ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയിയായി ബിജെപി നേതാവ് വെങ്കയ്യ നായിഡുവിനെ തിരഞ്ഞെടുത്തു. 771 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പ്രതിക്ഷ സ്ഥാനാർത്ഥിയേക്കാൾ വിലയ മാർജ്ജിനിൽ വോട്ട് നേടിയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ വെങ്കയ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 516 വോട്ട് വെങ്കയ്യക്ക് ലഭിച്ചപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത് 244 വോട്ടുകൾ മാത്രമായി. 11 വോട്ടുകൾ അസാധുവായി. പ്രതിപക്ഷത്തു നിന്നടക്കം വോട്ടുകൾ ചോർന്നത് പ്രതിപക്ഷ ഐക്യത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി.

പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ നേടിയാണ് വെങ്കയ്യയുടെ വിജയം എന്നത് എൻഡിഎ ക്യംപിനെ സന്തോഷം പകർന്നപ്പോൾ പ്രതിപക്ഷം കൂടുതൽ ദുർബലമായതിന്റെ തെളിവ് കൂടിയായി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. 484 വോട്ടുകൾ വെങ്കയ്യയ്ക്ക് കിട്ടുമെന്നായിരുന്നു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കണക്ക് കൂട്ടൽ. എന്നാൽ, സഖ്യത്തിന് പുറത്തു നിന്നുള്ള പിന്തുണയാണ് വെങ്കയ്യ എന്ന സൗമ്യ വ്യക്തിത്വത്തിന് ലഭിച്ചത്. സഖ്യത്തിന് പുറത്തുള്ള എഐഎഡിഎംകെ, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു. അതിനാൽ അനായാസം വിജയം നേരത്തെ തന്നെ എൻഡിഎ പ്രതീക്ഷിച്ചിരുന്നു.

അതേസമയം പതിനൊന്ന് എംപിമാരുടെ വോട്ടുകൾ അസാധുവായത് കല്ലുകടിയായി. എംപിമാരെ വോട്ട് ചെയ്തു പഠിപ്പിക്കാനായി അമിത്ഷായുടെ നിർദ്ദേശപ്രകാരം ബിജെപിയിലേയും മറ്റു എൻഡിഎ ഘടകക്ഷികളിലേയും എംപിമാർക്ക് വേണ്ടി ഡമ്മി വോട്ടിങ് നടത്തിയിരുന്നു. ഇതിൽ പതിനാറ് എംപിമാർ തെറ്റായി വോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 21 വോട്ടുകൾ അസാധുവായ സാഹചര്യത്തിലായിരുന്നു എൻഡിഎയുടെ ഈ മുൻകരുതൽ. എന്നാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും 16 വോട്ടുകൾ പാഴായിരിക്കുകയാണ്.

രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. അഞ്ചുമണിക്ക് വോട്ടെടുപ്പ് അവസാനിച്ചു. തുടർന്ന് വോട്ടെണ്ണൽ നടന്നു. ഏഴുമണിയോടെ വിജയിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന രാം നാഥ് കോവിന്ദ് വിജയിച്ചിരുന്നു. വിജയത്തോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ സുപ്രധാന പദവികളിൽ സംഘപരിവാർ നേതാക്കളെത്തി. പ്രതിപക്ഷത്തെ ഭയക്കാനില്ലാത്ത അവസ്ഥയിൽ എത്തിയതോടെ കൂടുതൽ പരിഷ്‌ക്കാരങ്ങളുമായി ആർസ്എസ്-ബിജെപി നേതൃത്വം മുന്നോട്ടു നീങ്ങുമെന്നത് ഉറപ്പാണ്.

പാർലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേർ ലോക്സഭാ അംഗങ്ങളുമാണ്. ഇതിൽ 771 പേരാണ് ഇന്ന് വോട്ട് ചെയ്തത്. രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചു മണിക്കാണ് വോട്ടെടുപ്പ് അവസാനിച്ചത്. ലോക്സഭയിലെയും രാജ്യസഭയിലെയും785 എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടർമാർ.

അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞതിനെത്തുടർന്നാണ് അവസരം നിഷേധിച്ചത്. അഞ്ച് മണിക്കാണ് വോട്ടിങ് സമയം അവസാനിച്ചത്. എന്നാൽ കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും എത്തിയത് 5.10നാണ്. വിമാനം വൈകിയതിനെ തുടർന്നാണ് ഇവർക്ക് പാർലമെന്റിൽ കൃത്യസമയത്ത് എത്താൻ സാധിക്കാതിരുന്നത്.

അതേസമയം, എയർ ഇന്ത്യാ വിമാനങ്ങൾ മനഃപൂർവ്വം വൈകിപ്പിച്ചതാണെന്നും ആരോപണങ്ങളുണ്ട്. ആദ്യ വിമാനം യാത്രാ സമയമായിട്ടും പുറപ്പെടാതെ യാത്രക്കാരെ മറ്റൊന്നിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ വിമാനവും കൃത്യസമയത്ത് പുറപ്പെട്ടില്ല. തുടർന്ന് മറ്റൊരു വിമാനത്തിലാണ് എംപിമാർ ഉൾപ്പെട്ട യാത്രക്കാർ ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഈ മാസം പത്തിനാണ് നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി അവസാനിക്കുന്നത്.

ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം ഗ്രാമമാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശം. കർഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് 68 വയസുള്ള വെങ്കയ്യനായിഡു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ആദ്യ ബിജെപി എംഎൽഎയായ വെങ്കയ്യനായിഡു ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏറ്റവും ജനകീയനായ ബിജെപി നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയിലെ ഏറ്റവും പ്രതിച്ഛായ ഉള്ള നേതാവു കൂടിയാണ് വെങ്കയ്യ നായിഡു. വെങ്കയ്യ ഉപരാഷ്ട്രപതിയായ വിവരം അറിവായതോടെ ബിജെപി പ്രവർത്തർ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്.