കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്ന വിഷയത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ തനിക്ക് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കി നടി മാല പാർവ്വതി. വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി നൽകിയ ശുപാർശകൾ അതേപോലെ പാലിച്ചു എന്ന രചന നാരായണൻകുട്ടിയുടെ വാദം തള്ളിയാണ് മാല പാർവ്വതിയുടെ പ്രതികരണം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, നടൻ സിദ്ദിഖ് തുടങ്ങിയവർ വിഷയത്തിൽ നടപടിയെടുക്കുന്നതിനെ എതിർത്തുവെന്നും മാല പാർവതി തുറന്നടിച്ചു.

തിങ്കളാഴ്ചയാണ് അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി (ഐസിസി)യിൽ നിന്ന് നടി മാല പാർവതി രാജിവച്ചത്. ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അമ്മ അച്ചടക്ക നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരും ഇപ്പോൾ ഐസിസിയിൽ നിന്നും രാജി വച്ചിരിക്കുകയാണ്. ആറംഗ കമ്മറ്റിയിൽ നിന്നും പകുതിയോളം പേർ രാജിവച്ച സാഹചര്യത്തിൽ, എന്താണ് രാജിയിലേക്ക് നയിച്ചതെന്ന് ഒരു ദൃശ്യമാധ്യമത്തോട് തുറന്നു പറയുകയായിരുന്നു മാല പാർവതി.

'രചന നാരായണൻകുട്ടിയുടെ ഒരു പ്രതികരണം ഞാൻ കണ്ടിരുന്നു. എന്താണോ ഐസിസി നൽകിയ ശുപാർശ അതുമാത്രമാണ് 'അമ്മ' ചെയ്തത് എന്നാണ് അവർ പറയുന്നത്. 'അമ്മ' ഐസിസിയെ നോക്കുകുത്തിയാക്കിയില്ല എന്നാണ്. ഞങ്ങൾ എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് അറിയില്ല എന്നും അവർ പറഞ്ഞിരുന്നു. അതിന് ഒരു മറുപടി നൽകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഒളിവിലുള്ള ഒരാളുടെ കത്ത് വാങ്ങി അവരെ ഒഴിവാക്കണം എന്ന് ഐസിസിക്ക് നിർദ്ദേശം നൽകാൻ സാധിക്കുമോ? നമ്മൾ ഗോപ്യമായി വെക്കേണ്ടത് ആ പെൺകുട്ടിയുടെ രക്ഷ എന്നതല്ലേ. നമുക്ക് പരാതിയൊന്നും വന്നിട്ടില്ല. അയാൾ ഇരയുടെ പേര് വെളിപ്പെടുത്തി എന്നത് ഒരു കുറ്റകൃത്യമാണ് എന്ന ബോധ്യത്താൽ നമ്മൾ സ്വമേധയാ മീറ്റിങ്ങ് വിളിച്ചുകൂട്ടി ശുപാർശ കൊടുത്തത്. രചനയും അഡ്വ അനഘയും ഐസിസിയോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ അത് എനിക്ക് മനസ്സിലാകുന്നില്ല', മാല പാർവ്വതി പറഞ്ഞു.

'26ന് വൈകുന്നേരം ക്രൈം നടക്കുന്നു. അദ്ദേഹം പേര് പറയുന്നു. ഒന്നാം തീയതി എക്‌സികൂട്ടിവ് കമ്മിറ്റി നടക്കുമ്പോൾ അദ്ദേഹം സ്വമേധയാ കത്തയക്കുന്നു. ഒളിവിൽ ഇരിക്കുന്ന ഒരാൾ കമ്മിറ്റി നടക്കുമ്പോൾ കൃത്യമായി കത്തയക്കുന്നു. ഇത് ആരോടാ പറയുക. ദിലീപിന്റെ കേസ് നടക്കുമ്പോൾ ബൈലോ അത്ര ശക്തമല്ല. ഒരു കുടുംബം പോലെ നടന്നിരുന്ന സ്‌നേഹ സൗഹൃദ ക്ലബ് ആയതുകൊണ്ട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് എല്ലാം പുനഃക്രമീകരിക്കേണ്ടി വന്നു.

ഇന്നത്തെ സ്ഥിതി അതല്ല. ബൈലോ ശക്തമാണ്. എല്ലാ കാര്യത്തെക്കുറിച്ചും വ്യക്തമായ ഘടന അമ്മയിലുണ്ട്. ഐസിയിൽ എടുത്തില്ലായിരുന്നെങ്കിൽ ഞാൻ അമ്മയുടെ സാധാരണ അംഗം മാത്രമാണ്. ഞാൻ അമ്മയിലേക്ക് പോവുക പോലും ഉണ്ടാകില്ല. എന്നാൽ ഐസിസിയിൽ ഉള്ളപ്പോൾ അത് ഒരു ഉത്തരവാദിത്തമാണ്. അത് ചെയ്തിരിക്കും', മാല പാർവ്വതി അറിയിച്ചു.

സിദ്ദിഖ്, ഇടവേള ബാബു മുതലായവർ വിഷയത്തിൽ എതിർപ്പുമായി വന്നു എന്നും മാല പാർവ്വതി അറിയിച്ചു. 'എക്‌സികൂട്ടിവ് കമ്മിറ്റിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമേയുള്ളു. ഐസിസിയെക്കുറിച്ച് അവർക്ക് എന്ത് കാര്യം എന്നാണ് നടൻ സിദ്ദിഖ് ചോദിച്ചു എന്നാണ് ഞാൻ കേട്ടത്. അത്തരം നടപടികൾ ഒന്നും ഇപ്പോൾ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ സംരക്ഷിക്കും എന്ന നിലപാടാണ് എനിക്ക് അതിൽ നിന്ന് വായിച്ചുകേട്ടത്.

ഐസിസിക്ക് എന്ത് കാര്യം, അവർക്ക് പരാതിയൊന്നും വന്നില്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. പല ഘട്ടങ്ങളിലും അതായത് 27ന് ഞങ്ങൾ കമ്മിറ്റി കൂടുമ്പോൾ ശ്വേതയും ഞങ്ങളും ചേർന്ന് നടപടി എടുക്കണം എന്ന് പറയുമ്പോൾ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ നമുക്ക് അത് കൂടേണ്ടതില്ല എന്ന് പലരും പറഞ്ഞിരുന്നു. ആ സമയം സിദ്ദിഖ് അമ്മയുടെ ഓഫീസിൽ ഉണ്ടായിരുന്നു എന്ന് ഞങ്ങൾ അറിയാനിടയായി. ഐസിസിക്ക് ഇതിൽ റോൾ ഒന്നും തന്നെയില്ല, പരാതി വന്നിട്ടില്ല, അമ്മയുടെ ഓഫീസിൽ വെച്ചല്ല എന്നാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു ചേട്ടൻ ആദ്യമേ തന്നെ പറഞ്ഞത്', മാല പാർവ്വതി അറിയിച്ചു.

ബാബുരാജ് മാത്രമാണ് വിഷയത്തിൽ പിന്തുണ നൽകിയത് എന്നും മാല പാർവ്വതി പറഞ്ഞു. 'ബാബുരാജ് മാത്രമാണ് ഈ വിഷയത്തിൽ എന്തെങ്കിലും നടപടിയുണ്ടാകാൻ കാരണം. അദ്ദേഹം നടപടിയെടുക്കാത്ത പക്ഷം രാജിവെക്കും എന്ന് വരെ പറഞ്ഞു' നടി അറിയിച്ചു. 'വിഷയത്തിൽ എന്തെങ്കിലും മാറ്റം വരുമോ എന്ന് ക്ഷമയോടെ നോക്കിയവരാണ് ശ്വേതയും കുക്കുവും. അമ്മയോട് വലിയ സ്‌നേഹമുള്ളവരാണ് ഇരുവരും. അതിനാൽ തന്നെ അമ്മയെ തിരുത്താൻ സാധിക്കുമെന്ന് അവർ വിശ്വസിച്ചു.

ഞാൻ അത്രത്തോളം അമ്മയുമായി അത്ര ഇടപെട്ടിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം സിദ്ദിഖിന് നിന്നും ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഒരു അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകൾ കാരണം ഞാൻ കുറച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോൾ എനിക്ക് ഇതിൽ വലിയ പ്രതീക്ഷയില്ല', മാല പാർവ്വതി കൂട്ടിച്ചേർത്തു.

ഐസിസി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ട് ഒന്നു രണ്ടുമാസമേ ആവുന്നുള്ളൂ. ഐസിസി രൂപീകരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ആദ്യം ട്രെയിനിങ് തന്നു. അമ്മയിൽ വനിതാദിന ആഘോഷങ്ങൾ സംഘടിപ്പിച്ചതെല്ലാം സ്ത്രീകളുടെ ശബ്ദം ഇനിയിവിടെ കേൾക്കപ്പെടുമെന്ന ഉറപ്പിന്റെ പുറത്താണ്. ഒരു മാറ്റമായിരിക്കും എന്ന് പറഞ്ഞിട്ടാണ് എക്‌സിക്യൂട്ടീവ് കൗൺസിലിൽ ഇത്രയേറെ സ്ത്രീകളെ ഉൾപ്പെടുത്തിയതും.

ഐസിസി എന്നത് അമ്മയുടെ കമ്മറ്റിയല്ല എന്നാണ് പ്രധാനമായും മനസ്സിലാക്കേണ്ടത്. അതൊരു സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്മറ്റിയാണ്. അതുകൊണ്ടാണ് അതിൽ അമ്മയ്ക്ക് വെളിയിൽ നിന്നുള്ള നിയമവിദഗ്ധരൊക്കെയുള്ളത്. ഇന്ത്യയിലെ ഓരോ സ്ഥാപനങ്ങളിലെ ഐസിസിയും നിരന്തരമായി സൂക്ഷ്മനിരീക്ഷണത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. എപ്പോഴും ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കേണ്ട കമ്മറ്റിയാണ് ഐസിസി.

സുപ്രീം കോടതിയുടെ വിധി പ്രകാരമാണ് അമ്മ സംഘടനയിലും ഐസിസി രൂപീകരിച്ചത്. എന്നാൽ അതിന് ആ സംഘടന പ്രാപ്തമായിരുന്നോ എന്നറിയില്ല! കാരണം ഇതിന്റെ ട്രെയിനിംഗും പോഷ് ആക്റ്റിനെ കുറിച്ചുള്ള കാര്യങ്ങളും നിയമവശങ്ങളും പരിമിതികളും സാധ്യതകളുമൊക്കെ പഠിപ്പിച്ചത് ഐസിസി മെമ്പേഴ്‌സിനെ മാത്രമാണ്. അമ്മ സംഘടനയിലെ അംഗങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ മെമ്പേഴ്‌സിനെയും അക്കാര്യങ്ങളെ കുറിച്ച് ബോധവത്കരിക്കണമായിരുന്നു എന്നു തോന്നുന്നു.

നിയമവശങ്ങളിൽ നിന്നുകൊണ്ട് ചെയ്യേണ്ട ചില കാര്യങ്ങൾ ഐസിസിക്ക് ചെയ്‌തേ പറ്റൂ, ഐസിസിയുടെ നിർദേശങ്ങൾ നടപ്പിൽ വരുത്താൽ എക്‌സിക്യൂട്ടീവ് കമ്മറ്റി ബാധ്യസ്ഥരാണ് താനും. എന്നാൽ അതു കേൾക്കാൻ കൂട്ടാക്കാതെ വളരെ ലാഘവത്തോടെയാണ് അവർ വിഷയത്തെ സമീപിച്ചത്. ഐസിസിയുടെ സ്വതന്ത്ര്യത്തെ റദ്ദ് ചെയ്യുന്ന രീതിയിലുള്ള ഒരു തീരുമാനമാണ് അമ്മ എടുത്തിരിക്കുന്നത്. അതിൽ പ്രതിഷേധിച്ചാണ് ആറുപേരുള്ള കമ്മിറ്റിയിൽ നിന്ന് ഇപ്പോൾ മൂന്നുപേർ രാജിവച്ചിരിക്കുന്നത്.

പൊലീസ് ലുക്കൗട്ട് നോട്ടീസ് കൊടുത്തൊരു വ്യക്തിയെ സംഘടനയ്ക്ക് കോണ്ടാക്റ്റ് ചെയ്യാൻ പറ്റി, അയാളിൽ നിന്നും കത്തുവാങ്ങിച്ചു എന്നു പറയുമ്പോൾ അത് നിയമപരമായി സാധൂകരിക്കാവുന്ന ഒന്നല്ല. ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന് വിവിധ കോടതികളുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയ് ബാബു നടത്തിയത് ക്രൈം തന്നെയാണ്. ഈ രാജ്യത്ത് നിലവിലുള്ള നിയമത്തെ ബഹുമാനിക്കാതിരിക്കുകയാണത്. ആ ചെയ്ത പ്രവൃത്തിയുടെ ആഴവും പരപ്പും മനസ്സിലാക്കാതെ, അതിനെ അഡ്രസ്സ് ചെയ്യാതെ അങ്ങേയറ്റം ലാഘവത്തോടെയാണ് പലരും കാണുന്നത്. എന്താണ് ഇതിന്റെ കുഴപ്പമെന്ന് അമ്മയിലെ ചിലർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

ഏറ്റവും സ്വതന്ത്രമായി സ്ത്രീകൾക്ക് ജോലി ചെയ്യാവുന്ന ഒരു തൊഴിലിടം ഒരുക്കുക എന്നത് തന്നെയായിരുന്നു അതിൽ പ്രധാനം. ഒപ്പം ജെൻഡർ ഇക്വാലിറ്റി ഉറപ്പുവരുത്തുക, സ്ത്രീകളുടെ ശബ്ദം ഉയർന്നു കേൾക്കുന്ന ഒരു അന്തരീക്ഷമുണ്ടാക്കുക, സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന നിയമപരിരക്ഷ പ്രാബല്യത്തിൽ വരുത്തുകയും അതിക്രമങ്ങൾ തടയുകയും ചെയ്യുക, സ്ത്രീകൾക്ക് നിയമം ഉറപ്പു നൽകുന്ന അവകാശങ്ങളെ കുറിച്ച് അംഗങ്ങളെ ബോധവത്കരിക്കാനായി ഒരു സെമിനാർ വയ്ക്കാനും വിദഗ്ധരെ കൊണ്ട് ക്ലാസ് എടുപ്പിക്കാനുമൊക്കെ ഉദ്ദേശിച്ചിരുന്നു.

ആർക്കെങ്കിലും പരാതികൾ ഉന്നയിക്കാൻ ഉണ്ടെങ്കിൽ സത്യസന്ധമായി അതു കേൾക്കുകയും ഉചിതമായ നടപടികൾ കൈകൊള്ളുമെന്നും ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. ശ്വേത മേനോനും കുക്കു പരമേശ്വരനുമൊക്കെ ഇക്കാര്യത്തിൽ ഉറച്ച നിലപാടുള്ളവരായിരുന്നു. പക്ഷേ, ഐസിസി ഇടപ്പെട്ട ആദ്യകേസിൽ തന്നെ ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സമീപനമാണ് അമ്മയുടെ ഭാഗത്തുനിന്നുണ്ടായത്‌