കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ നിന്നും കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് സോഫി തോമസ് പിന്മാറി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടർ ആയതിനാലാണ് കേസ് പരിഗണിക്കുന്നതിൽ നിന്നും ഒഴിവായത്. ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരം ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.

ദൈവത്തിന് പേര് പറഞ്ഞ് കെ. ബാബു വോട്ട് ചോദിച്ചുവെന്നാണ് സ്വരാജ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ ബാബു തൃപ്പൂണിത്തറ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി.

മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിലാണെന്ന പ്രചരണ മുദ്രാവാക്യവും കെ ബാബു ഉയർത്തിയതെന്ന് ഹർജിയിൽ പറയുന്നു. വർഗീയമായ പ്രചാരണം നടത്തിയതായി കോടതിയിൽ തെളിഞ്ഞാൽ കെ ബാബുവിന് എതിരായ വിധിയുണ്ടാകും. കെ ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കുകയും രണ്ടാം സ്ഥാനത്തുള്ള തന്നെ എംഎൽഎയാക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ, പി കെ വർഗീസ് എന്നിവരാണ് സ്വരാജിന് വേണ്ടി വാദിക്കുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത്. അതേസമയം, എം സ്വരാജ് പരാജയപ്പെട്ടത് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി സിപിഐഎം അന്വേഷണത്തിൽ കണ്ടെത്തിട്ടുണ്ട്. സിപിഐഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.