യുണൈറ്റഡ് നേഷൻസ്: റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാഹങ്ങൾ ഇന്ത്യയിലും ഫ്രാൻസിലും വിവാദമാകുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ രംഗത്തെത്തി. കരാറിൽ ഒപ്പിടുമ്പോൾ താൻ അധികാരത്തിൽ ഉണ്ടായിരുന്നില്ലെന്ന് മാക്രോൺ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ഫ്രാൻസിന് വ്യക്തമായ നിയമങ്ങളുണ്ട്. രണ്ട് സർക്കാരുകൾ തമ്മിലുള്ള ചർച്ചയായിരുന്നു അത്. ഇന്ത്യയും ഫ്രാൻസും തമ്മിൽ സൈനിക-പ്രതിരോധ മേഖലകളിലുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗമായിരുന്നു കരാറെന്നും മാക്രോൺ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് റഫാൽ ഇടപാടിനെ കുറിച്ച് മാക്രോൺ പ്രതികരിച്ചത്. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഇടപാടിൽ ഉൾപ്പെടുത്തുന്നതിന് ഇന്ത്യൻ സർക്കാർ ഫ്രഞ്ച് സർക്കാരിനോടോ വിമാനക്കമ്പനിയോടോ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. ഇക്കാര്യം നിഷേധിക്കാതെ ഇന്ത്യയുമായുള്ള ഇടപാട് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒലാന്ദിന്റെ കാലത്താണെന്ന് ചൂണ്ടിക്കാട്ടി മാക്രോൺ ഒഴിഞ്ഞുമാറുകയായിരുന്നു.

റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യൻ സർക്കാറാണെന്ന വാദത്തെ തള്ളാതെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ദിവസം മുമ്പ് പറഞ്ഞ കാര്യമാണ് ഇവിടെ സൂചിപ്പിക്കാനുള്ളതെന്ന് മാക്രോൺ പറഞ്ഞുവെങ്കിലും അക്കാര്യം വിശദീകരിച്ചില്ല. കഴിഞ്ഞ വർഷം മേയിലാണ് ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി ചുമതലയേറ്റത്.

റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനൊപ്പം കേന്ദ്ര സർക്കാർ പങ്കാളിയായി നിർദേശിച്ചത് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെയാണെന്ന് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒലാന്ദ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മിറ്റിയും കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തുവന്നിരുന്നു. ഇടപാടിൽ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷം നേരത്തെ രംഗത്തുവന്നിരുന്നു. ഇടപാടിൽ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ പേരു നിർദേശിച്ചത് ഭാരത സർക്കാറായിരുന്നുവെന്നാണ് സെപ്റ്റംബർ 21ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് പ്രതികരിച്ചത്.