- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസുർ വധക്കേസിൽ കണ്ണൂരിൽ സിപിഎം - കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്‌പോര്; കൂലേരി രതീഷിന്റേതുകൊലപാതകമാണെന്ന് പറഞ്ഞ കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എം വി ജയരാജൻ; രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്ന് ചോദ്യം?
കണ്ണുർ: പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസുർ വധക്കേസുമായി ബന്ധപ്പെട്ട് കണ്ണുരിൽ സിപിഎം- യു.ഡി.എഫ് നേതാക്കളുടെ വാക്‌പോര് ശക്തമാകുന്നു കേസിൽ സിപിഎമ്മിന്റെ ജില്ലാ നേതാവായ വത്സൻ പനോളിക്ക് ബന്ധമുണ്ടെന്നും കൊലപാതകം ആസുത്രണം ചെയ്തത് ഉന്നത നേതാവിന്റെ അറിവോടെയാണെന്നുമുള്ള കെ.സുധാകരൻ എംപി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനമാണ് വിവാദമുണ്ടാക്കിയത്.
ഇതിനെ തുടർന്ന് വളയത്ത് മൻസുർ വധക്കേസിലെ രണ്ടാം പ്രതി കുലേരി രതീഷിന്റെ ആത്മഹത്യ കൊലപാതകമാണെന്ന് സുധാകരൻ തുറന്നടിച്ചതോടെ സിപിഎം വെട്ടിലായി. ഇതേ തുടർന്ന് മൻസൂർ വധക്കേസിൽ പ്രതി ചേർക്കപ്പെട്ട രതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരനെ ചോദ്യംചെയ്യണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടി? അങ്ങനെ എങ്കിൽ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം. എഫ്‌ഐആർ സുധാകരനും കുറ്റപത്രം മാധ്യമങ്ങളും തയ്യാറാക്കുന്നുവെന്നും എം വി ജയരാജൻ ആരോപിച്ചു.
ഇതിനിടെ മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്‌ലിം ലീഗ് നേതാക്കളാണെന്ന് രതീഷിന്റെ അമ്മ പത്മിനി ആരോപിച്ചു. ലീഗ് നേതാക്കൾഗൂഢാലോചന നടത്തിയാണ് മകനെ പ്രതി ചേർത്തത്. തെരഞ്ഞെടുപ്പ് ദിവസം ലീഗുകാർ മർദ്ദിച്ചതായി മകൻ പറഞ്ഞിരുന്നു. മകന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ ലീഗ് പ്രവർത്തകർക്ക് എതിരെ നടപടി വേണമെന്നും രതീഷിന്റെ അമ്മ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ മൻസൂർ വധക്കേസിലെ പ്രതി രതീഷിനൊപ്പം മറ്റൊരു പ്രതി ശ്രീരാഗുൾപ്പെടെ രണ്ടു പേർ താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തന്നെ പ്രതിചേർത്തതിനെ കുറിച്ച് മറ്റു പ്രതികളുമായി രതീഷ് തർക്കത്തിലേർപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. രതീഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗ് രതീഷിനൊപ്പം ഉണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചത്.
മരണം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പും രണ്ടു പേരും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. മറ്റൊരാൾ കൂടി ഇവരോടൊപ്പം താമസിച്ചിരുന്നതായും പൊലീസ് കരുതുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായതായും ഇതു കൊലപാതകത്തിൽ കലാശിച്ചതാണോയെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുന്നത്. ഇവർ താമസിച്ച സ്ഥലത്തും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ഷാജ് സി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന നടത്തിയിട്ടുണ്ട്. പ്രതികൾ തമ്മിൽ കൈയാങ്കളി നടന്നിട്ടുണ്ടെങ്കിൽ ഇതിനെ ബലപ്പെടുത്തുന്ന തെളിവുകൾ ഇവിടെ നിന്ന് കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. ശ്രീരാഗിനെ കൂടി ചോദ്യം ചെയ്താൽ രതീഷിന്റെ മരണം സംബന്ധിച്ച വ്യക്തത ലഭിക്കുമെന്ന നിലപാടിലാണ് പൊലീസ്.
ഇതിനിടെ മൻസൂർ വധക്കേസിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം പാനൂരിൽ യു.ഡി.എഫ് നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകുന്നതിനായി എൽഡിഎഫ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചിരുന്നു കേസിലെ. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂരിൽ പ്രതിഷേധ സംഗമവും നടത്തി.
ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാർ , ഡിവൈഎസ് പി പി വിക്രം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളായ അയൽവാസികൾ, പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രതി ശ്രീരാഗിന്റെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കേസ് ആദ്യം അന്വഷിച്ച സംഘം ശേഖരിച്ച വിവരങ്ങളും പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ആദ്യ പ്രതിപ്പട്ടികയിലുള്ള ഏഴ് പേരെ കൂടി ഇനി പിടിയിലാകാനുണ്ട്.
ഇവർ കണ്ണൂർ കോഴിക്കോട് ജില്ലാ അതിർത്തിയിലെ പാർട്ടി സ്വാധീന മേഖലകളിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഇതേതുടർന്ന് പ്രദേശത്ത് പൊലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കേസിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം പരിപാടി ഉദ്ഘാടനം ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ പ്രദേശങ്ങളിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര നടത്തി. കടവത്തൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ