- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അല്ലാഹുവിന്റെയും കൃഷിക്കാരുടെയും ഭൂമി തട്ടിയെടുത്തവർ രക്ഷപ്പെടാൻ പാടില്ല; തളിപ്പറമ്പിൽ വഖഫ് ഭൂമിയിലാണ് ലീഗ് ഓഫിസ് പോലും പണിതത്; ഈ ഭൂമി പിടിച്ചെടുക്കണം;ആ നയം നടപ്പാക്കാതിരിക്കുകയാണ് ചില ഉദ്യോഗസ്ഥർ: ലീഗിനെതിരെ എം വി ജയരാജൻ
തളിപ്പറമ്പ്: അല്ലാഹുവിന്റെ ഭൂമിയും കൃഷിക്കാരുടെ ഭൂമിയും തട്ടിയെടുത്തവർ രക്ഷപ്പെടാൻ പാടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ. തളിപ്പറമ്പിലെ ഏക്കർ കണക്കിന് ഭൂമികൾ പലരും കൈയേറിയിരിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു.
തളിപ്പറമ്പ് താലൂക്കിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള കർഷക സംഘം ജില്ല കമ്മിറ്റി നടത്തിയ തളിപ്പറമ്പ് താലൂക്ക് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിൽ വഖഫ് ഭൂമിയിലാണ് ലീഗ് ഓഫിസ് പോലും പണിതതെന്നും നൂറുകണക്കിന് ഏക്കർ ഭൂമി ചിലർ തങ്ങളുടേതാണ് എന്നുപറഞ്ഞ് കൈക്കലാക്കിയിരിക്കുകയുമാണ്. ഭൂമി പിടിച്ചെടുക്കണം. എന്നാൽ, ആ നയം നടപ്പാക്കാതിരിക്കുകയാണ് ചില ഉദ്യോഗസ്ഥർ. അവർ കാണിക്കുന്ന തോന്ന്യവാസം നിയന്ത്രിക്കേണ്ടത് റവന്യൂ മന്ത്രിയാണ്.
ശ്മശാനംപോലും ചിലർ കൈക്കലാക്കി. വഖഫ് സ്വത്ത് അന്യാധീനപ്പെടാൻ പാടില്ല. പുല്ലായ്‌ക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. ഗോപിനാഥ്, കെ. സന്തോഷ്, എം. വേലായുധൻ, കെ. കൃഷ്ണൻ, എം വി ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.
വഖഫ് സ്വത്തുക്കൾ കൈയേറിയത് തിരിച്ചു പിടിക്കാൻ വഖഫ് ബോർഡിന് പാർട്ടി പിന്തുണ നൽകുമെന്ന് എം വി ജയരാജൻ നേരത്തേയും പറഞ്ഞിരുന്നു. തളിപ്പറമ്പിലും മുഴപ്പിലങ്ങാടും തലശേരി പുന്നോലിലും വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതായും കൈയേറിയതായും തെളിഞ്ഞിട്ടുണ്ടെന്നും തളിപ്പറമ്പിൽ വഖഫ് സ്വത്തിലാണ് മുസ്ലിം ലീഗ് ഓഫീസ് സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശ്മശാനം കൈയേറിയ അവസ്ഥയും ഇവിടെയുണ്ടായിട്ടുണ്ട്. മുഴപ്പിലങ്ങാടും പുന്നോലിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ ബോർഡ് നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകാൻ പാർട്ടി സമ്മേളനം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ