- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കില്ല; തെറ്റായ നിലപാട് എടുക്കുന്നവർ പാർട്ടിയിൽ ഉണ്ടാകില്ല; തള്ളിപ്പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ; ക്വട്ടേഷനും ഗുണ്ടായിസവുമായി നടക്കുന്ന സൈബർ പോരാളികൾ തലവേദനയാകുമ്പോൾ തള്ളിപ്പറഞ്ഞ് പാർട്ടി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. തെറ്റായ നിലപാട് എടുക്കുന്ന ആരും പാർട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവില്ലെന്നും മന്ത്രി വ്യക്തമാക്കി. കള്ളക്കടത്തുകാർക്ക് പിന്തുണ നൽകുന്ന നിലപാട് തിരുത്തണമെന്ന് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എം വി ഗോവിന്ദനും ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്.
സംഘടനയുടെ കണ്ണൂർ ജില്ലാ ഘടകമാണ് കള്ളക്കടത്തുകാർക്ക് ഇടതുപ്രൊഫൈലുകളിൽ നിന്ന് ലൈക്ക് അടിക്കുന്നത് തിരുത്തണമെന്നായിരുന്നു ഡിവൈഎഫ്ഐ ആവശ്യപ്പെട്ടത്. സ്വയം അപമാനിതരാകാതിരിക്കാൻ ഇവരെ പിന്തുണയ്ക്കുന്ന ഫാൻസ് ക്ലബുകാർ സ്വയം പിരിഞ്ഞു പോകണമെന്നും ഡിവൈഎഫ്ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വർണ്ണക്കടത്തുകാർക്ക് എന്ത് പാർട്ടിയെന്നും ഏത് നിറമുള്ള പ്രൊഫൈൽ വച്ചാലും അവർക്ക് ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും ഷാജർ പറഞ്ഞു. പകൽ മുഴുവൻ ഫേസ്ബുക്കിലും, രാത്രിയിൽ നാട് ഉറങ്ങുമ്പോൾ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങൾ' ആണിവർ എന്നും ഷാജർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കള്ളക്കടത്തുകാർക്ക് വേണ്ടി ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അർപ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാകാതിരിക്കാൻ ഫാൻസ് ക്ലബുകാർ സ്വയം പിരിഞ്ഞു പോകണമെന്നും പോസ്റ്റിൽ പറയുന്നു. ഇവർക്ക് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്നും ഷാജർ കൂട്ടിച്ചേർത്തു.
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിക്ക് സിപിഐ.എമ്മുമായി ബന്ധമുണ്ടെന്ന് വിവരങ്ങൾ പുറത്ത് വന്നിരുന്നു. ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും അർജുൻ ആയങ്കിക്ക് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. ഇവരെ തള്ളി കഴിഞ്ഞ ദിവസം കണ്ണൂർ സിപിഐ.എം. ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തെത്തിയിരുന്നു. പാർട്ടിയെ മറയാക്കി ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുകയാണെന്നും രാഷ്ട്രീയ പ്രചാരവേല നടത്താൻ ഒരു ക്വട്ടേഷൻ സംഘത്തെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് എം വി ജയരാജൻ പറഞ്ഞിരുന്നത്.
അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അപകടത്തിൽപ്പെട്ട ചെർപ്പുളശ്ശേരി സംഘം അർജുൻ സഞ്ചരിച്ച കാറിനെയാണ് പിന്തുടർന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വർണ്ണവുമായി എയർപോർട്ടിൽ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അർജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നൽകിയിരുന്നു.
രാമനാട്ടുകരയിൽ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ച സ്വർണ്ണക്കടത്തിലും കണ്ണൂരിൽ നിന്നുള്ള ഗുണ്ടകളെ നിയന്ത്രിച്ചതുകൊടിസുനിയാണ്. ഈ സ്വർണ്ണക്കടത്തിൽ കണ്ണൂരിൽ നിന്നുള്ള അർജുൻ ആയങ്കിയുടെ സാന്നിധ്യം ഇതിന് തെളിവാണ്. കൊടകരയിൽ കള്ളപ്പണം കൊള്ളയടിച്ചതും കണ്ണൂരിലെ സംഘമാണ്. ഇവരേയും കൊടി സുനി നിയന്ത്രിക്കുന്നുവെന്ന സംശയം ഉണ്ട്. അർജുൻ ആയങ്കിയുടെ കൂടെ ഷഹീൻ എന്നൊരാളും കരിപ്പൂർ വിമാനത്താവളെത്തിയെന്നാണ് വിവരം. കൊടി സുനിക്ക് വേണ്ടി പുറത്ത് കരുക്കൾ നീക്കുന്നത് ആകാശ് തില്ലങ്കേരി ആണെന്നാണ് സൂചന.
2016 ജൂലായിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മോഡേൺ ബസാറിൽ മൂന്ന് കിലോഗ്രാം സ്വർണ്ണക്കവർച്ച നടത്തിയതിന് പിന്നിൽ കൊടിസുനി ആയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് കൊടി സുനി ഈ കവർച്ച ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസ് നിഗമനം. ഈ കേസിൽ പ്രതികളായ കാക്ക രഞ്ജിത്തിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ കേസിൽ കൊടിസുനിയെ പ്രതിചേർത്തിട്ടില്ല. ഉന്നത സ്വാധീനമായിരുന്നു ഇതിന് കാരണം.
തിരുനെല്ലിയിൽ അഞ്ചു കോടി രൂപ തട്ടാൻ ജയിലിൽ ആസൂത്രണം നടത്തിയതു കൊടിസുനിയാണ്. കർണ്ണാടകത്തിൽ സ്വർണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തിൽ നിന്നും അഞ്ചുകോടി തട്ടി. ഇതിൽ പത്ത് ലക്ഷം രൂപ കൊടിസുനിയുടെ സഹതടവുകാരന് വീട് നിർമ്മിക്കാൻ നൽകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ