തലശ്ശേരി ബ്രണ്ണൻ കോളജിലെ സാം മാത്യു എഴുതി ആര്യ ദയാൽ ആലപിച്ച കവിതയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കവിതയെ എതിർത്തും ഐക്യദാർഢ്യം പ്രക്യാപിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ നവമാദ്ധ്യമങ്ങളിൽ വൈറൽ ആയ കവിതയെ വിമർശിക്കുന്നവർക്കെതിരെ എം.സ്വരാജ് എംഎൽഎയും. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് വിമർശിക്കുന്നവർക്ക് സ്വരാജ് മറുപടി നൽകിയിരിക്കുന്നത്. സൂക്ഷിക്കുക, ബുദ്ധിജീവികൾ ദേഷ്യത്തിലാണ് എന്ന തലക്കെട്ടോടെയാണ് ഫോസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഹൃദയത്തെ തൊടുന്ന ഹൃദയം കൊണ്ടെഴുതിയ കവിതയാണ് സഖാവ്. എനിക്കേറെ ഇഷ്ടമായ കവിതയാണ് ഇതെന്ന് വളച്ചുകെട്ടലില്ലാതെ പറയാം. സെമസ്റ്റർ പരീക്ഷയുടെ കാലത്തുകൊല്ലപ്പരീക്ഷ എന്നു കവിതയിൽ പറയാൻ പാടുണ്ടോ എന്നൊക്കെ എഴുതാൻ ധൈര്യം കാണിച്ച പരമ പണ്ഡിതന്മാരെ പ്രത്യേക ഇനമായി കണ്ട് സംരക്ഷിക്കേണ്ടതാണെന്നു സ്വരാജ് പോസ്റ്റിൽ പറയുന്നു.

വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമയുന്ന മാന്യന്മാരും വിപ്ലവമെന്നു കേൾക്കുമ്പോൾ തന്നെ അജീർണം വരുന്നവരും പക്ഷെ ഇവിടെ കൈ കോർത്തു പിടിച്ച് ആക്രോശിക്കുന്നു. രോഷം കൊള്ളുന്നു. നിലവിളിക്കുന്നു. പൈങ്കിളി, പൈങ്കിളി എന്ന് വിലപിക്കുന്നു. പൂമരങ്ങൾ വെട്ടാൻ കയ്യിൽ കോടാലിയും കഴുത്തറുക്കാൻ കത്തിയും, വിഷം നിറച്ച പേനയുമായി കടന്നു വരുന്ന പരമ മാന്യന്മാർ ഒന്നോർക്കണം. ഇലയും പൂവും മഴയും കാറ്റും കിളിയും വാക്കും എല്ലാമെല്ലാം കാമ്പസിലുണ്ട്. നെഞ്ചുയർത്തി നിന്ന നേരുകളും തലകുനിക്കാത്ത നിഷേധികളും ജയിലിലായ പോരാളികളുമുണ്ട്. അവിടങ്ങളിൽ കവിതകൾ പിറന്നില്ലെങ്കിൽ പിന്നെവിടെയാണതു പിറക്കുകയെന്ന് സ്വരാജ് ചോദിക്കുന്നു.

സ്വരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം......


സൂക്ഷിക്കുക , 'ബുദ്ധിജീവികൾ ' ദേഷ്യത്തിലാണ്. ...

ഇപ്പോൾ പരക്കെ ചർച്ച ചെയ്യപ്പെടുന്ന സഖാവെന്ന കവിത കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് എനിക്കയച്ചു തന്നത്. കാമ്പസുകളാകെ ഈ കവിത ഏറ്റു പാടുന്നതായാണ് അറിയുന്നത്. കുരീപ്പുഴയുടെ 'ജെസ്സി' പോലെ ഈ കവിതയും ക്യാമ്പസിൽ വേരുകളാഴ്‌ത്തി ആകാശത്തിന്റെ അപാര വിസ്തൃതിയിലേക്ക് ശിരസുയർത്തി നിൽക്കുന്ന മഹാ വൃക്ഷമായി വളർന്നു കഴിഞ്ഞിരിക്കുന്നു.

ഹൃദയത്തെ തൊടുന്നതാണ് ആ കവിത. ഹൃദയം കൊണ്ടെഴുതിയതാണ് ആ കവിത. കവിത ചൊല്ലിയ പെൺകുട്ടി ആ കവിതയുടെ ഭാവത്തെ ഹൃദ്യമായിത്തന്നെ ആവിഷ്‌കരിച്ചു. വളച്ചുകെട്ടലുകളില്ലാതെ പറയട്ടെ എനിക്കേറെ ഇഷ്ടമായി. എന്നാൽ കവിതയെക്കുറിച്ച് ചില 'ബുദ്ധിജീവികൾ ' എഴുതിയ ഹിമാലയൻ നിരൂപണങ്ങൾ ഭയാനകമെന്നു പറയാതെ വയ്യ. വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമയുന്ന മാന്യന്മാരും, വിപ്ലവമെന്നു കേൾക്കുമ്പോൾ തന്നെ അജീർണം വരുന്നവരും പക്ഷെ ഇവിടെ കൈ കോർത്തു പിടിച്ച് ആക്രോശിക്കുന്നു ... രോഷം കൊള്ളുന്നു.... നിലവിളിക്കുന്നു..... പൈങ്കിളി... പൈങ്കിളി... എന്ന് വിലപിക്കുന്നു.

ഈ കവിതയിൽ വിപ്ലവം പോര. കനൽ, കത്തി, ചോര തുടങ്ങിയ വാക്കുകളില്ലാത്തതിനാൽ മൂർച്ചയില്ല. സാമൂഹ്യ പ്രതിബദ്ധതയില്ല. ചുരുങ്ങിയ പക്ഷം പീത പുഷ്പങ്ങൾ എന്നത് രക്തപുഷ്പമെന്നെങ്കിലും ആക്കാമായിരുന്നു..... എന്ന സ്‌റ്റൈലിലാണ് പണ്ഡിതരുടെ വിമർശനം. മരണക്കിടക്കയിൽ വച്ച് കാറൽ മാർക്‌സ് ആവശ്യപ്പെട്ടത് ബിഥോവന്റെ ഒരു സിംഫണി കേൾക്കണമെന്നായിരുന്നു. ദാസ് കാപ്പിറ്റലിന്റെ ഒരു പാരഗ്രാഫ് വായിച്ചു കേൾക്കണമെന്നായിരുന്നില്ല. അക്കാരണം കൊണ്ട് 'യാഥാർത്ഥ വിപ്ലവ സിംഹങ്ങൾ' മാർക്‌സിന് വിപ്ലവം പോരെന്ന് തീർപ്പാക്കുകയും അദ്ദേഹത്തെ മരണാനന്തരം തൂക്കിലേറ്റാൻ വിധിക്കുകയും ചെയ്യുമോ ആവോ. 'A real revolutionery is guided by the strong feeling of Love ' എന്നെഴുതിയ ചെ ഗുവേരയ്ക്കും 'യഥാർത്ഥ വിപ്ലവകാരികൾ' എന്തെങ്കിലും ശിക്ഷ വിധിക്കാതിരിക്കില്ല... !

ഒരു കഥ വായിക്കുമ്പോൾ , ഒരു കവിത കേൾക്കുമ്പോൾ, അല്ലെങ്കിൽ ഒരു സിനിമ കാണുമ്പോൾ ..... നമ്മുടെ മനസിൽ സ്‌നേഹത്തിന്റെ , ആർദ്രതയുടെ , കാരുണ്യത്തിന്റെ , കരുതലിന്റെ , പ്രതീക്ഷയുടെ ... ഒക്കെ ചെറിയൊരു പ്രകാശം പരക്കുന്നുണ്ടെങ്കിൽ അതാണ് ഉത്തമ സാഹിത്യവും കലയുമെന്ന് മനസിലാക്കാൻ ചിലർ ഇനിയുമേറെ യാത്ര ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരു കോളേജ് വിദ്യാർത്ഥി എഴുതി മറ്റൊരു കോളേജ് വിദ്യാർത്ഥിനി ചൊല്ലിയ ഒരു പത്തുവരി കവിത ചിലരെ ഇത്രമാത്രം അസ്വസ്ഥരും , നിദ്രാ വിഹീനരുമാക്കി മാറ്റിയെങ്കിൽ അതാണ് ഈ കവിതയുടെ കരുത്ത്. വിമർശകരുടെ ബ്രഹ്മാണ്ഡ നിരൂപണങ്ങളെയും , ആക്ഷേപ സമാഹാരങ്ങളെയുമൊക്കെ സഹതാപത്തോടെ അവഗണിച്ചു കൊണ്ട് കേരളീയ കലാലയങ്ങൾ ഈ കവിത നെഞ്ചേറ്റുമെന്ന് എനിക്കുറപ്പാണ്.

ഇത് ലോകത്തിലെ ഏറ്റവും മഹത്തായ കവിതയായതുകൊണ്ടല്ല. മറിച്ച് കേരളീയ കലാലയങ്ങളിലെ സർഗ്ഗാത്മകവും ക്ഷുഭിതവുമായ യൗവ്വനത്തെ ലളിതമായി, മിഴിവാർന്ന നിറങ്ങളാൽ ഹൃദയങ്ങളിലെഴുതി വെക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഈ കവിത കലാലയമേറ്റു പാടുന്നത്.
സെമസ്റ്റർ പരീക്ഷയുടെ കാലത്തുകൊല്ലപ്പരീക്ഷ എന്നു കവിതയിൽ പറയാൻ പാടുണ്ടോ എന്നൊക്കെ എഴുതാൻ ധൈര്യം കാണിച്ച പരമ പണ്ഡിതന്മാരെ പ്രത്യേക ഇനമായി കണ്ട് സംരക്ഷിക്കേണ്ടതാണ്. ഇപ്പോൾ പൂമരങ്ങൾ വെട്ടിക്കളയണമെന്ന് ആക്രോശിക്കുന്നവരും അവരുടെ മുൻഗാമികളും എത്ര അദ്ധ്വാനിച്ചിട്ടും പൂക്കളും പൂക്കാലവും ബാക്കിയായെന്നോർക്കണം. വെട്ടേറ്റു വീണ പൂമരങ്ങളൊക്കെയും കുറ്റിയിൽ നിന്നും തളിർത്തു വളരുമെന്നും കൊല്ലപ്പെട്ട ഓരോ കുട്ടിയിൽ നിന്നും കണ്ണുകളുള്ള തോക്കുകൾ ജനിക്കുമെന്നും കാലം തെളിയിച്ചതാണ്.

പൂമരങ്ങൾ വെട്ടാൻ കയ്യിൽ കോടാലിയും കഴുത്തറുക്കാൻ കത്തിയും, വിഷം നിറച്ച പേനയുമായി കടന്നു വരുന്ന പരമ മാന്യന്മാരെ ഒരു നിമിഷം കണ്ണു തുറന്നൊന്നു നോക്കുക.... കാതോർക്കുക.... ഇലയും പൂവും മഴയും കാറ്റും കിളിയും വാക്കും എല്ലാമെല്ലാം കാമ്പസിലുണ്ട് . നെഞ്ചുയർത്തി നിന്ന നേരുകളും , തലകുനിക്കാത്ത നിഷേധികളും , ജയിലിലായ പോരാളികളുമുണ്ട് .....
അവിടങ്ങളിൽ കവിതകൾ പിറന്നില്ലെങ്കിൽ പിന്നെവിടെയാണതു പിറക്കുക ....?