കാര്യം പറയുക മാത്രമേ രക്ഷയുള്ളൂവെന്ന് പാണ്ഡവർ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ടു. അതിന് ശേഷം അതിനെ കൊന്നു. സത്യം മാത്രം പറയുന്ന ധർമ്മ പൂത്രർ അശ്വത്ഥമാവ് കൊല്ലപ്പെട്ടുവെന്ന് ദ്രോണരോട് പറഞ്ഞു. അതിൽ ആനയെന്ന് പറഞ്ഞത് മാത്രം പതുക്കെയാക്കി. വേദനയിൽ ദ്രോണർ തളർന്നിരുന്നു. പിന്നാലെ ദ്രോണരുടെ ജീവനെടുത്തു. ഈ കഥയെയാണ് ശിവശങ്കർ തന്റെ ആത്മകഥാപരമായ പുസ്തകത്തിന്റെ പേരിലൂടെ മലയാളികളെ ഓർമ്മപ്പെടുത്തുന്നത്.
അശ്വത്ഥാമാവ് എന്ന പേരിലെ ആനയായിരുന്നു സ്വർണ്ണ കടത്തിൽ താനെന്ന് പറയുകയാണ് ശിവശങ്കർ. അതായത് മറ്റാരേയോ വീഴ്‌ത്താനുള്ള എളുപ്പമാർഗ്ഗം. മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്താനുള്ള ഗൂഡനീക്കമാകും നടത്തിയതെന്ന് പറയാതെ പറയുകയാണ് പുസ്തകത്തിന്റെ പേരിലൂടെ ശിവശങ്കർ.
2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കർ ജയിൽ മോചിതനായത്. കൃത്യം ഒരു വർഷം കഴിയുമ്പോൾ അനുഭവ കഥയും എത്തുന്നു. അറസ്റ്റിൽ തുടങ്ങി മോചനം വരെ നീളുന്ന സംഭവങ്ങളാണ് അനുഭവകഥയിലുള്ളത്. ഈ അനുഭവ കഥ എഴുതാൻ ശിവശങ്കർ സർക്കാരിൽ നിന്ന് അനുമതി വാങ്ങിയോ എന്ന ചർച്ചയും ഉയരും. എന്നാൽ ഔദ്യോഗിക രഹസ്യങ്ങൾ ഒന്നും പറയാത്ത തരത്തിലെ ജയിൽ കഥയ്ക്ക് സർക്കാരിന്റെ അനുമതി വേണ്ടെന്ന് പറയുന്നവരുമുണ്ട്. എന്നാൽ അനുമതി ശിവശങ്കറിന് കിട്ടിയിട്ടുണ്ടെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.
ജയിൽ അനുഭവമടക്കം വിവരിച്ച് എം ശിവശങ്കറിന്റെ പിറന്നാൾദിന കുറിപ്പ് വൈറലായിരുന്നു. 59 വയസ് തികഞ്ഞ അന്നായിരുന്നു മുഖ്യമന്ത്രിയുടെ മുൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്‌ബുക്കിൽ അനുഭവങ്ങൾ വിവരിച്ചത്. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്‌നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ