തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശവിഷയത്തിൽ ഹൈന്ദവ സംഘടനകളൂടെ നേതൃത്വത്തിൽൽ വലിയ പ്രക്ഷോഭങ്ങൾ നടക്കവേ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന രീതിയിൽ സിപിഎം നേതാവ് എം സ്വരാജിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. വിശ്വാസികളോട് തർക്കത്തിനോ ഏറ്റുമുട്ടലിനോ ഇല്ലെന്ന് വ്യക്താമക്കുന്ന സ്വരാജ് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസസാനിച്ചുവെന്ന് വിശ്വസിച്ചാൽ തീരാവുന്ന പ്രശ്നമാണ് ഇതെന്ന് ചൂണ്ടിക്കാട്ടുന്നു.

'ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് നട തുറന്നപ്പോൾ കന്നി അയ്യപ്പനും ഇല്ല ഗുരുസ്വാമിയും ഇല്ല ആരുമില്ല. മുഴുവൻ പ്രളയമാണ്. അങ്ങനെ കന്നി അയ്യപ്പൻ മല ചവിട്ടാത്തതിനാൽ വ്യവസ്ഥ പ്രകാരം മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കണം. വാക്ക് പറഞ്ഞാൽ പാലിക്കുന്ന അയ്യപ്പൻ ഓഗസ്റ്റ് 18ന് വിവാഹം കഴിച്ചു ബ്രഹ്മചര്യം തീർന്നു. ഇനി സ്ത്രീകൾക്ക് പ്രവേശിക്കാം. കാര്യങ്ങൾ ഇങ്ങനെ ആയത്‌കൊണ്ട് ജഡ്ജി ദീപക് മിശ്രയെക്കൊണ്ട് തന്റെ ഹിത പ്രകാരം അയ്യപ്പൻ വിധി എഴുതിച്ചു. അങ്ങനെ വിശ്വസിച്ചാൽ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂവെന്ന് സ്വരാജ് ചോദിക്കുന്നു. സിപിഎം പ്രവർത്തകർ ഷെയർ ചെയ്യുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ്.

സ്വരാജിന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്:

'നൈഷ്ഠിക ബ്രഹ്മചാരിയെന്നതിന്റെ എന്നതിന്റെ അർഥം മനസ്സിലാക്കാൻ ഞാൻ ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദാവലി എടുത്ത് പരിശോധിച്ചു. നൈഷ്ഠിക ബ്രഹ്മചര്യം എന്നു വച്ചാൽ ജീവിതാവസാനം വരെ ബ്രഹ്മചര്യം എന്നാണ്. അല്ലാതെ ഇടയ്ക്ക് വച്ച് നിർത്തുന്ന ഒന്നല്ല. ഇടയ്ക്ക് വച്ച് വിവാഹം കഴിക്കുന്നതല്ല. അങ്ങനെ നോക്കുമ്പോൾ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ല. ഇനിയുള്ള എന്റെ പ്രസംഗം വിശ്വാസികളോടാണ്.

വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നു. വിശ്വാസത്തെ മുറുകെപ്പിടിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. വിശ്വാസികളോട് തർക്കത്തിനോ ഏറ്റുമുട്ടലിനോ ഇല്ല. പക്ഷേ അയ്യപ്പൻ ബ്രഹ്മചാരിയല്ല. നമ്മളെല്ലാം വിശ്വസിക്കുന്ന അയ്യപ്പനെക്കുറിച്ച് നാം വിശ്വസിക്കുന്ന ഐതിഹ്യം എന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നതായിരുന്നു. കുമാരി മാളികപ്പുറത്തമ്മ ഇങ്ങോട്ട് വരരുത് ഞാൻ നൈഷഠിക ബ്രഹ്മചാരിയാണ് എന്നാണോ അയ്യപ്പൻ പറഞ്ഞത്.

അങ്ങനെ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നല്ല അയ്യപ്പൻ പറഞ്ഞത്. കാത്തിരിക്കൂ എന്നാണ് അയ്യപ്പൻ പറഞ്ഞത്. നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ പണ്ട് പറഞ്ഞത് പോലെ ഞാൻ പിഎസ്‌സി പരീക്ഷ എഴുതിയിട്ടുണ്ട് കാത്തിരിക്കൂ എന്നത് പോലെ ഒരു വ്യവസ്ഥ. കന്നി അയ്യപ്പൻ മലകയറാത്ത ഒരു സാഹചര്യം വന്നാൽ കല്യാണം കഴിക്കാം എന്നാണ്. നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കിൽ അങ്ങനെ പറയുമോ? നൈഷ്ടിക ബ്രഹ്മചാരിയാണെങ്കിൽ അതല്ലേ പറയേണ്ടത് വണ്ടി വിട്ടോ കാത്തിരിക്കണ്ട എന്ന്. പക്ഷേ കന്നി അയ്യപ്പൻ വന്നില്ലെങ്കിൽ കെട്ടിക്കോളാം എന്നാണ് വാക്ക്. അത് വാക്ക് ആണ്. കേട്ടിട്ട് എത്രകാലമായി മാളികപ്പുറത്തമ്മ അപ്പുറത്ത് കാത്തിരിപ്പ് തുടങ്ങിയിട്ട്.

വിശ്വാസികളുടെ വിശ്വാസത്തിന് ഒരു പോറൽ പോലും ഏൽക്കാതെയാണ് ഈ കാര്യം പറയുന്നത്. കോടതി വിധി പോലും വിശ്വാസികൾക്ക് സ്വീകാര്യമാണ്. വിശ്വാസത്തെ അടിവരയിടുന്നതാണ്. അപ്പോ മാളികപ്പുറത്തമ്മ കാത്തിരിക്കുന്നു. ഓരോ വർഷവും കന്നി അയ്യപ്പന്മാർ നിരവധിയാണ് വരുന്നത്. പത്ത് വർഷവും ഇരുപത് വർഷവും ഒക്കെ പോയവരും ഗുരുസ്വാമിമാരുമൊക്കെ നിരവധിയാണ്. കന്നി അയ്യപ്പൻ അതവാ നവാഗതർ നിരവധി ഓരോ വർഷവും കടന്ന് വരുന്നുണ്ട ശബരിമലയിലേക്ക്.

ഓരോ ദിവസവും വരുന്നത് നിരവധി പേരാണ്. മാളികപ്പുറത്തമ്മയുടെ പ്രതീക്ഷ ഓരോ ദിവസവും അങ്ങനെ തുടരുകയാണ്. അയ്യപ്പനും പ്രതീക്ഷയുണ്ട് കാരണം കൊടുത്ത വാക്കാണ്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ദുഃഖം സഹിക്കാൻ വയ്യാതെ മാളികപ്പുറത്തമ്മ കരഞ്ഞു. ആ കണ്ണുനീരിങ്ങനെ നിറഞ്ഞ് നിറഞ്ഞ് അത് അവസാനം ഒരു മഹാപ്രളയമായി. അങ്ങനെയാണ് കേരളത്തിൽ പ്രളയമുണ്ടായത്. ആ പ്രളയം വന്നപ്പോൾ അച്ചൻകോവിലാറ്റിലും മീനച്ചലാറ്റിലും ആലുവാപ്പുഴയിലും അങ്ങനെ അങ്ങനെ പമ്പയിലും വെള്ളം പൊങ്ങി. ഓഗസ്റ്റ് 15ന് ആണ് പ്രളയം വന്നത്. 16ന് മഴ കൂടുതൽ കനത്തു. പമ്പയിലും വെള്ളം പൊങ്ങി. അങ്ങനെ ശബരിമലയിൽ ആർക്കും കയറാൻ വയ്യാത്ത സാഹചര്യം വന്നു. ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് നട തുറന്നപ്പോൾ കന്നി അയ്യപ്പനും ഇല്ല ഗുരുസ്വാമിയും ഇല്ല ആരുമില്ല. മുഴുവൻ പ്രളയമാണ്.

അങ്ങനെ കന്നി അയ്യപ്പൻ മല ചവിട്ടാത്തതിനാൽ വ്യവസ്ഥ പ്രകാരം മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കണം. വാക്ക് പറഞ്ഞാൽ പാലിക്കുന്ന അയ്യപ്പൻ ഓഗസ്റ്റ് 18ന് വിവാഹം കഴിച്ചു ബ്രഹ്മചര്യം തീർന്നു. ഇനി സ്ത്രീകൾക്ക് പ്രവേശിക്കാം. കാര്യങ്ങൾ ഇങ്ങനെ ആയത്‌കൊണ്ട് ജഡ്ജി ദീപക് മിശ്രയെക്കൊണ്ട് തന്റെ ഹിത പ്രകാരം അയ്യപ്പൻ വിധി എഴുതിച്ചപ്പോൾ സ്ത്രീകൾക്ക് പ്രവേശിക്കാം. അങ്ങനെ വിശ്വസിച്ചാൽ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ. ഈ പറഞ്ഞതിൽ എന്തെങ്കിലും യുക്തിയില്ലായ്മയുണ്ടോ? യുക്തി ഇല്ലാത്ത എത്രയോ കാര്യങ്ങൾ നമ്മൾ വിശ്വസിക്കുന്നു. സുപ്രീം കോടതി വിധി യുക്തിപരമാണ് എന്ന് ഈ പശ്ചാത്തലത്തിൽ അങ്ങ് വിശ്വസിച്ചാൽ തീരാവുന്ന പ്രശ്‌നമല്ലേ ഉള്ളൂ'.