തിരുവനന്തപുരം: യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ചെയർമാൻസ്ഥാനം രാജിവച്ച് കോതമംഗലത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജോണി നെല്ലൂരിനെ പിന്തുണയ്‌ക്കേണ്ടന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോതമംഗലത്ത് ആന്റണി ജോൺ ഇടത് സ്ഥാനാർത്ഥിയാകും. തൊടുപുഴയിൽ റോയി വാരിക്കാട്ടിനെ സ്ഥാനാർത്ഥിയാക്കുന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

അഴീക്കോട് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി എംവി നികേഷ് കുമാറിന് പാർട്ടി ചിഹ്നം നൽകാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. നികേഷ്‌കുമാറിനെ പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിക്കണമെന്നു സിപിഐ(എം) കണ്ണൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നേരത്തെ നികേഷ് സ്വതന്ത്രനാകുന്നതാണ് നല്ലതെന്നു നിർദേശിച്ചതും കണ്ണൂർ ജില്ലാ നേതൃത്വം തന്നെയാണ്. തുടർന്നാണു നികേഷ് അടക്കം എട്ടുപേരെ എൽഡിഎഫ് സംസ്ഥാന നേതൃത്വം സ്വതന്ത്രസ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.

എന്നാൽ താഴേത്തട്ടിലുള്ള പ്രവർത്തകർക്കു പാർട്ടി ചിഹ്നത്തിലല്ലാത്ത സ്ഥാനാർത്ഥിയെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണു സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. നികേഷ് മണ്ഡലത്തിൽ പ്രചരണം സജീവമായി നടത്തിയപ്പോൾ താഴെത്തട്ടിലെ എതിർപ്പുകളെയും മറികടക്കാൻ സാധിച്ചുവെന്നും കരുതുന്നു. ഇതോടയാണ് നികേഷ് കുമാറിന് പാർട്ടി ചിഹ്നം നൽകാൻ തീരുമാനമായത്.

അഴീക്കോട് മണ്ഡലത്തിൽ ഇതുവരെ സിപിഐഎം സ്ഥാനാർത്ഥികൾ മാത്രമാണ് ഇടതുപക്ഷത്തിനായി മൽസരിച്ചിട്ടുള്ളതെന്നും പരിചയമല്ലാത്ത ചിഹ്നമാണെങ്കിൽ പരമ്പരാഗത വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നും കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നിരുന്നു. സ്വതന്ത്ര ചിഹ്നത്തിൽ മൽസരിച്ചാൽ നികേഷ് സിഎംപിയുടെ സ്ഥാനാർത്ഥിയാണെന്നു വോട്ടർമാർ തെറ്റിദ്ധരിക്കുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ടായിരുന്നു.