തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും ബിജെപിയിലെത്തുമെന്ന് എം ടി രമേശ്. കോൺഗ്രസ് നേതാക്കളിൽ പലരും ബിജെപിയുമായി ബന്ധപ്പെടുന്നുണ്ട്. ബിജെപിയിൽ പോകുകയല്ലാതെ മറ്റൊരു വഴിയില്ല എന്ന് ചിന്തിക്കുന്നവർ കോൺഗ്രസിന് അകത്തുണ്ടെന്നും രമേശ് പ്രതികരിച്ചു. അടുത്ത മാസത്തോടെ ചർച്ചകൾ പൂർത്തിയായി തീരുമാനമാകുമെന്നും രമേശ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങൾക്ക് രൂപം നൽകുമെന്നും രമേശ് പറഞ്ഞു. ശോഭാ സുരേന്ദ്രനും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിൽ നിലനിൽക്കുന്ന ഉൾപാർട്ടി തർക്കത്തിലെ തന്റെ നിലപാടും രമേശ് വ്യക്തമാക്കി. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ പരാതി പരിഹരിക്കുകയാണ് വേണ്ടതെന്നും അവർ ബിജെപി വിരുദ്ധരല്ലെന്നും രമേശ് പ്രതികരിച്ചു.

ഏതെങ്കിലും ഒരു ഘട്ടത്തിൽ ആർക്കെങ്കിലും ഒരു പരാതിയുണ്ടായെങ്കിൽ ആ പരാതി പരിഹരിക്കുകയാണ് വേണ്ടത്. അവരാരും ബിജെപി വിരുദ്ധരല്ല. ബിജെപിക്ക് വേണ്ടിത്തന്നെയാണ് എല്ലാവരും പ്രവർത്തിച്ചത്. പ്രവർത്തനത്തിൽ ഏറ്റക്കുറച്ചിലുണ്ടാകും. ചിലർക്ക് ചില പ്രയാസങ്ങളുണ്ടാകാം. ആ പ്രയാസങ്ങൾ പരിഹരിക്കുക എന്നതാണ് പാർട്ടി നേതൃത്വം ചെയ്യേണ്ടത്.

കേരളത്തിലെ പാർട്ടി ഘടകങ്ങളുടെ ഭാരവാഹിത്വവും ചുമതലയുമൊക്കെ നിശ്ചയിക്കുന്നത് കേരളത്തിൽ മാത്രമല്ല. അത് കേന്ദ്രനേതൃത്വം കൂടിയാണ്. സ്വാഭാവികമായും ഓരോരുത്തരുടേയും പ്രയാസങ്ങളും അസ്വസ്ഥതകളും സൂചിപ്പിച്ചിട്ടുണ്ടാകും. അതിൽ കേന്ദ്ര നേതൃത്വം ചെയ്യേണ്ടത് അവർ ചെയ്യും. കേരളത്തിൽ ചെയ്യേണ്ടത് സംസ്ഥാന നേതൃത്വം ചെയ്യുമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.