- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃപ്പൂണുത്തുറയിൽ എം സ്വരാജിനെ പാലം വലിച്ചത് സ്വന്തം പാർട്ടിക്കാർ മാത്രമല്ല, സിപിഐക്കാരും; ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളിൽ സിപിഐയുടെ വോട്ടുകൾ ലഭിച്ചില്ലെന്ന് പരാതി; സിപിഎമ്മിൽ സി.കെ. മണിശങ്കറിനെതിരെയും നടപടി സ്വീകരിച്ചത് യുവനേതാവിന്റെ തോൽവിയിൽ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ എം സ്വരാജിന്റെ തോൽവിക്ക് കാരണം സിപിഎമ്മുകാർ മാത്രമല്ല, സിപിഐക്കാരും. പാർട്ടി സ്ഥാനാർത്ഥി എം.സ്വരാജിനായി സിപിഐ വേണ്ടത്ര പ്രവർത്തിച്ചില്ലെന്ന പരാതിയുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തുവന്നു. തൃപ്പൂണിത്തുറയിലെ തോൽവി അന്വേഷിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഐക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളിൽ സിപിഐയുടെ വോട്ടുകൾ ലഭിച്ചില്ലെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ നടന്നു. ഇതിൽ അന്വേഷണ റിപ്പോർട്ടുകളും വച്ചു. ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തോട് തന്നെ സിപിഐ വോട്ടുകൾ സ്വരാജിന് ലഭിച്ചില്ലെന്ന പരാതി നേരിട്ട് ഉന്നയിച്ചു. ഉദയംപേരൂരിൽ സിപിഐയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. സിപിഎമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് ഉദയംപേരൂർ. ഒരുവട്ടം ഒഴിച്ചാൽ പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. ഇവിടെ സിപിഎമ്മിനുള്ളിൽ വലിയ വിഭാഗീയത ഉണ്ടായിരുന്നു. ഇവർ സിപിഐയിലേക്ക് പോയങ്കിലും സിപിഎമ്മുമായുള്ള ശത്രുത നിലനിന്നതാണ് വിവാദങ്ങളിലേക്ക് എത്തിയത്.
കുറേക്കാലമായി പിന്നെ പ്രശ്നങ്ങളില്ലായിരുന്നു. പാർട്ടി വിട്ടുപോയവർ ഈ പ്രാവശ്യം നിസ്സഹകരിച്ചു. തോൽവിക്ക് കാരണമായ വീഴ്ചയുടെ പേരിൽ ജില്ലാ കമ്മിറ്റി അംഗം സി.എൻ സുന്ദരനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഇന്നലെ നീക്കി. സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെതിരേ നടപടിയുണ്ടായത്. പാർട്ടിയുടെ ശക്തികേന്ദ്രമായ എരൂരിൽ പോലും വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നായിരുന്നു പരാതി. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പാർട്ടിക്കുള്ളിൽ നിന്നുതന്നെയായിരുന്നു പരാതികൾ വന്നത്. മുതിർന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മിഷൻ. തുടർഭരണം കിട്ടിയപ്പോഴും സ്വരാജിന്റെ തോൽവി സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.
അതേസമയം സിപിഎം നേതാക്കൾക്കെതിരെ കർശന നടപടികളിലേക്കാണ് പാർട്ടി കടന്നിരിക്കുന്നത്. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരേ കടുത്ത നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എൻ.സി. മോഹനനെ താക്കീത് ചെയ്യാനും ജില്ലാ നേതൃയോഗങ്ങളിൽ തീരുമാനിച്ചു. നേതാക്കൾ കുറ്റക്കാരാണെന്ന് വിലയിരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ജില്ല നേതൃയോഗങ്ങളിൽ ഇവരോട് വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിരുന്നു. അവർ നൽകിയ വിശദീകരണം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പിറവം മണ്ഡലത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെ സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും നീക്കി. തൃക്കാക്കരയിലെ പരാതികളുടെ അടിസ്ഥാനത്തിൽ കെ.ഡി. വിൻസെന്റിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനങ്ങളിൽനിന്നും നീക്കി. പിറവം മണ്ഡലത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലെ സെക്രട്ടറി അരുൺ സത്യകുമാറിനെ ചുമതലയിൽനിന്ന് നീക്കി. ചെള്ളാക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനനെ ശാസിക്കും. അതേസമയം തൃപ്പൂണിത്തുറയിൽ ഏരിയാ സെക്രട്ടറി പി.വാസുദേവൻ നടപടികളിൽനിന്ന് ഒഴിവാക്കപ്പെട്ടു. പെരുമ്പാവൂരിൽ കുറ്റാരോപിതരായിരുന്ന ഏരിയാ സെന്ററിലെ ആറുപേരിൽ ഒരാളെ ശാസിക്കും. സി.ബി.എം. ജബ്ബാറിനാണ് ശാസന.
തൃക്കാക്കര മണ്ഡലത്തിൽ പാർട്ടി സംവിധാനം ബോധപൂർവം ചലിപ്പിച്ചില്ലെന്ന പരാതിയിലുള്ള അന്വേഷണമാണ് സി.കെ. മണിശങ്കറിന്റെ നടപടിയിലേക്ക് എത്തിയത്. തൃക്കാക്കര മണ്ഡലം സെക്രട്ടറിയായിരുന്നു മണിശങ്കർ. ഏരിയാ സെക്രട്ടറി എന്ന നിലയിൽ ഉയർന്നു പ്രവർത്തിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെ.ഡി. വിൻസെന്റിനെതിരേ കടുത്ത നടപടി വന്നത്.
പാർട്ടിയുടെ ശക്തികേന്ദ്രമായ എരൂരിൽ പോലും വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നായിരുന്നു പരാതി. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പാർട്ടിക്കുള്ളിൽ നിന്നുതന്നെയായിരുന്നു പരാതികൾ വന്നത്. മുതിർന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മിഷൻ.
പിറവത്തും പെരുമ്പാവൂരും കേരള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പരാതികൾ പരിശോധിക്കാൻ സി.എം. ദിനേശ് മണി, പി.എം. ഇസ്മയിൽ എന്നിവരായിരുന്നു കമ്മിഷൻ. പിറവത്ത് സ്ഥാനാർത്ഥി നിർണയം മുതൽ സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കുറ്റത്തിനാണ് കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെതിരേ കർശന നടപടിയുണ്ടായത്. സ്ഥാനാർത്ഥി നിർണയത്തിനെതിരേ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. സ്ഥാനാർത്ഥി വന്നശേഷം വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല തുടങ്ങിയ നിരവധി ആരോപണങ്ങൾ ഷാജുവിനെതിരേ പാർട്ടിക്കു മുന്നിൽ ഉണ്ടായിരുന്നു. ഷാജുവിന് ഒപ്പം നിന്നതിനാണ് ഓഫീസ് സെക്രട്ടറി അരുൺ സത്യകുമാറിനെ മാറ്റിയത്.
പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയിൽനിന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണം വാങ്ങിയെന്ന ആരോപണമായിരുന്നു പ്രധാനമായി ഉണ്ടായിരുന്നത്. അവിടെ പാർട്ടി സംവിധാനം വേണ്ട രീതിയിൽ പ്രവർത്തിക്കാതിരുന്നതിനും വേണ്ട ജാഗ്രത പുലർത്താത്തതിലുമാണ് എൻ.സി. മോഹനനെ താക്കീത് ചെയ്യാൻ തീരുമാനിച്ചത്. സ്ഥാനാർത്ഥിയിൽ നിന്ന് പണം സ്വീകരിച്ചെങ്കിലും അത് വിനിയോഗിച്ചതിന്റെ കണക്കുകൾ ബോധിപ്പിക്കുകയും അറിയാതെ വന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ ഏരിയാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച നേതാക്കളെ നടപടിയിൽനിന്ന് ഒഴിവാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ