തിരുവനന്തപുരം: ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ വിദ്യാർത്ഥിനികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സിപഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.അവരവരുടെ മതതത്വങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന എല്ലാവർക്കും നൽകുന്നുണ്ടെന്നും ഈ അവകാശത്തെ വെല്ലുവിളിക്കുകയാണ് ആർഎസ്എസ് എന്നും എം.എ. ബേബി ആരോപിച്ചു.

''ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികൾ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നത്. വിവിധ കോടതിവിധികളും നിയമനിർമ്മാണങ്ങളും ഈ അവകാശത്തെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതിൽ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല,'' അദ്ദേഹം പറഞ്ഞു.

ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ആണോ, എന്ന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ച അർത്ഥശൂന്യമാണെന്നും അത് ഉയർത്തിപ്പിടിച്ച് ആർഎസ്എസ് മുസ്ലിങ്ങളെ ആക്രമിക്കാൻ വരികയാണെന്നും എം.എ. ബേബി പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകും എന്ന് തോന്നിയ ആർഎസ്എസ് ജനങ്ങളിൽ വർഗീയവിഭജനം നടത്തി പിടിച്ചുനിൽക്കാനാവുമോ എന്നാണ് പരിശ്രമിക്കുന്നത്. ഈ നികൃഷ്ടശ്രമത്തെ എല്ലാ ജനാധിപത്യവാദികളും ഒത്തുചേർന്ന് പരാജയപ്പെടുത്തണം.

കർണാടകയിൽ പരിമിതമായ ശക്തി മാത്രമുള്ള സിപിഐ.എമ്മും എസ്.എഫ്.ഐ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ ജനാധിപത്യസംഘടനകളും ആർ.എസ്.എസിന്റെ ദുഷ്ടലാക്കിനെതിരെ സാധ്യമായ വിധത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാനായി പ്രവർത്തിക്കുകയാണ്.

വർഗീയ സംഘട്ടനങ്ങളിലൂടെ ചോരക്കളി നടത്തിയായാലും ഭരണനേതൃത്വം കയ്യടക്കണമെന്ന ആർ.എസ്.എസിന്റെ രാക്ഷസീയരാഷ്ട്രീയം മാനവികമൂല്യങ്ങൾ കൈമോശം വന്നിട്ടില്ലാത്തവർ കൈകോർത്തുനിന്ന് പൊരുതി തോൽപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിൽ പഠിക്കുന്ന ആറ് മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് ക്ലാസിന് പുറത്ത് പോകാൻ കോളേജ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കോളേജിന്റെ നിലപാടിനെതിരെ വിദ്യാർത്ഥിനികൾ സമരം തുടരുകയാണ്.

പിന്നാലെ സംഘപരിവാർ-ഹിന്ദുത്വ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെ കാവി ഷാൾ ധരിച്ചെത്തി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കാര്യങ്ങൽ അക്രമത്തിലെത്തുകയും പൊലീസ് ഇടപെടുകയുമായിരുന്നു.

ഹിജാബ് വിവാദത്തിൽ കോളേജിന്റെ നടപടിയെ എതിർത്ത് സമരം ആരംഭിച്ച ആറ് വിദ്യാർത്ഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിർദ്ദേശത്തെത്തുടർന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാർത്ഥിനികൾ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോൺരേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. ഹിജാബ് വിഷയത്തിൽ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കർണാടക സർക്കാർ ആരോപിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ മുസ്ലിം പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് മാറ്റി നിറുത്താൻ കർണാടകത്തിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തിൽ വർഗീയവിഭജനം ഉണ്ടാക്കാനായി മനഃപൂർവം ആസൂത്രണം ചെയ്തിട്ടുള്ളതാണ്. അവരവരുടെ മതതത്വങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നമുക്ക് നല്കുന്നു.
ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുകയാണ് ആർഎസ്എസ്. ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികൾ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നത്.
വിവിധ കോടതിവിധികളും നിയമനിർമ്മാണങ്ങളും ഈ അവകാശത്തെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതിൽ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല. ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ആണോ എന്ന ചർച്ചയും ഇപ്പോൾ അർത്ഥശൂന്യമാണ്. പ്രത്യേകിച്ചും അതും ഉയർത്തിപ്പിടിച്ച് ആർഎസ്എസ് മുസ്ലിങ്ങളെ ആക്രമിക്കാൻ വരുമ്പോൾ.
അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകും എന്ന് തോന്നിയ ആർഎസ്എസ് ജനങ്ങളിൽ വർഗീയവിഭജനം നടത്തി പിടച്ചു നില്ക്കാനാവുമോ എന്നാണ് പരിശ്രമിക്കുന്നത്.
ഈ നികൃഷ്ടശ്രമത്തെ എല്ലാ ജനാധിപത്യ വാദികളും ഒത്തുചേർന്ന് പരാജയപ്പെടുത്തണം. കർണാടകയിൽ പരിമിതമായ ശക്തി മാത്രമുള്ള സിപിഐ എമ്മും എസ് എഫ് ഐ, ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ ജനാധിപത്യസംഘടനകളും ആർ എസ് എസിന്റെ ദുഷ്ടലാക്കിനെതിരെ സാദ്ധ്യമായവിധത്തിൽ ജനങ്ങളെ ബോധവല്ക്കരിക്കാനായി പ്രവർത്തിക്കുകയാണ്.
വർഗ്ഗീയസംഘട്ടനങ്ങളിലൂടെ ചോരക്കളിനടത്തിയായാലും ഭരണനേതൃത്വം കൈയടക്കണമെന്ന
ആർ എസ്സ് എസ്സിന്റെ രാക്ഷസീയരാഷ്ട്രീയം ,മാനവികമൂല്യങ്ങൾകൈമോശംവന്നിട്ടില്ലാത്തവർ കൈകോർത്തുനിന്ന് പൊരുതിതോല്പിക്കേണ്ടതുണ്ട്.