- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടപ്പള്ളിയിലെത്തി ''പൊട്ടിത്തെറിച്ച്'' പ്രവാസി മലയാളി; 'അരുത് കാട്ടാളാ' എന്നാവശ്യപ്പെട്ടതോടെ ജോജിയുടെ പ്രസംഗം വൈറലായി; പൊലീസ് വലിച്ചിഴച്ച പെങ്ങളുടെ ദൃശ്യം കണ്ടു നെഞ്ചു പൊട്ടി നാട്ടിലെത്തി സമരാവേശമായത് യുകെ മലയാളി; കെ റെയിൽ സമരത്തിന് എപ്പിസെന്റർ മാടപ്പള്ളിയായ കഥ
ലണ്ടൻ: ഇക്കഴിഞ്ഞ മാർച്ച് 18. കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ പൊലീസിനൽപ്പം അമിതാവേശം. കെ റെയിൽ സമരം കേരളത്തിൽ പലയിടത്തും നടക്കുന്നതിനാൽ മാടപ്പള്ളിയിൽ കെ റെയിൽ കുറ്റിയിടാൻ വന്നവരെ നാട്ടുകാർ തടയുന്നു. എന്നാൽ നാട്ടുകാരെ തീവ്രവാദികളെ കൈകാര്യം ചെയ്യും പോലെ വലിച്ചിഴച്ചും മർദ്ദിച്ചും പൊലീസ് കൈകാര്യം ചെയ്തത് തത്സമയം ലോകമെങ്ങും മലയാളികൾ കണ്ടത് അവിശ്വസനീയതയോടെയാണ്.
മർദ്ദക ഭരണത്തിനെതിരെ പൊരുതിക്കയറി അധികാര കസേരയിൽ എത്തിയിട്ടുള്ള കമ്യുണിസ്റ്റുകാർ ഭരിക്കുന്ന നാട്ടിൽ നടക്കുന്നതെന്ത് എന്ന് ചോദിക്കാത്ത മനുഷ്യർ ഇല്ലെന്ന നിലയിലായി മാടപ്പള്ളിയിലെ കാര്യം. സ്ത്രീകളെയും കുട്ടികളെയും തെല്ലും മനസാക്ഷി കൂടാതെ കൈകാര്യം ചെയ്ത പൊലീസ് നടപടി ഇടതുപക്ഷ അനുഭാവികളിൽ പോലും എതിർപ്പിന്റെ സ്വരം ഉയർത്താനും കാരണമായി. തുടർന്ന് പൊലീസ് അൽപം മയപ്പെട്ടെങ്കിലും കെ റെയിൽ വിരുദ്ധ സമരത്തിന് മാടപ്പള്ളി അതിനകം തന്നെ എപിസെന്റർ ആയി മാറിക്കഴിഞ്ഞിരുന്നു.
പെങ്ങളെ വലിച്ചിഴക്കുന്നത് കണ്ടു നെഞ്ചുപൊട്ടി ക്രോയ്ടോൻ മലയാളി, അന്ന് തന്നെ നാട്ടിലേക്കു ടിക്കറ്റും ബുക്ക് ചെയ്തു
ടെലിവിഷൻ സ്‌ക്രീനിൽ മധ്യവയസ്‌കയായ ഒരു സ്ത്രീയെ പൊലീസ് വലിച്ചിഴക്കുന്നതും അവരുടെ മകൾ തടയാൻ ശ്രമിക്കുന്നതും ഒക്കെ തത്സമയം കണ്ടവരാണ് ലോകമെങ്ങുമുള്ള മലയാളികൾ. എന്നാൽ യുകെയിലെ ക്രോയ്ഡോൺ മലയാളിയായ ജോജിയെന്ന തോമസ് ഫിലിപ്പിന് അത് സ്വന്തം പെങ്ങളായിരുന്നു. തന്റെ പെങ്ങൾ ജിജിയെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്യുന്നത് നെഞ്ചു പിടയ്ക്കുന്ന വേദനയോടെയാണ് ജോജി ടെലിവിഷനിൽ കണ്ടിരുന്നത്.
അയ്യായിരം മൈലുകൾ അകലെയിരുന്നു കണ്ടതാണെങ്കിലും നെഞ്ചകം പൊള്ളിക്കാൻ കരുത്തുള്ളതായിരുന്നു ആ കാഴ്ചകൾ ഓരോന്നും. കഴിഞ്ഞ 17 വർഷം സൗദിയിലെ മണലാരണ്യത്തിൽ നഴ്‌സായി കഷ്ടപ്പെട്ടു ജോലി ചെയ്തു ലഭിച്ച സമ്പാദ്യവുമായി നാട്ടിൽ ശിഷ്ട കാലം ജീവിക്കാൻ ജിജിയും കുടുംബവും എത്തിയിട്ട് അധിക കാലമായിട്ടുമില്ല. അതിനിടയിൽ തങ്ങളുടെ സർവ്വതും കെ റെയിൽ കൊണ്ടുപോകും എന്നത് ജിജിക്കും കുടുംബത്തിനും ആത്മഹത്യക്ക് തുല്യമായി മാറുക ആയിരുന്നു.
ജോജിക്കും നഷ്ടമാകുക കോടികൾ, കെ റെയിൽ പിളർന്നു മാറ്റുക ജോജിയുടെ മൂന്നര ഏക്കർ ഭൂമി
പൈതൃക സ്വത്തടക്കം ജോജിക്ക് നഷ്ടപ്പെടുക അനേക കോടി രൂപയുടെ ആസ്തിയുള്ള ഭൂമിയാണ്. കൃത്യമായി പറഞ്ഞാൽ മൂന്നര ഏക്കർ ഭൂമിയുടെ നെഞ്ചിലൂടെയാകും കെ റെയിൽ കൂകിപ്പായുക. ബഫർ സോൺ കൂടി കണക്കാക്കിയാൽ ജോജിയുടെ ഭൂമിയുടെ ഒരംശം പോലും ഉപയോഗിക്കാനാകില്ല. നഷ്ടപരിഹാരം നൽകുമെന്ന് പറയുന്ന സർക്കാരിനോട് വൈകാരികമായ നഷ്ടം നികത്താൻ എന്തുണ്ട് നിങ്ങളുടെ കൈവശം എന്ന ചോദ്യത്തിന് തത്കാലം മറുപടിയില്ല സർക്കാരിന്റെ കൈവശം, വേണ്ടിവന്നാൽ വലിച്ചിഴക്കൻ പൊലീസുണ്ട് എന്ന മറുപടി നടപടിയിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്യും.
ജോജിയുടെ നഷ്ടം ഇത്തരത്തിലാണെങ്കിൽ സഹോദരി ജിജിയുടെ നഷ്ടം ഇതിനേക്കാൾ ഏറെയാണ്. ഒന്നര പതിറ്റാണ്ട് വിദേശത്തു സമ്പാദിച്ചതും 20 ലക്ഷത്തിന്റെ ബാങ്ക് ലോണും അടക്കം സർവ്വതും നഷ്ടം. ഭൂമി വില സർക്കാർ നൽകുമെന്ന് പറയുമ്പോൾ ഭൂമിയും കെട്ടിടവും ഈടാക്കിയ ലോണിന്റെ കാര്യത്തിൽ സർക്കാരിന് ഉത്തരമില്ല. ഭൂമിയും കെട്ടിടവും നല്ല നിലയിൽ നടക്കുന്ന കടയും രണ്ടു വീടുകളും അടക്കം അനേക കോടിയുടെ സ്വത്താണ് ജിജിക്ക് നഷ്ടപ്പെടുക. ഈ സാഹചര്യത്തിൽ ജീവൻ കളഞ്ഞും സമരം നടത്താൻ താൻ തയ്യാറെന്നു ജിജി പറയുന്നത് രാഷ്ട്രീയക്കാർ പറയും പോലെ ഗീർവാണ പ്രസംഗമ, മറിച്ചു ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളാണ്. എത്ര പൊലീസ് ബൂട്ടിനും തകർക്കാനാകാത്ത ശക്തിയാണ് ആ വാക്കുകളിൽ നിറയുന്നത്.
സർക്കാർ ചോദിച്ചു വാങ്ങിയ സമരം, വീര്യം പകർന്നത് ജോജി ഉൾപ്പെടെയുള്ളവരുടെ വികാരം
ഒരുപക്ഷെ മാടപ്പള്ളിക്കാർ ഇങ്ങനെയൊരു സമരം ഒട്ടും ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ സ്ത്രീകളെയും കുട്ടികളെയും തൊട്ടുള്ള നടപടിക്ക് പൊലീസ് മുതിർന്നപ്പോൾ സംസ്ഥാനമൊട്ടാകെയുള്ള സമര സമിതി നേതാക്കൾ മാടപ്പള്ളിയിലെത്തി ഇനി സമരത്തിന്റെ സിരാകേന്ദ്രം ഇതെന്ന് പ്രഖ്യാപിക്കുക ആയിരുന്നു. സമരം നടത്താൻ ഉള്ള പന്തൽ ജോജിയുടെ ഭൂമിയിൽ തന്നെ ഉയരുകയും ചെയ്തു, നടപടി ഉണ്ടായി കൃത്യം ഒരു മാസം ആയപ്പോഴേക്കും. ഇതോടെ സമരപ്പന്തൽ പൊളിക്കാനും പൊലീസിന് പറ്റാത്ത സാഹചര്യമായി.
സമരം അനിശ്ചിതമായി തുടരാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നാഴ്ച വരെ എന്ന നിലയിൽ ഓരോ ദിവസവും മുൻകൂർ ബുക്കിങ്ങാണ്. മാടപ്പള്ളിക്കാർ പിന്നിൽ നിന്നാൽ മതി, മുന്നിൽ നിൽക്കാൻ ഞങ്ങളൊക്കെയുണ്ട് എന്നതാണ് സംസ്ഥാന സമര സമിതി നൽകുന്ന ആവേശ പ്രഖ്യാപനം.
തീ പടർന്ന സമരം, അരുതേ കാട്ടാളാ എന്നത് തീക്കാറ്റായി, ജോജിയെ സ്‌കെച്ചിടാൻ ആളുമെത്തി
മികച്ച മിമിക്രി ശബ്ദത്തിന് ഉടമ കൂടിയായ ജോജി നടത്തിയ ആവേശം കലർന്ന പ്രസംഗം നിരവധി ദൃശ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലും തരംഗമായി മാറി. ഉറച്ച ശബ്ദവും ആവേശം കലർന്ന ഭാഷയും കൊണ്ട് മികച്ച പ്രാസംഗികർ പോലും തോറ്റുപോകുന്ന ശൈലിയിലാണ് യുകെയിൽ നിന്നും നാട്ടിലെത്തി ആദ്യ ദിവസം തന്നെ സമര പന്തലിൽ ജോജി പ്രസംഗിച്ചത്. വാൽമീകിയുടെ പ്രശസ്തമായ ആദികാവ്യം ഉദ്ധരിച്ചു മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അരുതേ കാട്ടാള എന്ന പ്രയോഗം നടത്തിയ പ്രസംഗം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു എന്നും വ്യക്തമായി.
നേരിട്ടു ഭീഷണി എത്തിയില്ലെങ്കിലും പ്രസംഗ ശേഷം ഏതാനും പേർ ജോജിയെ തേടി എത്തിയത് സ്‌കെച്ചിടാൻ ആണെന്ന് ഏറെക്കുറെ വ്യക്തം. എന്നാൽ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവൻ ആണെന്ന് വ്യക്തമായതോടെ അന്വേഷിച്ചെത്തിയവർ തൽക്കാലം മടങ്ങുക ആയിരുന്നു. ഇന്ന് ജോജിയും കുടുംബവും നാട്ടിലേക്കു മടങ്ങാൻ തയ്യാറെടുക്കും വരെ പിന്നീടാരുടെയും ശല്യം ഉണ്ടായിട്ടുമില്ല.
മാടപ്പള്ളിക്ക് നഷ്ടപ്പെടുക പള്ളിയടക്കം ഹൃദയഭൂമി
ഏതാനും വീടുകളോ ഭൂമിയോ നഷ്ട്ടപ്പെടുന്ന അവസ്ഥയല്ല മാടപ്പള്ളിക്കാരുടേതു. തങ്ങളുടെ പ്രിയപ്പെട്ട മലങ്കര കത്തോലിക്കാ പള്ളിയും പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന ഇടവും അടക്കം നാടിന്റെ ഹൃദയഭൂമിയാണ് കെ റെയിൽ കവരുന്നത്. അക്കാരണത്താൽ തന്നെ ആരുടേയും സമ്മർദം ഇല്ലാതെ തന്നെ സേവ് മാടപ്പള്ളി എന്ന സമര സമിതി രൂപപ്പെടുക ആയിരുന്നു. ജാതിമത ഭേദമെന്യേ സർവരും ഇപ്പോൾ ഈ സമര സമിതിക്കൊപ്പമാണ്.
കഴിഞ്ഞ ദിവസം പത്താമുദയം ഉത്സവം പ്രമാണിച്ചു സമര പന്തലിനു സമീപം തെങ്ങു നട്ടാണ് നാട്ടുകാർ കെ റെയിൽ പ്രക്ഷോഭത്തിന് ജീവനുള്ള സ്മാരകം സൃഷ്ടിച്ചത്. സമര സമിതിയുടെ സംസ്ഥാന നേതൃ നിരയിൽ ഉള്ള മിനി കെ ഫിലിപ്, ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ എന്നിവരൊക്കെ മാടപ്പള്ളിയിൽ നിത്യ സാന്നിധ്യമാണ്. ഒരു കാരണവശാലും ഈ സമരത്തീ അണയില്ല എന്നതാണ് ഏവരും ഒത്തുചേർന്ന പ്രഖ്യാപനം.
ഏറെനാളായി ക്രോയിഡോണിൽ താമസിക്കുന്ന ജോജിയും ഭാര്യ ജിജിയും ക്രോയ്ഡോൺ മേ ഡേ ഹോസ്പിറ്റൽ ജീവനക്കാരാണ്. ജോജി ഐടി പ്രൊഫഷണൽ കൂടിയാണ്. ഭാര്യ വാർഡ് മാനേജർ ആയാണ് ജോലി ചെയ്യുന്നത്. താൻ മടങ്ങി യുകെയിൽ എത്തിയാലും തന്റെ കണ്ണും കരളും നാട്ടിൽ സമര സമിതിക്കൊപ്പം തന്നെ ആയിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.