തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബദൽ സർക്കാരാകാൻ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻ. അന്വേഷണ ഉദ്യോഗസ്ഥർ രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാരിനെ ഉന്നം വച്ചാൽ അതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയുടെ വഞ്ചിയൂരിലെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെ എന്നു തന്നെയാണ് സിപിഎം നിലപാട്.

പക്ഷേ അതിന്റെ പേരിൽ സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ സ്തംഭിപ്പിക്കാനുള്ള നീക്കമുണ്ടായാൽ അതിനെ ചെറുക്കും. ബദൽ സർക്കാരാകാൻ എൻഫോഴ്‌സ്‌മെന്റിനെ അനുവദിക്കില്ല. അതിനുള്ള അധികാരവും അവർക്കില്ല. തെളിവ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.