തിരുവനന്തപുരം: മലയാള ചാനൽ രംഗത്തെ അതികായനായ എം വി നികേഷ് കുമാർ പിതാവ് എംവിആറിന്റെ മാതൃകയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന കേട്ടുകേൾവികൾ തുടങ്ങിയിട്ട് കാലം കുറച്ചായി. എംവിആർ മരണപ്പെട്ടതോടെ നികേഷ് കുമാറും അദ്ദേഹത്തിന്റെ സഹോദരങ്ങളും അടക്കമുള്ളവർ ഇടതുപക്ഷത്തേക്ക് ചാഞ്ഞു നിൽക്കാൻ തുടങ്ങിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി ചേർന്നാണ് സിഎംപി മത്സരിച്ചത്. എംവിആറിന്റെ പുത്രി വി എം ഗിരിജ കണ്ണൂർ കോർപ്പറേഷനിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയും ഉണ്ടായി. എന്തായാലും റിപ്പോർട്ടർ ചാനലിന്റെ എംഡിയും ചീഫ് എഡിറ്ററുമായ നികേഷ് കുമാർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമെന്നാണ് സിപിഐ(എം) വൃത്തങ്ങൾ നൽകുന്ന സൂചന.

കുറച്ചുകാലമായി സിപിഐ(എം) വേദികളിൽ സ്ഥിര സാന്നിധ്യമാണ് നികേഷ്‌കുമാർ. സെമിനാറുകളും മറ്റ് പരിപാടികളിലും അദ്ദേഹം സ്ഥിരമായി പങ്കെടുത്തുവരുന്നു. പിതാവ് തുടങ്ങിയ സിഎംപി എന്ന പാർട്ടി സിപി ജോൺ അടക്കമുള്ള ഒരുവിഭാഗം കൊണ്ടുപോകുന്ന ഘട്ടം വന്നപ്പോഴാണ് നികേഷ് കൂടുതൽ ഇടപെടൽ നടത്തിയത്. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രം പിടിച്ചെടുക്കാൻ വേണ്ടി സിപി ജോണും സംഘടനും നടത്തിയ ശ്രമങ്ങളും നികേഷ് നേരിട്ടിറങ്ങിയാണ് ചെറുത്തത്. ഇതിന് ശേഷം സിപിഎമ്മുമായി കൂടുതൽ അടുക്കുകയാണ് ചെയ്തത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഒരുക്കങ്ങൾ തുടങ്ങാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് തന്നെ നികേഷ് കുമാറിനോട് നിർദ്ദേശിച്ചതായാണ് അറിയുന്നത്. ഇപ്പോൾ ഇടതു സാംസ്‌കാരികസമൂഹിക വേദികളിൽ സജീവമായി നിൽക്കാനും പതിയ രാഷ്ട്രീയ വേദികളിലേക്ക് മാറുകയും ചെയ്യണമെന്നാണ് സിപിഐ(എം) നികേഷ് കുമാറിന് നൽകിയിരിക്കുന്ന നിർദ്ദേശമത്രേ. എന്നാൽ ചാനലിനെ ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാൻ നികേഷിന് താൽപ്പര്യമില്ല. എന്നാൽ ഇപ്പോൾ ചാനൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കൻ അടക്കം സിപിഐ(എം) സംവിധാനം ഉണ്ടാക്കാം എന്ന ഉറപ്പ് നികേഷിന് നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഈ ഉറപ്പുള്ളതുകൊണ്ടാണ് നികേഷ് ഇടതുവേദികളിൽ കൂടുതൽ സജീവമാകുന്നത്. സിപിഐ(എം) നിർദ്ദേശ പ്രകാരം ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്യുലർ മാർച്ചിന്റെ സമാപന വേദിയിൽ നികേഷ് കുമാറും പങ്കെടുത്തിരുന്നു.

പിണറായി വിജയനൊപ്പം വേദിപങ്കിടുകയും ചെയ്തു നികേഷ് കുമാർ. സിപിഐ(എം) അനുഭാവികളാണെന്ന് പരസ്യമായി പ്രഖ്യാപിച്ച സംവിധായകരായ ആശിഖ് അബു, ബി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പമാണ് നികേഷും പരിപാടിയിൽ പങ്കെടുത്തത്. പിണറായി വിജയനുമായി ആശയവിനിമയം നടത്തുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ നികേഷ് പങ്കെടുത്തത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നതിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെടുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളുടെ എണ്ണത്തിലുള്ള കുറവാണ് ഇടതുമുന്നണിയെ അലട്ടുന്ന പ്രശ്‌നം. മറുവശത്ത് യുഡിഎഫിൽ നിരവധികക്ഷികൾ ഉണ്ട്. എൽഡിഎഫിൽ കാര്യമായ ഘടക കക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വത്തിലെ മികവുകൊണ്ട് വിജയിച്ചു കയറുക എന്ന തന്ത്രമാണ് പ്രധാനമായും പാർട്ടി പയറ്റുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്നസെന്റിനെ സ്ഥാനാർത്ഥിയാക്കിയുള്ള സിപിഐ(എം) തന്ത്രം ചാലക്കുടിയിൽ വിജയം കണ്ടിരുന്നു. ഈ മാതൃകയണ് ഘടകക്ഷിയായി സിഎംപിയെ എടുത്ത് നികേഷ് കുമാറിനെ പോലൊരു മാദ്ധ്യമ സെലബ്രിറ്റിയെ സ്ഥാനാർത്ഥിയാക്കാമെന്ന ചിന്തയിലേക്ക് സിപിഐ(എം) മാറാൻ കാരണം.

പരിയാരം പരിയാരം സഹകരണ മെഡിക്കൽകോളേജ് ഭരണസമിതിയിലേക്ക് എൽഡിഎഫ് എതിരില്ലാതെ വിജയിക്കാൻ കാരണം സിഎംപിയെ ഒപ്പം നിർത്താൻ സാധിച്ചതു കൊണ്ടാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച 11സീറ്റിലേക്കും എൽഡിഎഫ് മാത്രമാണ് പത്രിക നൽകിയത്. ഇതൊക്കെ സിപിഎമ്മിനും ഗുണകരമായതായി വിലയിരുത്തുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഎമ്മിനെ നയിക്കുക പിണറായി വിജയൻ ആകുമെന്നാണ് പാർട്ടി നൽകുന്ന സൂചന. വി എസ് മുഖ്യപ്രചാരകന്റെ റോളിൽ ഉണ്ടാകുകയും ചെയ്യും.

പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ നികേഷ് കുമാർ എത്തിയതിൽ നിരവധി പ്രത്യേകതകളും ഉണ്ട്. ലാവലിൻ കേസിൽ അടക്കമുള്ള വിഷയങ്ങളിൽ നികേഷ് കുമാർ നൽകിയ വാർത്തകൾ ആയിരുന്നു പിണറായി വിജയന്റെ രാഷ്ട്രീയ ഇമേജിനെ തന്നെ സാരമായി ബാധിച്ചത്. അന്ന് ഇന്ത്യാവിഷൻ സിഇഒ എന്ന നിലയിൽ ആയിരുന്നു ആയിരുന്നു നിരന്തരമായി വാർത്തകൾ അന്ന് നൽകിയിരുന്നത്. അക്കാലമെല്ലാം മറന്നാണ് പിണറായി ഇപ്പോൾ നികേഷിനെ തന്നിലേക്ക് അടുപ്പിക്കുന്നത്. സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ ആക്കുന്നതും പ്രതിപക്ഷത്തിന് അനുകൂലവുമായ വാർത്തകളാണ് അടുത്തകാലത്തായി നിരന്തരം റിപ്പോർട്ടർ ചാനൽ നൽകുന്നത്. ചാനലിൽ വി എസ് അനുഭാവം പുലർത്തുന്ന മാദ്ധ്യമപ്രവർത്തകർ പി കെ പ്രകാശ് പടിയിറങ്ങിയതോടെ ഏതാണ്ട് ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്.

പിണറായി വിജയൻ നയിക്കുന്ന കേരള യാത്രയിൽ അടക്കം അനുകൂല വാർത്തകൾ ഇനി റിപ്പോർട്ടർ ചാനൽ നൽകേണ്ടി വരുമെന്ന കാര്യവും ഉറപ്പാണ്. നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു നികേഷ് കുമാർ. എന്നാൽ മാറിയ സാഹചര്യത്തിൽ ഈ തീരുമാനം പുനഃപരിശോധിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. സെക്യുലർ മാർച്ചിന്റെ സമാപന വേദിയിൽ എത്തിയ നികേഷ് വരും മാസങ്ങളിൽ കൂടുതൽ സിപിഐ(എം) വേദികളിൽ സജീവമാകാനാണ് ഒരുങ്ങുന്നത്.

അതേസമയം ഇപ്പോൾ സിപിഐ(എം) വേദികളിൽ കൂടുതൽ എത്തുന്നത് മത്സരിക്കാൻ ലക്ഷ്യമിട്ടല്ല, മറിച്ച് സാംസ്‌കാരിക സംവാദ വേദികളിലെ ഇടപെടൽ മാത്രമാണ് എന്നാണ് നികേഷിനോട് അടുത്ത വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന വിവരം. തന്റെ സ്ഥാപനത്തിലെ മാദ്ധ്യമപ്രവർത്തരോടും ചാനലുമായി മുന്നോട്ടു പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം അരവിന്ദാക്ഷൻ വിഭാഗം നേതൃത്വം നൽകുന്ന സിഎംപി നേതാക്കളും നികേഷിന് മേൽ മത്സരിക്കാൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോൾ നോ പറയുന്നുണ്ടെങ്കിലും അവസാന നിമിഷം അദ്ദേഹം മത്സര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് സിഎംപി-സിപിഐ(എം) നേതാക്കളും നൽകുന്ന സൂചന. നികേഷിനായി കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലം നൽകാമെന്നാണ് ഓഫർ എന്നും അറിയുന്നു.