തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ പ്രതിപക്ഷം നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ പരിഹസിച്ച് എം സ്വരാജ് എംഎൽഎ. സമരം പുറത്തേക്കു വ്യാപിപ്പിക്കുന്നു എന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയ സാഹചര്യത്തിൽ എന്തിനാണു നിരാഹാരസമരം അവസാനിപ്പിച്ചതെന്നു സ്വരാജ് ചോദിച്ചു.

ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെയുള്ള നിരാഹാരത്തിനായാണോ ബൽറാം ആവേശത്തോടെ തുടക്കം കുറിച്ചത്? 'നാണം കെട്ടുപിരിയണം' എന്ന ഗ്രൂപ്പ് താൽപര്യത്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിനെന്നും സ്വരാജ് ഫേസ്‌ബുക്കിലെ പോസ്റ്റിലൂടെ ചോദിച്ചു.

നേരത്തെയുള്ള കലണ്ടർ പ്രകാരം നാളെ കഴിഞ്ഞാൽ 17 ന് മാത്രമ സഭ ഉണ്ടായിരുന്നുള്ളൂ. സഭ ഇല്ലാത്ത സാഹചര്യത്തിൽ നിരാഹാരം വേണ്ടെന്നാണെങ്കിൽ നാളെ അവസാനിപ്പിക്കാനിരുന്ന നിരാഹാര സമരമാണോ വി ടി ബൽറാം ആവേശത്തോടെ തുടങ്ങിയത്. സമരം നടത്താനും നിർത്താനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചുകൊണ്ടാണ് ഈ സംശയങ്ങൾ ഇവിടെ കുറിക്കുന്നതെന്ന് സ്വരാജ് വ്യക്തമാക്കുന്നു.