തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിനെ രാഷ്ട്രീയമായ കുടുക്കിയതെന്ന വാദം ഉയർത്തി പ്രതിരോധം തീർക്കാൻ കോൺഗ്രസിന്റെ ശ്രമം. അറസ്റ്റിലേക്ക് കടന്നത് അസ്വാഭാവികമാണെന്നും പൊലീസ് പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും പറഞ്ഞു കൊണ്ടാണ് കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനാ വാദം ഉയർത്തുന്നത്. രാജി ആവശ്യം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നെങ്കിലും ഇക്കാര്യത്തിൽ പ്രതിപക്ഷത്തു നിന്നും കാര്യമായ അഭിപ്രായം ഉയരാത്തത് രാജി ആവശ്യത്തിൽ നിന്നും പിന്നോട്ടു പോകാൻ ഇടയാക്കിയിട്ടുണ്ട്. നിയമത്തിന്റെ മാർഗ്ഗത്തിൽ പോയി ജാമ്യം നേടാനാണ് വിൻസെന്റിന്റെ ശ്രമം.

51കാരിയായ വീട്ടമ്മയുടെ പരാതിയിൽ മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് എം വിൻസന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. എംഎൽഎ ഹോസ്റ്റലിലെ നിളാ ബ്ലോക്കിലുള്ള ഒമ്പതാം നമ്പർ മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഹരികുമാർ, പാറശ്ശാല എസ്‌ഐ പ്രവീൺ എന്നിവരടങ്ങിയ അഞ്ചംഗ പൊലീസ് സംഘം ഉച്ചയ്ക്ക് 12.40നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേസിന്റെ അന്വേഷണ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അജിതാ ബീഗം പേരൂർക്കട പൊലീസ് ക്ലബ്ബിലിരുന്ന് സംഘാംഗങ്ങൾക്ക് നിർദ്ദേശം നല്കി.

തെളിവുകൾ എല്ലാം ലഭിച്ച സാഹചര്യത്തിലായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ.വീട്ടമ്മയെ അഞ്ച് മാസത്തിനുള്ളിൽ 900ലേറെ തവണ എംഎൽഎ വിളിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. വീട്ടമ്മയുടെ ബന്ധുവിനെ എംഎൽഎ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണവും തെളിവായി കിട്ടിയിരുന്നു.എംഎൽഎ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ മജിസ്ട്രേറ്റിനും അന്വേഷണസംഘത്തിനും മുമ്പാകെ മൊഴി നല്കിയത്.സാഹചര്യതെളിവുകളും ശാസ്ത്രീയതെളിവുകളും എംഎൽഎയ്ക്ക് എതിരാണെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, പരാതിക്കാരിയായ യുവതിയുടെ മാനസിക നില ശരിയല്ലെന്നത് അടക്കമുള്ള വാദം ഉയർത്തിയാണ് കോൺഗ്രസ് പ്രതിരോധം തീർക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ വേളിലും ഇക്കാര്യം എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചയാണ് വിൻസെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. പരാതിക്കാരിയായ സ്ത്രീയുടെ മാനസികനില തകരാറിലാണെന്നാണ് ജാമ്യാപേക്ഷയിൽ എംഎൽഎ വിശദമാക്കിയിരിക്കുന്നത്. ഇവർ വിഷാദ രോഗത്തിന് മരുന്ന് കഴിച്ചിരുന്നയാളാണെന്നും മധ്യസ്ഥ ചർച്ചകൾക്കിടെ പലപ്പോഴും ആത്മഹത്യാഭീഷണി മുഴക്കിയിരുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഇക്കാര്യം തെളിയിക്കാൻ പോന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കുമെന്നാണ് എംഎൽഎയോട് അടുപ്പമുള്ളവർ പറയുന്നത്.

എംഎൽഎ കുടുങ്ങിയത് 'ഓട്ടോമാറ്റിക് കാൾ റെക്കോഡർ' സംഭാഷണങ്ങളിൽ

അതേസമയം എംഎൽഎക്കെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് അന്വേഷണം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എം വിൻസെന്റെ് എംഎ‍ൽഎയുടെ അറസ്റ്റിലേക്ക് നയിച്ചത് പരാതിക്കാരിയുടെ സഹോദരന്റെ ഫോൺ സംഭാഷണങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളുടെ സ്മാർട്ട് ഫോണിലെ 'ഓട്ടോമാറ്റിക് കാൾ റെക്കോഡർ' വഴി സേവായ എംഎ‍ൽഎയുമായുള്ള ഫോൺ സംഭാഷണങ്ങൾ തിരികെ എടുത്താണ് അന്വേഷണ സംഘം പ്രതിക്കായി വലവിരിച്ചത്.

ജൂലൈ 19നാണ് വിൻസെന്റ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുന്നത്. തുടർന്ന് ഇവരെ നെയ്യാറ്റികര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം മുതൽ എംഎ‍ൽഎ സഹോദരനുമായി ബന്ധപ്പെടുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തന്റെ സഹോദരിയുമായി വിൻസെന്റിനുണ്ടായിരുന്ന ബന്ധം ഇദ്ദേഹത്തിന് നേരത്തേ അറിയാമായിരുന്നു.

ആത്മഹത്യശ്രമം നടത്തുന്നതിന് ദിവസങ്ങൾക്കു മുമ്പ് താൻ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി വിൻസെന്റ് ആയിരിക്കുമെന്നും വീട്ടമ്മ സഹോദരനോട് ഫോണിലൂടെ പറഞ്ഞിരുന്നു. ഈ സംഭാഷണങ്ങളെല്ലാം ഫോണിലെ മെമ്മറി കാർഡിൽ സേവായിരുന്നു. സ്മാർട്ട് ഫോണിലെ സാങ്കേതിക വിദ്യകളെക്കുറിച്ച് ഏറെ പരിചയമില്ലാത്ത ഇയാൾക്ക് ഇവ നശിപ്പിച്ചു കളയാനും അറിയില്ലായിരുന്നു. വീട്ടമ്മ ആശുപത്രിയിലായതിന്റെ രണ്ടാം ദിവസം വിൻസെന്റ് സഹോദരനെ വീണ്ടും ബന്ധപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ചില പ്രാദേശിക സി.പി.എം പ്രവർത്തകരാണ് വിവരം നെയ്യാറ്റികര സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് പിടിച്ചെടുത്ത ഫോണിൽനിന്നാണ് വീട്ടമ്മയും വിൻസെന്റും തമ്മിലെ ബന്ധം വെളിപ്പെടുത്തുന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചു മാസത്തെ വീട്ടമ്മയുടെയും എംഎ‍ൽഎയുടെയും ഫോൺ സംഭാഷണങ്ങൾ പരിശോധിച്ച ശേഷമാണ് ശനിയാഴ്ച ചോദ്യം ചെയ്യലിനായി വിൻസെന്റിനെ വിളിച്ചുവരുത്തിയത്.

പരാതിയിൽ ഉറച്ച് വീട്ടമ്മ

അതേസമയം എംഎൽഎയെ അറസ്റ്റു ചെയ്തപ്പോഴും പരാതിയിൽ ഉറച്ചു നിൽക്കുകയാണ് വീട്ടമ്മ. സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് വിൻസെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. കടയിൽ കയറി വന്ന എംഎൽഎ തന്നെ കയറിപിടിക്കുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു. പിന്നീടും തന്നെ എംഎൽഎ ലൈംഗികമായി ഉപയോഗിച്ചെന്ന് വീട്ടമ്മ പറഞ്ഞു. ബാലരാമപുരത്ത് ഇത്രയും ധൈര്യമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു കൊണ്ടാണ് എംഎൽഎ തന്നെ കയറി പിടിച്ചതെന്നും മൊഴികളിൽ താൻ ഉറച്ചുനിൽക്കുന്നെന്നും വീട്ടമ്മ പറഞ്ഞു. വിൻസെന്റ് പരാതിക്കാരിയായ വീട്ടമ്മയെ 900 തവണ വിളിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് ഇത്.

വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയിൽ എംഎൽഎക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പൊലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിൻക്കര മജിസ്ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നൽകിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ പീഡനം കൂടി ഉൾപ്പെടുത്തിയത്.

അസാധാരണ നടപടിയെന്ന് ചെന്നിത്തല, രാജിവേണമെന്ന് ഷാനിമോളും ബിന്ദു കൃഷ്ണയും

കോവളം എംഎൽഎ എം.വിൻസെന്റിന്റെ അറസ്റ്റ് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സംഭവം ഗൗരവമായാണ് കാണുന്നത്. വിഷയം യുഡിഎഫിൽ ചർച്ച ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു. അതേസമയം വിൻസെന്റിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. കോടതി കുറ്റക്കാരനെന്നു വിധിച്ചാൽ മാത്രമേ പാർട്ടി നടപടിയെടുക്കൂ എന്നു ഹസൻ കൂട്ടിച്ചേർത്തു. കോൺഗ്രസിലെ വനിതാ നേതാക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹസൻ പറഞ്ഞു.

അതേസമയം വിൻസന്റ് തെറ്റുകാരനാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, തനിക്കെതിരായ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലായിരുന്നു എംഎൽഎ. കേസിനു പിന്നിലെ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ഡിജിപിക്കു പരാതി നൽകുകയും ചെയ്തിരുന്നു.

എംഎൽഎ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടർന്ന് ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎൽഎക്കെതിരെ ആദ്യം കേസെടുത്തത്. കേസിന്റെ പ്രാധാന്യം പരിഗണിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗത്തെ ഏൽപ്പിക്കുകയായിരുന്നു. ഇവർ പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎൽഎ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാൻ നടത്തിയ ഫോൺ സംഭാഷണം പുറത്തായിരുന്നു.

ഇന്നലെ എം വിൻസെന്റ് എംഎ‍ൽഎ അറസ്റ്റിലായതിന് പിന്നാലെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. സ്റ്റേഷനിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് സ്റ്റേഷനുമുന്നിലെ ചെടിച്ചട്ടികൾ പ്രവർത്തകർ അടിച്ചുതകർത്തു. ഈ സമയം വളരെ കുറച്ച് പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. എന്നാൽ കൂടുതൽ പൊലീസുകാർ ഉടൻ സ്ഥലത്തെത്തി കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞു. എന്നാൽ കൂടുതൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിച്ചതോടെ സംഘർഷം നേരിടാൻ പൊലീസും രംഗത്തെത്തി. എന്നാൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുചുറ്റുംനിന്ന് മുദ്രാവാക്യം മുഴക്കി.