കണ്ണൂർ: കണ്ണൂർ മേയർ ടി.ഒ മോഹനനെതിരെആഞ്ഞടിച്ച് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ കോർപറേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലായ ടേസ്റ്റിഹട്ട് പൊളിച്ചുമാറ്റിയതിനെതിരെ എൽ.ഡി. എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ ബഹുജനമാർച്ചിനു ശേഷം നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ കോർപറേഷൻ മേയർ തോന്ന്യാസിയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി.ഷാഹിൻബാഗിലും ജഹാംഗീർപൂരിലും നടത്തിയ ബുൾഡോസർരാജ് കണ്ണൂരിലും നടത്തുകയാണ്. രാഷ്ട്രീയവൈരാഗ്യമാണ് കുടുംബശ്രീക്കാരെകോർപറേഷൻ വളപ്പിൽ നിന്നും കുടിയിറക്കാൻ കാരണം.

അദ്ദേഹത്തിന് കുടുംബശ്രീക്കാരോട് കലിപ്പാണ്. അതാണ് ബുൾഡോസർ കൊണ്ട് രാത്രിയുൽ ടേസ്റ്റി ഹട്ട് ഹോട്ടൽ തകർത്തത്. ഹോട്ടൽ പൊളിച്ചപ്പോൾ മേയർക്ക് കണ്ണുനീര് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയുടെ കണ്ണ് നനഞ്ഞിട്ടുണ്ടാവുമെന്നുംജയരാജൻ പറഞ്ഞു.പൊളിച്ചു മാറ്റിയ ഭക്ഷണശാലയ്ക്കു പകരം മറ്റൊന്നിന് താൽക്കാലിക സൗകര്യമൊരുക്കേണ്ടത് തൊഴിൽ ഉടമയായ കോർപറേഷന്റെ കടമയാണ്.

പുതിയ ആസ്ഥാനമന്ദിരം വന്നാൽ ഇപ്പോഴുള്ള കുടുംബശ്രീഹോട്ടലിനെ ഒഴിവാക്കാനുള്ള രാഷ്ട്രീയക്കളി നടക്കില്ലെന്നും സർക്കാർ ഫണ്ടുകൊണ്ടാണ് പുതിയ ആസ്ഥാനമന്ദിരം പണിയുന്നതെന്നു മേയർ ഓർക്കണമെന്നും ജയരാജൻ മുന്നറിയിപ്പു നൽകി.
ചൊവ്വാഴ്‌ച്ച രാവിലെ കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് താലൂക്ക് ഓഫീസ്, പൊലീസ് മൈതാനം, സറ്റേഡിയം കോർണർ, പഴയ ബസ് സ്റ്റാൻഡ് വഴി കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. കുടുംബശ്രീ പ്രവർത്തകരടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നു.

സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി ടൗൺ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ വൻപൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം പ്രകാശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ, ജോയ് കൊന്നക്കൽ, സജി കുറ്റിയാനിമറ്റം, കെ പി മോഹനൻ, എൻ.സുകന്യ എന്നിവർ നേതൃത്വം നൽകി