- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിൽ ഒന്നും രണ്ടും പറഞ്ഞ് അങ്കം കുറിച്ചു; സൈബർ തട്ടകത്തിലെ കളി ഇനി കാര്യമാകും; വി ടി ബൽറാമിൽ നിന്നും തൃത്താല തിരിച്ചു പിടിക്കാൻ സിപിഐ(എം) സ്വരാജിനെ രംഗത്തിറക്കിയേക്കും; ആവേശപ്പോരാട്ടത്തിന് കാതോർത്ത് വള്ളുവനാട്
പാലക്കാട്: കഴിഞ്ഞതവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൽ വി എസ് അച്യുതാനന്ദന് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള അവസരം കൈക്കുമ്പിളിൽ നിന്നാണ് വഴുതിപ്പോയത്. ഇങ്ങനെ സംഭവിക്കാൻ കാരണം സിപിഎമ്മിന്റെ കൈയിൽ നിന്നും തൃത്താലയെ പോലൊരു മണ്ഡലം വഴുതു പോയതാണ്. പരമ്പരാഗതമായി സിപിഐ(എം) മണ്ഡലമായ തൃത്താലയിൽ രാഹുൽ ഗാന്ധിയുടെ അനുഗ്രഹാശിസുകള
പാലക്കാട്: കഴിഞ്ഞതവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൽ വി എസ് അച്യുതാനന്ദന് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള അവസരം കൈക്കുമ്പിളിൽ നിന്നാണ് വഴുതിപ്പോയത്. ഇങ്ങനെ സംഭവിക്കാൻ കാരണം സിപിഎമ്മിന്റെ കൈയിൽ നിന്നും തൃത്താലയെ പോലൊരു മണ്ഡലം വഴുതു പോയതാണ്. പരമ്പരാഗതമായി സിപിഐ(എം) മണ്ഡലമായ തൃത്താലയിൽ രാഹുൽ ഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ മത്സരിക്കാൻ എത്തിയ ബൽറാം വെന്നിക്കൊടി പാറിച്ചത് മൂവായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ഭൂരിപക്ഷം പഞ്ചായത്തുകളും സിപിഐ(എം) ഭരിച്ചിട്ടും എംഎൽഎയായി ബൽറാം അട്ടിമറി വിജയം നേടി. മമ്മിക്കുട്ടിയെന്ന സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് കോൺഗ്രസിലെ യുവരക്തം വിജയം വരിച്ചത്. ഇവിടെ ഒരു കോൺഗ്രസ് നേതാവ് ജനനം കൊള്ളുകയായിരുന്നു. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരു യുവലീഡറിന്റെ പിറവി.
ആ തിരഞ്ഞെടുപ്പിൽ ബൽറാമിനെ വ്യത്യസ്തനാക്കിയ നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നു. ആം ആദ്മി പോലും സോഷ്യൽ മീഡിയ വഴി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം പിരിക്കുകയും അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യും മുമ്പ് ബൽറാം ഫേസ്‌ബുക്കിനെ തിരഞ്ഞെടുപ്പ് രംഗത്ത് സമർത്ഥമായി ഉപയോഗിച്ചു. ഇന്നത്തെ പോലെ എല്ലാ രാഷ്ട്രീയക്കാരും ഫേസ്‌ബുക്കിൽ സജീവമായിരുന്നില്ല അന്ന്. ഫേസ്‌ബുക്കിനെ എങ്ങനെ ജനങ്ങളുമായി സംവദിക്കാൻ അവസരമൊരുക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു ബൽറാം. യുവത്വത്തിന്റെ പ്രസരിപ്പു കൂടിയായപ്പോൾ ബൽറാം അട്ടിമറി വിജയം തന്നെ നേടി.
വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം വരികയാണ്. സിപിഐ(എം) കൈയിൽ നിന്നും വഴുതിപ്പോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലുമാണ്. എന്നാൽ, പഴയതു പോലെയല്ല, കാര്യങ്ങൾ അട്ടിമറി വിജയം നേടിയ ബൽറാം ആ മണ്ഡലത്തിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. കൂടുതൽ പക്വതയും നിലപാടുകൾ ഊന്നിപ്പറയുകയും ചെയ്യുന്ന നേതാവായി ബൽറാം. ഇതോടെ അധികാരം തിരിച്ചു പിടിക്കാൻ അനിവാര്യമായ തിരിച്ചുപിടിക്കലായി തൃത്താലയും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മാറിയിട്ടുണ്ട്. എന്തായാലും, ബൽറാമിന് പറ്റിയ എതിരാളിയെ തേടിയുള്ള സിപിഎമ്മിന്റെ അന്വേഷണം എത്തി നിൽക്കുന്നത് മറ്റൊരു യുവനേതാവിലാണ്. ബൽറാമിൽ നിന്നും മണ്ഡലം തിരിച്ചു പിടിക്കാൻ വേണ്ടി എം സ്വരാജിനെ രംഗത്തിറക്കാനാണ് സിപിഐ(എം) ആലോചിക്കുന്നത്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ എം സ്വരാജെന്ന യുവനേതാവിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് പാർട്ടി കരുതുന്നത്. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഏകദേശ ധാരണ പാർട്ടിക്കുള്ളിൽ ആയിട്ടുമുണ്ട്. തൃത്താലയിൽ മത്സരിക്കാൻ റെഡിയായിരിക്കാൻ സ്വരാജിനോട് നിർദ്ദേശിച്ചതോടെയാണ് വി ടി ബൽറാമിനെ വിമർശിച്ച് സ്വരാജ് നേരത്തെ രംഗത്തത്തിയിരുന്നത്. ഫേസ്‌ബുക്കിലൂടെ ഇവർ അങ്കം കുറിക്കുകയും ഉണ്ടായി. പിണറായി വിജയന്റെ നവകേരള യാത്രയെ വിമർശിച്ചതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിൽ ഫേസ്‌ബുക്കിലൂടെ തുടർച്ചയായി ഏറ്റുമുട്ടിയത്. പരസ്പ്പരം ലേഖനങ്ങളിലൂടെ ഇവർ ഏറ്റുമുട്ടിയപ്പോൾ വിജയിച്ചത് ആരാണെന്ന് ചോദ്യം ഇപ്പോഴും ബാക്കിയാണ്.
പക്ഷേ, ഫേസ്‌ബുക്കിൽ അങ്കം മുറുകുന്ന വേളയിൽ തന്നെ ബൽറാം സ്വരാജിനെ എതിരാളിയായി കണ്ടിരുന്നു. സ്വരാജ് മത്സരിക്കാനാണ് പദ്ധതിയിടുന്നതെന്ന കാര്യം ഫേസ്‌ബുക്കിൽ തന്നെ ബൽറാം കുറിക്കുകയും ചെയ്തു. എന്തായാലും ഫേസ്‌ബുക്കിന് അപ്പുറത്തേക്ക് ജനകീയ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ആർക്കാകും വിജയമെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. യുവനേതാക്കൾ നേരിട്ട് ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറും എന്ന കാര്യം ഉറപ്പാണ്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അടക്കം ഇരുപതിലേറെ ഡിവൈഎഫ്‌ഐ നേതാക്കളെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കുന്നത്. 40 ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയുള്ള സ്ഥാനാർത്ഥി പട്ടികയായിരിക്കും സിപിഐ(എം) തയാറാക്കുക. ഒന്നാം പേരുകാരനായ എൻ.എൻ. കൃഷ്ണദാസ് സുരക്ഷിത മണ്ഡലം തേടിയാൽ പാലക്കാട് സീറ്റിൽ ഷാഫി പറമ്പിലിനെ നേരിടാൻ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് നിതിൻ കണിച്ചേരിക്കായിരിക്കും നിയോഗം.
തിരുവനന്തപുരത്താണ് ഡിവൈഎഫ്‌ഐ നേതാക്കളെ കൂടുതലായി പരിഗണിക്കുന്നത്. സംസ്ഥാന ട്രഷറർ കെ.എസ്. സുനിൽകുമാർ, വൈസ് പ്രസിഡന്റ് പി.ബിജു, ജില്ലാ ജോയിന്റ് സെക്രട്ടറി ബെൻ ഡാർവിൻ എന്നിവർ വിവിധ മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയിലുണ്ട്. സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് കല്യാശേരിയിലും ആർ.രാജേഷ് മാവേലിക്കരയിലും വീണ്ടും ജനവിധി തേടും. മറ്റുജില്ലകളിലെ വിവിധ മണ്ഡലങ്ങളിലേക്ക് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എൻ. ഷംസീർ, വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യു, മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്ള നവാസ്, സംസ്ഥാന സമിതിയംഗം സോഫിയ മെഹർ, ആലപ്പുഴ ജില്ലാസെക്രട്ടറി മനു സി.പുളിക്കൻ, കോട്ടയം ജില്ലാ സെക്രട്ടറി കെ.രാജേഷ് എന്നിവരും പരിഗണനയിലുണ്ട്.



