കണ്ണൂർ: വടക്കെ മലബാറിലെ നാടക- തെയ്യം കലാരംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന വെള്ളിക്കീൽ ജംഗ്ഷൻ റോഡിലെ എം വിജയരാമകൃഷ്ണൻ പണിക്കർ (62) നിര്യാതനായി. തളിപ്പറമ്പ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. വടക്കെ മലബാറിലെ നാടക- തെയ്യം കലാരംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു.

കല്യാശേരി ജയഭാരത കലാകേന്ദ്രം കണ്ണൂർ നെഗറ്റീവ്‌സ്, തിരുവനന്തപുരം സൗപർണ്ണിക ,തിരുവനന്തപുരം സങ്കീർത്തന എന്നി നാടക ട്രൂപ്പുകൾക്കു വേണ്ടിയും, നിരവധി അമച്വർ കലാസമിതികൾക്കു വേണ്ടിയും അഭിനേതാവായും പിന്നണിയിലും പ്രവർത്തിച്ചിരുന്നു .നിരവധി റേഡിയോ നാടകങ്ങൾക്കു ശബ്ദം നൽകിയിരുന്നു. ഉപകരണസംഗീതമായ തബല, മൃദംഗം എന്നിവ വാദനം ചെയ്യുന്നതിലും കഴിവ് തെളിയിച്ചിരുന്നു.

പൊട്ടൻ ദൈവം, വിഷ്ണു മൂർത്തി , ഗുളികൻ ,ഉച്ചിട്ട, ഭൈരവൻ, പൂക്കുട്ടി ശാസ്തപ്പൻ, ഇടപ്പാറ ചാമുണ്ഡി എന്നി തെയ്യക്കോലങ്ങൾ കെട്ടിയാടുന്നതിൽ അതുല്യ പാടവം കാഴ്‌ച്ചവെച്ചിരുന്നു. കേരള കേരള ഫോക്ക് ലോർ അക്കാദമി അവാർഡും, നിയോഗം എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് ഏറ്റവും നല്ല നടനുള്ള ടെലിവിഷൻ അവാർഡും നേടിയിരുന്നു. കണ്ണൂർ ചാലയിലെ പരേതരായ കുഞ്ഞിരാമൻ മാസ്റ്റരുടെയും നാണിയുടെയും മകനാണ്.

ഭാര്യ: ഒ.സി.പ്രേമ ( മംഗലശേരി, പട്ടുവം ).മക്കൾ: വീണ ജയറാം, വിദ്യാ ജയറാം, വിനയ ജയറാം. മരുമക്കൾ: ലിജേഷ് (തെയ്യം കലാകാരൻ വെള്ളിക്കിൽ ജീ ഗ്ഷൻ), രജിൽ ഡ്രൈവർ (പട്ടേന, നീലേശ്വരം), ജിതിൻ മാസ്റ്റർ (കുറുമാത്തൂർ). സഹോദരങ്ങൾ: പ്രേമരാജൻ മാസ്റ്റർ, പ്രദീപ് കുമാർ രത്‌നകുമാർ മാസ്റ്റർ, സജികുമാർ, ശോഭന, പരേതനായ മണിമോഹൻ ദാസ്. സംസ്‌ക്കാരം വ്യാഴാഴ്‌ച്ച ഉച്ചയോടെ മുറിയാത്തോട്ടെ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടത്തും.