ആകെ പോൾ ചെയ്ത 130 വോട്ടുകളിൽ 88 വോട്ടുകളും നേടി എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്; യുഡിഎഫ് സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപകവാടിക്ക് ലഭിച്ചത് 41 വോട്ടുകൾ; വോട്ട് അസാധുവാക്കി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്; നിയമസഭയിൽ അവിശ്വാസ ചർച്ചകൾ കൊടുംപിരി കൊള്ളവെ നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെ വിശേഷങ്ങൾ ഇങ്ങനെ..
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി എം വി ശ്രേയാംസ് കുമാർ വിജയിച്ചു. ആകെയുള്ള 136 വോട്ടുകളിൽ 130 പേരാണ് വോട്ട് ചെയ്തത്. ഇതിൽ 88 വോട്ടുകൾ ഇടത് മുന്നണി നേടിയപ്പോൾ 41 വോട്ടുകൾ യുഡിഎഫ് നേടി. ഒരു വോട്ട് അസാധുവായി. വി. എസ്. അച്ചുതാനന്ദൻ, സി.എഫ്. തോമസ്, ജോർജ്ജ് എം. തോമസ്, രാജഗോപാൽ, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ എത്തയില്ല. പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജിന്റെ വോട്ടാണ് അസാധുവായത്. തന്റെ വോട്ട് മനഃപൂർവം പി സി ജോർജ്ജ് അസാധുവാക്കുകയായിരുന്നു.
എംപി.വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു. ശ്രേയാംസ് കുമാറിന് 88 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപകവാടിക്ക് 41 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി.
കേരള കോൺഗ്രസിലെ റോഷി അഗസ്റ്റിനും എൻ. ജയരാജും വിട്ടുനിന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ കെ.ദാസൻ എംഎൽഎയാണ് ആദ്യം വോട്ടു ചെയ്തത്. നിയസഭയിലെ പാർലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. ജോസ് കെ.മാണി പക്ഷത്തെ രണ്ട് എംഎൽഎമാർ വോട്ടു ചെയ്യാനെത്തിയില്ല. ജോസഫ് പക്ഷം വിപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് ജോസ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
1967 ഏപ്രിൽ 15ന് വീരേന്ദ്രകുമാറിന്റെയും ഉഷ വീരേന്ദ്രകുമാറിന്റേയും മകനായി കൽപ്പറ്റയിൽ ജനിച്ച ശ്രേയാംസ്‌കുമാർ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) കേരള ഘടകം അധ്യക്ഷനാണ്. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി കേരളാ റീജിനൽ കമ്മിറ്റി ചെയർമാൻ, ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഗ്ലോബൽ വൈസ്പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ വൈസ് ചെയർപേഴ്‌സൻ എന്നീ പദവികൾ വഹിക്കുന്നുണ്ട്. ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) കേരള ഘടകം അധ്യക്ഷൻ കൂടിയായ അദ്ദേഹം കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്ന് 2006ലും 2011ലും എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യാത്ര പറയാതെ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കർത്താവാണ്. 1979-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറായി ചുമലയേറ്റ വീരേന്ദ്ര കുമാർ 40 വർഷം ആ പദവിയിൽ തുടർന്നു. 1997ൽ കേന്ദ്രമന്ത്രിയായതിനെ തുടർന്ന് ഒരു വർഷം അദ്ദേഹം മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിനിന്നിരുന്നു. കവിതയാണ് ഭാര്യ. മക്കൾ: മയൂര, ദേവിക, ഗായത്രി, ഋഷഭ്.
സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസ പ്രമേയവും അതേ തുടർന്നുള്ള ചർച്ചകളും കൊണ്ട് നിയമസഭ ചൂടുപിടിക്കവെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളുടെ കെട്ടഴിച്ച് പ്രതിപക്ഷം അരങ്ങ് തകർക്കുമ്പോൾ രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം ഭരണമുന്നണിക്ക് ആശ്വാസമായി. പിണറായി സർക്കാറിനെതിരായ അവിസ്വാസ പ്രമേയം വി ഡി സതീശൻ എംഎൽഎയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശൻ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റിൽ അന്വേഷണ ഏജൻസികൾ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും അദ്ദേഹം ഉയർത്തി. ലൈഫ് മിഷനിൽ നടന്നത് റെക്കോർഡ കൈക്കൂലി ആണെന്നും സതീശൻ ആരോപിച്ചു.
ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന കപ്പലിനെ അദ്ദേഹത്തിന് നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശൻ എംഎൽഎ. കപ്പിത്താന്റെ ക്യാബിനിൽ തന്നെയാണ് കള്ളന്മാർ. സ്വർണക്കടത്തിന്റെ ആസ്ഥാനം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കറിനെ കള്ളക്കടത്ത് സംഘം വരുതിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയേറ്റിൽ എൻഫോഴ്സ്മെന്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രിക്ക് എന്ത് ചോദിച്ചാലും ഒന്നും അറിയില്ല. എല്ലാം അറിയുന്ന ഒരാളിനെ എല്ലാ മന്ത്രിമാരും ചേർന്ന് കുറ്റപ്പെടുത്തുകയാണെന്നും സതീശൻ പരിഹസിച്ചു.
കള്ളക്കടത്തുകാർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മറയാക്കി. പിൻവാതിലിലൂടെ സെപ്യ്‌സ് പാർക്കിൽ ജോലിക്ക് കയറി. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കണോ എന്നും വി ഡി സതീശൻ ചോദിച്ചു. ലൈഫ് പദ്ധതിയിൽ എന്താണ് നടക്കുന്നത്? റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിൽ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനാണ് ലൈഫ് പദ്ധതിയിൽ കൈക്കൂലി വാങ്ങിയതെന്നും വി ഡി സതീശൻ ആരോപിച്ചു.
സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. വ്യക്തമായ പദ്ധതിയുമായാണ് സ്വർണക്കടത്ത് സംഘം എത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ധാരണപത്രം ഒപ്പിട്ട ശേഷം സർക്കാർ ഒന്നും ചെയ്തില്ല. ബെവ്കോ ആപ്പിൽ അഴിമതിയാണ്. എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. പാവങ്ങളുടെ ലൈഫ് മിഷൻ സർക്കാർ കൈക്കൂലി മിഷൻ ആക്കി. വിദേശ നിയമങ്ങളെയും ചട്ടങ്ങളെയും ബൂർഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് കെ.ടി ജലീൽ വാട്സാപ്പിലൂടെ ബദലുണ്ടാക്കി. സക്കാത്ത് സ്വന്തം പോക്കറ്റിൽ നിന്നാണ് കൊടുക്കേണ്ടത്. കള്ള തട്ടിപ്പിന് മന്ത്രി വിശുദ്ധ ഗ്രന്ഥത്തിനെ മറയാക്കി. 15 തവണയാണ് ജലീൽ സ്വർണക്കടത്ത് പ്രതിയെ ഫോണിൽ വിളിച്ചതെന്നും സതീശൻ പറഞ്ഞു.
എല്ലാ നിയമങ്ങളെയും ജലീൽ കാറ്റിൽപറത്തി. കൺസൾട്ടൻസി സർക്കാരിന്റെ വീക്ക്‌നെസാണ്. ലൈഫിൽ നാലേകാൽ കോടിയല്ല ഒമ്പതേകാൽ കോടിയാണ് കമ്മീഷൻ. ഈ കെട്ടകാലത്ത് ഏജന്റുമാരും മൂന്നാമന്മാരും അവതാരങ്ങളുമെല്ലാം സെക്രട്ടേറിയേറ്റിൽ കയറിയിറങ്ങുകയാണ്. 51 വെട്ടുവെട്ടി മാധ്യമസ്വാതന്ത്ര്യത്തെയും ജമാധിപത്യത്തെയും കൊല്ലരുത്. കൺസൾട്ടൻസി രാജിനെ കുറിച്ച് ഒരു ധവളപത്രം ഇറക്കാൻ സഹായം യാത്രയാക്കണം. ധനകാര്യമന്ത്രിയും ധനകാര്യവകുപ്പും നോക്കുകുത്തിയായി. ഈ നാടിന്റെ സമ്പദ്വ്യവസ്ഥ കുട്ടിച്ചോറായി.
കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ അമർഷത്തിന്റെ തീ പുകയുകയാണ്. പ്രളയ പുനർനിർമ്മാണം തകർന്ന് തരിപ്പണമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എട്ട് കോടി രൂപ സഖാക്കന്മാർ തട്ടിയെടുത്തു. പ്രളയഫണ്ട് തട്ടിച്ചവരെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് സാധിച്ചില്ല. ക്യാബിനറ്റ് കൂടുമ്പോൾ മന്ത്രിമാർ എന്തെങ്കിലും തുറന്ന് സംസാരിക്കണം. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല. ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിലാണ്. കേരളത്തിന്റെ മാനാഭിമനത്തിന് മേൽ സർക്കാർ മുറിവേൽപ്പിച്ചുവെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് നിയമന നിരോധനമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗാർത്ഥികളെ വഞ്ചിച്ചുവെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വരെ പാർട്ടിക്കാർ തട്ടി എടുത്തിട്ടും നടപടി ഇല്ലെന്നും സതീശൻ ആരോപിച്ചു. കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണമെന്നും സതീശന്റെ പരിഹാസിച്ചു.
മറുനാടന് ഡെസ്ക്