മെൽബൺ: മാക്രോ ഓർഗാനിക്ക് ബേബി ഫുഡ് കഴിച്ച് കുട്ടികൾ ഛർദിച്ച് അവശരായതിനെ തുടർന്ന് ഫേസ് ബുക്കിൽ വീട്ടമ്മ ഇട്ട മുന്നറിയിപ്പ് വൈറലായി. തുടർന്ന് മാക്രോ ഓർഗാനിക് ബേബി ഫുഡ്ഡിന്റെ ഒരു ബാച്ച് വിപണിയിൽ നിന്നു പിൻവലിച്ചു. ബ്രിസ്‌ബേനിൽ നിന്നുള്ള നിക്ക് ഡേ ബോൺഡ് ആണ് കേടായ മാക്രോ ഓർഗാനിക് ബേബി ഫുഡ്ഡിനെതിരേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബേബി മാക്രോ ഓർഗാനിക് ആപ്പിൾ, ബനാന, പിയർ, മാംഗോ പ്യൂരി രുചിച്ചു നോക്കിയ കുട്ടികൾ ഉടൻ തന്നെ ഛർദിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മ നിക്കി പായ്ക്കറ്റ് തുറന്നു നോക്കുന്നത്. പായ്ക്കറ്റ് തുറന്ന് അതിലുള്ളവ പുറത്തിറക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഞെട്ടലിനൊപ്പം തന്നെ അറപ്പുളവാക്കുന്ന തരത്തിലായിരുന്നു പായ്ക്കറ്റിനുള്ളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ.

ഉടൻ തന്നെ നിക്കി ഇതിന്റെ ഫോട്ടോയെടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഉത്പന്നത്തിന്റെ പടത്തിനൊപ്പം തന്നെ ഇതിന്റെ ബാച്ച് നമ്പർ വ്യക്തമാക്കുന്ന പടവും നിക്കി പോസ്റ്റ് ചെയ്തു. മാത്രമല്ല, വൂൾവർത്ത്‌സിനെ ഇക്കാര്യം അറിയിക്കുകയും തുടർന്ന് ഈ ബാച്ചിൽ പെട്ട ഉത്പന്നങ്ങൾ വിപണിയിൽ നിന്നു പിൻവലിക്കാൻ വൂൾവർത്ത്‌സ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ ക്യൂൻസ് ലാൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിനും അറിയിപ്പു നൽകിയിട്ടുണ്ട്.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഈ ബാച്ചിലുള്ള ഉത്പന്നം മുഴുവൻ പിൻവലിക്കാൻ തീരുമാനിച്ചതായി വൂൾവർത്ത്‌സ് വക്താവും അറിയിച്ചിട്ടുണ്ട്. സ്‌പൈയറുമായി ഇക്കാര്യം സംസാരിച്ചുവെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.