പാലക്കാട്: ഇതാദ്യമായി ഐഐടിയിൽ നിന്ന് എംടെക് ബിരുദം നേടിയ എം. കൃഷ്ണദാസ്, സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ വിദ്യാർത്ഥി എന്ന ബഹുമതി നേടി. പാലക്കാട് ഐഐടിയിൽ നിന്ന് മാനുഫാക്ചറിങ് ആൻഡ് മെറ്റീരിയൽ എഞ്ചിനീയറിംഗിലാണ് എംടെക് നേടിയത്. അട്ടപ്പാടി കൽക്കണ്ടിയൂരിലെ ഇരുളസമുദായത്തിൽ പെട്ട മക്കൂളന്റെയും സാവിത്രിയുടേയും മൂന്ന് മക്കളിൽ മൂത്തയാളാണ് കൃഷ്ണദാസ്.

2020 ൽ ഗേറ്റ് പരീക്ഷ പാസായി പാലക്കാട് ഐഐടിയിൽ പ്രവേശനം നേടിയ കൃഷ്ണദാസ് പഛനത്തിലുടനീളം മികവു പുലർത്തിയ വിദ്യാർത്ഥിയാണ്. ജില്ലയിൽ നിന്ന് ആദ്യമായി രാജ്യത്തെ ഒരു ഐഐടിയിൽ പ്രവേശനം നേടിയ ഗോത്രവർഗ വിദ്യാർത്ഥിയാണിദ്ദേഹം. പട്ടഞ്ചേരി ഗവ. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് കൃഷ്ണദാസിലെ പ്രതിഭയെ കണ്ടെത്തിയത് കെ വിജയ ശേഖരൻ എന്ന അദ്ധ്യാപകനാണ്.

അദ്ദേഹം വണ്ടിത്താവളം കെ. കെ. എം. ഹയർ സെക്കണ്ടറി സ്‌കൂളിലെ റിട്ട. പ്രിൻസിപ്പലായിരുന്നു. പാവപ്പെട്ട കൂടുംബാംഗമായ കൃഷ്ണദാസിനെ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കുകയും അവന്റെ തുടർ പ0നങ്ങൾക്കെല്ലാം താങ്ങും തണലുമായി നിന്നതും വിജയ ശേഖരനാണ്. ഇംഗ്ലീഷിനും കണക്കിനും സ്പഷ്യൽ ട്യൂഷൻ നൽകിയാണ് അദ്ദേഹം കൃഷ്ണദാസിനെ പഠിപ്പിച്ചത്.

നാലാം ക്ലാസിന് ശേഷംകൃഷ്ണദാസ് അട്ടപ്പാടിയിൽ നിന്നും നൂറ് കിലോമീറ്റർ അകലെയുള്ള പാലക്കാട് പട്ടഞ്ചേരിയിലായിരുന്നു തുടർ പഠനം. പട്ടഞ്ചേരി ട്രൈബൽ ഹോസ്റ്റലിൽ താമസിച്ച് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൃഷ്ണദാസിന്റെ മികവ് കണ്ട വിജയശേഖരൻ എല്ലാ പിന്തുണയും നൽകി അവനെ പ്രോത്സാഹിപ്പിച്ചു, നേർവഴി കാണിച്ചു കൊടുത്തു.

പാലക്കാട് എൻ. എസ്. എസ്. എഞ്ചിനീയറിങ് കോളജിൽ നിന്നാണ് ബിടെക് പാസായത്. വണ്ടിത്താവളം കെകെഎംഎച്ച്എസ് സ്‌കൂളിൽ നിന്ന് വിരമിച്ചശേഷം കൃഷ്ണദാസിനെപ്പോലെ പിന്നാക്കവിഭാഗത്തിലുള്ള നൂറിലധികംപേർക്കാണ് ദശാബ്ദങ്ങളായി വിജയശേഖരൻ മാഷ് സൗജന്യവിദ്യാഭ്യാസം നൽകിയത്. ഉന്നതവിദ്യാഭ്യാസത്തിലൂടെ ജോലിനേടിയവർ നിരവധി.പ്രത്യേകസമയമില്ല. വടിയെടുത്ത് പഠിപ്പിക്കലുമില്ല.. സംശയമുള്ളത് പറഞ്ഞുകൊടുക്കുന്നതാണ് രീതി. തീർത്തും സൗജന്യപഠനം.

'എന്റെ എല്ലാ ഉയർച്ചയ്ക്കും നേട്ടത്തിനും കാരണം വിജയ ശേഖരൻ മാസ്റ്ററാണ്. പാർശ്വവൽക്ക രിക്കപ്പെട്ട ഒരു പാട് കുട്ടികൾക്ക് എന്റെ വിജയം പ്രചോദന മാകുമെന്നുറപ്പാണെന്ന് ' കൃഷ്ണദാസ് പറഞ്ഞു. ഇളയ സഹോദരങ്ങളായ സോമരാജും, മഹേഷും യഥാക്രമം ബി എ, പ്ലസ് ടു വിദ്യാർത്ഥികളാണ്.