ലണ്ടൻ: ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സ് ഇനി മുതൽ കൈയിലേന്തുക വിധവകളുടെ സ്രഷ്ടാവ് എന്ന വിളിപ്പേരുള്ള എക്സ് എം 556 മെഷീൻ ഗണ്ണുകളായിരിക്കും. ഇതുവരെ ഉണ്ടാക്കിയിട്ടുള്ള മെഷീൻ ഗണ്ണുകളിൽ വെച്ച് ഏറ്റവും മാരകമായതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിന് ഒരു മിനിറ്റിൽ 8000 റൗണ്ട് വെടിയുതിർക്കാൻ കഴിയും. എസ് എ എസ്, എസ് ബി എസ് ഫോഴ്സുകൾ ഇനി മുതൽ ഈ അതിമാരക തോക്കുകളായിരിക്കും ഉപയോഗിക്കുക. എസ് എ എസ് വാഹനങ്ങളിൽ ഇത് ഘടിപ്പിക്കുന്നതായിരിക്കും.

പെട്ടെന്നുണ്ടാകുന്ന ഒളിയാക്രമണങ്ങളെ നേരിടാൻ എം എം 556 വളരെയധികം അനുയോജ്യമാണെന്നാണ് പരിചയസമ്പന്നരായ സൈനികർ പറയുന്നത്. തികച്ചും അവിചാരിതമായി മുന്നിൽ വന്നു ചാടുന്ന ആയുധധാരികളെവളരെ കുറഞ്ഞ സമയം കൊണ്ട് ഇല്ലാതെയാക്കാൻ ഇതിനാകും. ഈ ആറു ബാരൽ മെഷീൻ ഗണ്ണിന് ആവശ്യം 24 വോൾട്ട് ഡി. സി പവറാണ്. 6 കിലോയിൽ താഴെ മാത്രംഭാരമുള്ള ഈ തോക്കിന്റെ നീളം രണ്ടടിയിൽ താഴെയാണ്. 10 സെക്കന്റുകൾ കൊണ്ട് 1,300 വെടിയുണ്ടകളുതിർക്കാൻ ഇതിനാകും. ലോകത്തിലെ മറ്റൊരു മെഷീൻ ഗണിനേക്കാൾ കൂടിയ നിരക്കാണിത്.

ശത്രുക്കളെ എളുപ്പത്തിൽ ഇല്ലാതെയാക്കാൻ കഴിയുന്നതാണ് ഇതിന്റെ രൂപ കൽപന എന്ന് സൈനികർ പറയുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ അധികം വെടിയുണ്ടകൾ ഉതിർക്കാം എന്നതിനാൽ ഒളിപ്പോർ നടത്തുന്ന ശത്രുക്കൾക്കെതിരെ ഇത് ഉപയോഗിക്കാനാകും. പരമാവധി നാശം വിതയ്ക്കാനായി രൂപ കൽപന ചെയ്തിരിക്കുന്ന ഒന്നാണ് ഇതെന്നാണ് ഒരു സൈനികൻ പറഞ്ഞത്. ഇത് വാഹനത്തിലായിരിക്കും ഘടിപ്പിക്കുക. അതുകൊണ്ടു തന്നെ, പെട്ടെന്നൊരു ഒളിയാക്രമണം ഉണ്ടായാൽ, ഉടനടി അത് ഉപയോഗിക്കാൻ കഴിയും.

സാധാരണയായി വാഹനങ്ങളിൽ ഘടിപ്പിച്ച നിലയിലാണെങ്കിലും കാലാൾ സൈനികർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ ശത്രു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് വലിയൊരു പ്രഹരം കുറഞ്ഞ സമയം കൊണ്ട് നൽകൻ കഴിയും. സത്യത്തിൽ ഏതൊരു സൈന്യത്തിന്റെയും ശക്തി പല മടങ്ങുകളായി വർദ്ധിപ്പിക്കാൻ ഇത്തരത്തിലുള്ള ആയുധങ്ങൾക്ക് കഴിയും എന്നാണ് യുദ്ധവിദഗ്ദർ പറയുന്നത്. അതുകൊണ്ടു തന്നെ, ഇത് ബ്രിട്ടീഷ് സൈന്യത്തിന് ഒരു മുതൽക്കൂട്ടാണെന്ന് പറയാതെ വയ്യ.

സാധാരണയായി എസ് എ എസ്സും, എസ് ബി എസ്സും ധാരാളം ആയുധങ്ങൾ പരീക്ഷിക്കാറുണ്ട്. അതിൽ ഏറ്റവും മികച്ചവ യഥാർത്ഥ യുദ്ധരംഗത്ത് പരീക്ഷിക്കും. അതിൽ നിന്നും ഏറ്റവും മികച്ചവയായിരിക്കും ബ്രിട്ടീഷ് സൈന്യത്തിനായി വാങ്ങി ശേഖരിക്കുക. സഖ്യകക്ഷി സൈന്യത്തിന്റെ ഭാഗമായി സിറിയയിൽ പോരാട്ടം നടത്തിയ സൈനികരാണ് ഈ തോക്ക് ആദ്യമായി യഥാർത്ഥ യുദ്ധരംഗത്ത് ഉപയോഗിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.