കണ്ണൂർ : വർഗ്ഗരഹിതമായ, ഭരണകൂട സംവിധാനങ്ങളില്ലാത്ത, ചൂഷണവിമുക്തമായ ഒരു സമൂഹം വിഭാവന ചെയ്യുന്ന രാഷ്ട്രീയതത്വശാസ്ത്രമാണു് കമ്മ്യൂണിസം. വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണത്. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് അത്. ഇവിടെ ജാതിക്കും മതത്തിനും ദൈവത്തിനും റോളില്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ഇതിന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെങ്കിലും മാറ്റം വരുത്തുകയാണ്. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം കൂടിയായ സിപിഐ(എം) നേതാവ് എംഎ ബേബിയുടെ വാക്കുകൾ നൽകുന്ന സൂചന അതാണ്.

മതത്തെയും ദൈവവിശ്വാസത്തെയും കുറിച്ചുള്ള സിപിഐ(എം) നിലപാടിൽ മാറ്റം വന്നുതുടങ്ങിയിട്ടുണ്ടെന്നു എം.എ.ബേബി പറയുന്നു. പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രം പുറത്തിറക്കിയ ഉത്തരകേരളംആരാധനാലയങ്ങളും സമകാലീന പ്രവണതകളും എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ പുനർവിചിന്തനത്തിനു വിധേയമാക്കണമെന്നു കൊൽക്കത്തയിൽ നടന്ന പാർട്ടി പ്ലീനം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിശദീകരണം. ഏതായാലും മതത്തേയും വിശ്വാസത്തേയും അംഗീകരിക്കേണ്ട സാഹചര്യത്തിലേക്ക് സിപിഐ(എം) എത്തുകയാണ്.

ഉത്തരകേരളത്തിലെ ആരാധനാലയങ്ങളിൽ വന്ന മാറ്റത്തെക്കുറിച്ചു സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രം പുറത്തിറക്കിയ പുസ്തകം പാർട്ടി നിലപാടിൽ വന്ന മാറ്റത്തിന്റെ സൂചനയാണ്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുമായി താൻ നടത്തിയ സംഭാഷണം പുസ്തകമായി പുറത്തിറക്കിയതും ഇതിന്റെ ഭാഗമാണെന്നും ബേബി പറഞ്ഞു. ദൈവമില്ല എന്നെനിക്കറിയാം. പക്ഷേ ഭൂരിപക്ഷം ജനങ്ങളുടെയും ബോധത്തിലുള്ള യാഥാർഥ്യമാണു ദൈവവും മതവും-ബേബി പറയുന്നു. ഇതിനെ അംഗീകരിക്കാൻ പാർട്ടി തയ്യാറാകുമെന്ന സൂചനയാണ് ബേബിയുടെ വാക്കുകളിലുള്ളത്.

സംവാദത്തിലെ ബലപ്രയോഗത്തിലൂടെയല്ല. യുക്തിയുക്തമായ സംവാദങ്ങളിലൂടെയാണ് ആ വിശ്വാസത്തെ മാറ്റിയെടുക്കേണ്ടതെന്നും ബേബി പറഞ്ഞു. മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്നാണു മാർക്‌സ് പറഞ്ഞത്. മാർക്‌സ് അതു പറയുന്ന കാലത്തു കറപ്പ് വേദനസംഹാരിയായി ഉപയോഗിച്ചിരുന്നു. മുതലാളിത്തത്തിന്റെ ചൂഷണത്തിൽ പിടയുന്ന മനുഷ്യന്റെ വേദനയിൽ നിന്ന് ആശ്വാസം കണ്ടെത്താനുള്ള മരുന്നാണു മതം. അതേ സമയം ആദിവാസികളെ ഹൈന്ദവവൽക്കരിക്കാനും കാവുകളെ ബ്രാഹ്മണവൽക്കരിക്കാനുമുള്ള നീക്കം ചെറുക്കണം. തീവ്രവാദികൾക്കും ഭീകരവാദികൾക്കും നാട്ടിലെ ആരാധനാലയങ്ങൾ കൈമാറാൻ അനുവദിക്കരുതെന്നും ബേബി പറഞ്ഞു.

കാറൽ മാർക്സും ഏംഗൽസും നിരീശ്വര വാദികളായിരുന്നു. അവർ മതവിരോധികളുമായിരുന്നു. അതുകൊണ്ട് തന്നെ കമ്മ്യൂണിസം/മാർക്സിസം നിരീശ്വര മതവിരുദ്ധ തത്ത്വശാസ്ത്രമായി. കമ്മ്യൂണിസ്റ്റുകാരും അങ്ങനെത്തന്നെ ആയിരുന്നു. ലോകത്തിൽ എല്ലായിടത്തും അധികാരത്തിൽ വന്ന രാജ്യങ്ങളിൽ അവർ മതവിരുദ്ധ പ്രവർത്തനങ്ങളും നിരീശ്വരവാദ പ്രചാരണങ്ങളും നടത്തിപ്പോന്നിട്ടുണ്ട്. ആർഷഭാരതത്തിൽ മതവിരുദ്ധ നിരീശ്വരവാദ കമ്മ്യൂണിസത്തിന് വേരോടാൻ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്രം കൈവെടിഞ്ഞുകൊണ്ട് മത-ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ പാർട്ടി പ്രവർത്തനം നടത്തുന്നുവെന്ന വിമർശനം സിപിഎമ്മിനെതിരെ ശക്തമാണ്. ഇത് കൂടുതൽ കരുത്ത് പകരാൻ ഉപകരിക്കുന്നതാണ് ബേബിയുടെ പ്രസ്താവന. എന്നാൽ പാർട്ടിയിലേക്ക് കൂടുതൽ പേർ അടുക്കാൻ വിശ്വാസ ചിന്തകളിൽ മാറ്റം വരുത്തിയേ മതിയാകൂവെന്നാണ് സിപിഎമ്മിലെ ബഹുഭൂരിപക്ഷത്തിന്റേയും നിലപാട്.

പാർട്ടി അണികൾ ശബരിമലയിൽ വൃതം നോക്കി പോകുന്നതിനേയും മറ്റും നേരത്തെ പാർട്ടി അനുവദിച്ചിരുന്നില്ല. എന്നാൽ ഈ സമീപനത്തിന് മാറ്റം വരുത്തി. ക്ഷേത്രകാര്യങ്ങളിലും മറ്റും ഇടപടണമെന്ന നിർദ്ദേശം പ്രാദേശിക ഘടകങ്ങൾ ദേശീയ-സംസ്ഥാന നേതൃത്വം നൽകി. ഇതിന്റെ തുടർച്ചയായാണ് വിശ്വാസകാര്യങ്ങളിൽ കൂടതൽ പുനർചിന്തനത്തിന് സിപിഐ(എം) തയ്യാറെടുക്കുന്നത്.