- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമറ: കലയും കാലവും
'You dont take a photograph, you make it' Ansel Adams 'യാഥാർഥ്യത്തിന്റെ ഒരു തന്മാത്ര പിടിച്ചെടുക്കാനാണ് എന്റെ ശ്രമം' ('I want only to capture a minute part of realtiy') എന്ന് പറഞ്ഞത് വിഖ്യാത ഫോട്ടോഗ്രാഫറായ ഹെന്റി കാർട്ടിയർ ബ്രസൺ ആണ്. ആൻസൽ ആഡംസിനെപ്പോലെ, റോബർട്ട് കാപ്പയെപ്പോലെ, രഘുറായിയെപ്പോലെയൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫിയുടെ തലത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ച മലയാളികളില്ല. ചെറുനിലകളിൽ ത
'You dont take a photograph, you make it' Ansel Adams
'യാഥാർഥ്യത്തിന്റെ ഒരു തന്മാത്ര പിടിച്ചെടുക്കാനാണ് എന്റെ ശ്രമം' ('I want only to capture a minute part of realtiy') എന്ന് പറഞ്ഞത് വിഖ്യാത ഫോട്ടോഗ്രാഫറായ ഹെന്റി കാർട്ടിയർ ബ്രസൺ ആണ്. ആൻസൽ ആഡംസിനെപ്പോലെ, റോബർട്ട് കാപ്പയെപ്പോലെ, രഘുറായിയെപ്പോലെയൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫിയുടെ തലത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ച മലയാളികളില്ല.
ചെറുനിലകളിൽ താരപദവി കൈവരിച്ച ചില ചലച്ചിത്ര-സ്റ്റിൽ കാമറാമാന്മാരും പത്രഫോട്ടോഗ്രാഫർമാരും ഉണ്ടെന്നതൊഴിച്ചാൽ ഈ രംഗത്ത് കേരളത്തിന് ദേശീയതലത്തിലെങ്കിലും അഭിമാനിക്കാവുന്നവരായി ആരുമില്ല. ഇന്നിപ്പോൾ ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ കാലത്ത് വന്യജീവി ഫോട്ടോഗ്രഫിയിലും മറ്റും ദേശീയ ശ്രദ്ധ നേടുന്ന ചിലരൊഴിച്ചാൽ മലയാളികളുടെ സാന്നിധ്യം തീരെ ദൃശ്യമല്ലതന്നെ.
എങ്കിലും ഇതാ രണ്ടു ഫോട്ടോഗ്രാഫർമാർ മലയാളിയുടെ രണ്ടു ജനപ്രിയ സാംസ്‌കാരിക ബിംബങ്ങളെ കാലങ്ങളോളം തങ്ങളുടെ കാമറയുമായിപിന്തുടർന്ന് രചിച്ച ദൃശ്യജീവചരിത്രങ്ങൾപോലെ രണ്ടു പുസ്തകങ്ങൾ-അഥവാ ഫോട്ടോ ആൽബങ്ങൾ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. 'എം ടി.യുടെ കാലം' എന്ന പേരിൽ പുനലൂർ രാജനും 'യേശുദാസ്: ഒപ്പം നടന്ന കാമറ' എന്ന പേരിൽ പി. ഡേവിഡുമാണ് മലയാളത്തിൽ തീരെ പരിചിതമല്ലാത്ത ഈയൊരു മേഖലയിൽ ശ്രദ്ധേയമായ ചുവടുകൾ വയ്ക്കുന്നത്.
ഫോട്ടോഗ്രഫിയുടെ ചരിത്രം, ബ്ലാക്ക് ആൻഡ് വൈറ്റ്, സ്റ്റിൽ തലങ്ങളിൽ നിന്ന് കളർ, വീഡിയോ, ഡിജിറ്റൽ തലങ്ങളിലേക്കു നടത്തിയ വൻ കുതിപ്പിന്റെ സാങ്കേതിക-കലാരേഖയാകുന്നു, ഇരുപതാം നൂറ്റാണ്ടുതന്നെയും. നിശ്ചല-ചലന ചിത്രങ്ങൾ, ബ്ലാക്ക് ആൻഡ് വൈറ്റ്-കളർ ചിത്രങ്ങൾ എന്നീ ദ്വന്ദ്വങ്ങൾ അവയുടെ കലാപരതയിലും സൗന്ദര്യപരതയിലും ഇന്നും തുടരുന്ന ഒരു തർക്കജീവിതമുണ്ട്. ഭാവപ്രതീതിയിൽ, യാഥാർഥ്യനിഷ്ഠതയിൽ, അർഥദ്യോതനത്തിൽ ഒക്കെ ഈ തർക്കം നിലനിൽക്കുന്നു.
ഇ.എം.എസ്, വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി എന്നിവരാണെന്നു തോന്നുന്നു, ബഹുജന മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുള്ള ആധുനിക മലയാളികൾ. പത്രഫോട്ടോഗ്രാഫർമാരാകട്ടെ, അമച്വർ ഫോട്ടോഗ്രാഫർമാരാകട്ടെ, നിശ്ചലച്ചിത്രങ്ങളിൽ ജീവിതം സംഭരിച്ചുവയ്ക്കുന്ന കലാകാരരാണ് മികച്ച ഫോട്ടോഗ്രാഫർമാരെന്നു തെളിയിക്കുന്നു, ഈ പുസ്തകങ്ങൾ രണ്ടും.
(ഒരു ഫോട്ടോഗ്രാഫറെ നായകനാക്കി അടുത്ത കാലത്തിറങ്ങിയ 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിൽ, താൻ കടയിലേക്കു പോകുകയാണെന്ന് ചാച്ചനോട് പറയുന്ന മഹേഷിനെ, മറ്റൊരുകാലത്തിന്റെ ഫോട്ടോഗ്രാഫർ തന്നെയായ ചാച്ചൻ തിരുത്തുന്നു: 'കടയല്ല, സ്റ്റുഡിയോ'. യാന്തികമായ ഒരു പ്രവൃത്തിയെന്ന നിലയിൽ മാത്രം ഫോട്ടോഗ്രഫിയെ കണ്ട മഹേഷിനെ ചാച്ചൻ പല സന്ദർഭങ്ങളിലായി ജീവനുള്ള ഒരു കലയും സർഗപ്രക്രിയയുമാണ് അതെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.)
എം ടി.യെക്കുറിച്ചുള്ള തന്റെ ഫോട്ടോചരിത്രത്തിനാമുഖമായി ബഷീർഫോട്ടോകളിലൂടെ പ്രസിദ്ധനായ പുനലൂർ രാജൻ എഴുതുന്നു: 'ബഷീറിനെയെന്ന പോലെ എം ടി.യെ ഏറെക്കാലം പിന്തുടരാൻ എനിക്കു കഴിഞ്ഞില്ല. ഞാനെടുത്ത ബഷീർപടങ്ങൾക്കു കണക്കില്ല. എം ടി.യുടെ പടങ്ങൾക്കു കണക്കുണ്ട്. വാക്കുകൾ അളന്നുതൂക്കി ഉപയോഗിക്കുന്ന എം ടി.യുടെ ചിത്രങ്ങളും അളന്നുതൂക്കി മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ'. ഏകാന്തപഥികനും അന്തർമുഖനും ചിരിമറന്നയാളുമായ എം ടി.യുടെ ഭാവജീവിതത്തിന്റെ ആകെക്കൂടിയുള്ള നിശ്ചല ദൃശ്യചരിത്രമായി മാറുന്നു, അതുവഴി പുനലൂർ രാജന്റെ ഈ ചിത്രശേഖരം.
രാജന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച് ബഷീറിനെന്നപോലെ എം ടി.ക്കും വലിയ മതിപ്പാണ്. അദ്ദേഹം എഴുതുന്നു: 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാമറയും കൊടുത്ത് ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ഒരു ചാരനുണ്ട്. പേര് : പുനലൂർ രാജൻ'.
എം ടി.യുടെ ഏകാന്തനിമിഷങ്ങൾ, നിർമ്മമഭാവങ്ങൾ, ചിന്താമാത്രകൾ, സൗഹൃദ മുഹൂർത്തങ്ങൾ, ആഹ്ലാദ സന്ദർഭങ്ങൾ, ആനന്ദവേളകൾ, തൊഴിൽസാന്നിധ്യങ്ങൾ, കുടുംബസാമീപ്യങ്ങൾ, പ്രഭാഷണവേദികൾ, ചലച്ചിത്രനിർമ്മാണരംഗങ്ങൾ... ജീവിതം നിശ്ചലതയിലേക്ക് ഒപ്പിയെടുക്കുന്ന ദൃശ്യരേഖകളാകുന്നു, ഈ ചിത്രങ്ങൾ. ബഷീർ, തകഴി, പൊറ്റക്കാട്, എൻ.പി, അഴീക്കോട്, മുണ്ടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയ എഴുത്തുകാർക്കൊപ്പവും പി. ഭാസ്‌കരൻ, പ്രേംനസീർ, പത്മരാജൻ, എം.ബി. ശ്രീനിവാസൻ, ശോഭനാ പരമേശ്വരൻനായർ, കെ. രാമചന്ദ്രബാബു തുടങ്ങിയ ചലച്ചിത്രപ്രവർത്തകർക്കൊപ്പവും എം ടി. ചെലവിട്ട നിമിഷങ്ങളുടെ 1950കൾ തൊട്ടുള്ള ചിത്രങ്ങളാണ് ഇവ. കാലസൂചനയില്ല എന്നതാണ് ഈ ചിത്രങ്ങളുടെ പുസ്തകരൂപത്തിന്റെ പരിമിതി.
യേശുദാസിനെക്കുറിച്ചുള്ള ഡേവിഡിന്റെ ചിത്രങ്ങൾക്കു കുറെക്കൂടി കണിശവും സൂക്ഷ്മവുമായ കാലത്തുടർച്ചയും ജീവിതബന്ധവുമുണ്ട്. യേശുദാസിന്റെ മദിരാശിജീവിതം തുടങ്ങുന്ന 1963-64 കാലംതൊട്ട് ആ കലാകാരനെ തന്റെ കാമറയുമായി പിന്തുടരുകയായിരുന്നു ഡേവിഡ്. അന്ന് ചലച്ചിത്രരംഗത്ത് തിരക്കുള്ള സ്റ്റിൽ ഫോട്ടോഗ്രഫറാണ് ഡേവിഡ്. യേശുദാസിന് നൂറു രൂപ പ്രതിഫലമുള്ള കാലത്ത് എഴുന്നൂറ്റമ്പതുരൂപ പ്രതിഫലം കിട്ടിയിരുന്നയാൾ. യേശുദാസിന്റെ വ്യക്തിജീവിതവും കലാജീവിതവും കുടുംബജീവിതവും സാമൂഹ്യജീവിതവും ഏറെ അടുത്തുനിന്നു കണ്ട ഒരാളെന്ന നിലയിൽ ഡേവിഡിന്റേത് പുനലൂർ രാജന്റേതിനേക്കാൾ സഫലവും സാർഥകവുമായ ഒരു ദൃശ്യജീവചരിത്രനിർമ്മാണമാകുന്നു. അഗസ്റ്റിൻ ജോസഫിന്റെ മരണവും യേശുദാസിന്റെ ആദ്യകാല റെക്കോർഡിംഗുകളും മുതൽ തുടങ്ങുന്നു, ഡേവിഡിന്റെ ഫോട്ടോഗ്രാഫുകൾ. ഗായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളും ചലച്ചിത്രനിർമ്മാതാക്കളും സംവിധായകരുമുൾപ്പെടെയുള്ളവരുമൊത്തുള്ള യേശുദാസിന്റെ കലാമുഹൂർത്തങ്ങൾ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള വ്യക്തിജീവിതസന്ദർഭങ്ങൾ, വിരളമായ അഭിനയസന്ദർഭങ്ങൾ.... ഓരോന്നും ഡേവിഡ് പകർത്തുന്നു.
എന്തായാലും രണ്ടു മലയാളികളുടെ ഒട്ടുമേ ബ്ലാക്ക് ആൻഡ് വൈറ്റ് അല്ലാത്ത ജീവിതം, കാലത്തെ പിടിച്ചെടുക്കുന്ന കാമറയുടെ കലകൊണ്ടു രേഖപ്പെടുത്തുന്ന അസാധാരണമായ രചനകളായി മാറുന്നു, ഈ പുസ്തകങ്ങൾ.
എം ടി.യുടെ കാലം
പുനലൂർ രാജൻ, മാതൃഭൂമി ബുക്‌സ്
2015, വില: 400 രൂപ
യേശുദാസ്: ഒപ്പം നടന്ന കാമറ
പി. ഡേവിഡ്, മാതൃഭൂമി ബുക്‌സ്
2015, വില: 400 രൂപ