കോഴിക്കോട്: വിചാരണ തടവുകാരൻ പൊലീസിന്റെ സുരക്ഷാ ചെലവ് വഹിക്കണന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിൽ എവിടെയങ്കിലും പറയുന്നുണ്ടോ. പക്ഷേ പൊലീസ് അകമ്പടിയുടെ ചെലവ് തടവുകാരനിൽ നിന്ന് ഈടക്കണമെന്നാണ് സുപ്രീം കോടതി പറയുന്നത്. പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് മൂത്ത മകൻ ഉമർ മുഖ്താറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സുരക്ഷാ അകമ്പടി പോകുന്നതിന് കർണാടക പൊലീസ് ആവശ്യപ്പെടുന്നത് ആറു ലക്ഷം രൂപയാണ്.ഇത് കടുത്ത അന്യായമെന്ന് അഭിഭാഷൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും കോടതി വകവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ അബ്ദുൽ നാസർ മദനിയും ജാമ്യവും വിവാദത്തിലേക്ക് നീങ്ങുകയാണ്.

ഇത്രയും വലിയ തുക ഒരു വിചാരണ തടവുകാരന് താങ്ങാവുന്നതിലും അധികമാണെന്ന് മദനിയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയെ ബോധിപ്പിച്ചു. മദനിയുടെ ചെലവ് വഹിക്കുന്ന സർക്കാർതന്നെയാണ് അദ്ദേഹം പുറത്തുവരുമ്പോഴും വഹിക്കേണ്ടത്. കർണാടക പൊലീസില്ലെങ്കിൽ ഒരു ചെലവും വഹിക്കാതെ കേരള പൊലീസ് സുരക്ഷയൊരുക്കാൻ തയാറാകുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

എന്നാൽ, മദനിയുടെ സുരക്ഷക്കായി പൊലീസ് വരുന്നതിനാൽ ചെലവ് സ്വയം വഹിക്കട്ടെ എന്നുമായിരുന്നു ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ മറുപടി. ഒരു വിചാരണ തടവുകാരൻ പൊലീസിന്റെ സുരക്ഷാ ചെലവ് വഹിക്കണമെന്ന് പറയുന്നതിലെ യുക്തി വ്യക്തമാക്കണമെന്ന് ഭൂഷൺ ആവശ്യപ്പെട്ടു. ഒരു കാൽ ഇല്ല, കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു, അങ്ങിനെയൊരാൾ കസ്റ്റഡിയിൽനിന്ന് എങ്ങനെ രക്ഷപ്പെടാനാണ് എന്ന് ഭൂഷൺ ചോദിച്ചപ്പോൾ അദ്ദേഹത്തെ ആരെങ്കിലും അപായപ്പെടുത്താൻ സാധ്യതയുണ്ടാകാമല്ലോ എന്നും മുമ്പ് അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് ബോബ്‌ഡെ മറുപടി നൽകി. എന്നാൽ, ഏറ്റവും ചുരുങ്ങിയ ചെലവേ മദനിയിൽനിന്ന് ഈടാക്കാവൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തു.

കാശില്ലാതെ മദനിക്ക് താങ്കളുടെ ഫീസ് എങ്ങനെ നൽകാൻ സാധിക്കുമെന്ന് കോടതി ചോദിച്ചപ്പോൾ, പരേതനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്വന്തം കൈപ്പടയിൽ എഴുതി ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ മദനിയുടെ കേസ് വാദിക്കുന്നതെന്ന പ്രശാന്ത് ഭൂഷണിന്റെ വികാരഭരിതമായ മറുപടിയിൽ സുപ്രീംകോടതിക്ക് വാക്കുകളില്ലാതായി.ഒരുതവണ നിരപരാധിത്വം തെളിയിച്ച മനുഷ്യനെ വീണ്ടും വിചാരണാതടവിലിട്ട ശേഷം നൽകുന്ന പൊലീസ് സുരക്ഷയുടെ ചെലവ് വഹിക്കണമെന്ന് പറയുന്നതിലെ നിയമവശം പ്രശാന്ത് ഭൂഷൺ ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി നൽകാൻ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെക്കും നാഗേശ്വര റാവുവിനും സാധിച്ചില്ല.

ഈ സന്ദർഭത്തിലാണ് പ്രശാന്ത് ഭൂഷണെ പോലെ പ്രഗത്ഭനായ അഭിഭാഷകന് മദനി ഫീസ് നൽകുന്നില്ലേ എന്ന് ജസ്റ്റിസ് ബോബ്‌ഡേ ചോദിച്ചത്. മദനി അനുഭവിച്ച പീഡനങ്ങൾ വിവരിച്ച് ജസ്റ്റിസ് കൃഷ്ണയ്യർ സ്വന്തം കൈപ്പടയിൽ ഒരു കത്ത് തനിക്ക് എഴുതിയതുകൊണ്ടാണ് ഈ കേസിൽ ഹാജരാകുന്നതെന്ന് പതിഞ്ഞ സ്വരത്തിൽ അത്യന്തം വൈകാരികമായി പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചതോടെ ജഡ്ജിമാർ നിശ്ശബ്ദരായി. തുടർന്ന് മദനിയുടെ കൈയിൽനിന്ന് പൊലീസ് ചെലവിന് പണം വാങ്ങുന്നത് ഭൂഷൺ വീണ്ടും ചോദ്യം ചെയ്തു.

ഒരു വിചാരണ തടവുകാരന്റെ സുരക്ഷ ചെലവിന്റെ ഉത്തരവാദിത്തം തടവ് പുള്ളിക്കാണോ സർക്കാറിനാണോ എന്ന് വ്യക്തമാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിനുമുന്നിലും കോടതി നിസ്സഹായത പ്രകടിപ്പിച്ചു. ഈ ചോദ്യത്തിന് ഉത്തരം നൽകുക പ്രയാസമാണെന്നായിരുന്നു ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ മറുപടി.