- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിവാസൽ പൈപ്പ് ലൈൻ പ്രദേശത്ത് അനധികൃതമായി നിർമ്മിച്ചത് മടപ്പാറമ്പൻ റിസോർട്ട്; കോടതി ഇടപെട്ടപ്പോൾ കണ്ടു കെട്ടി സർക്കാർ; അതേ കെട്ടിടം പാട്ടത്തിന് എടുത്ത് നേട്ടമുണ്ടാക്കാൻ അതിമോഹവുമായി വർഗീസ് കുര്യൻ; ഉദ്യോഗസ്ഥ ലോബി കനിഞ്ഞപ്പോൾ കള്ളക്കളി പൊളിച്ച് മുഖ്യമന്ത്രിയുടെ റവന്യൂമന്ത്രിയും; മൂന്നാറിൽ കളികൾ ഇങ്ങനേയും
തിരുവനന്തപുരം: മൂന്നാറിൽ പട്ടയവ്യവസ്ഥ ലംഘിച്ചു നിർമ്മിച്ച റിസോർട്ട് തനിക്കു തന്നെ പാട്ടത്തിനു നൽകണമെന്ന വിചിത്ര ആവശ്യവുമായി മുൻ ഉടമ. അഡ്വക്കറ്റ് ജനറലിന്റെയും നിയമ, ധനകാര്യ വകുപ്പുകളുടെയും തീരുമാനം മറികടന്നു മുഖ്യമന്ത്രിയും റവന്യു വകുപ്പുമാണ് അപേക്ഷ നിരസിച്ചത്. പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കാനുള്ള നടപടിയാണ് ഇവർ എടുത്തത്. മുഖ്യമന്ത്രി അനുകൂലിച്ചാലും ഇതിന് അനുകൂലമാകില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ നിലപാട് എടുത്തിരുന്നു.
ചട്ടലംഘനം നടത്തിയവർക്ക് വീണ്ടും അതേ കെട്ടിടം പാട്ടത്തിന് കൊടുക്കുന്നത് തെറ്റായ കീഴ് വഴക്കമാകും. നിയമ ലംഘനത്തിന് ഇത് ആളുകളെ പ്രേരിപ്പിക്കുയും ചെയ്യും. കയ്യേറ്റ ഭൂമിയിലാണ് കെട്ടിടം പണിയുന്നത്. ഇത് ഭൂമി കൈയേറ്റം. കെട്ടിടം പണിയുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പാട്ടത്തിന് കച്ചവടം നടത്തി ഒഴിവാക്കുകയും ചെയ്യാം. ഈ സന്ദേശം മുതലാളിമാർക്ക് കൊടുക്കാതിരിക്കാനാണ് അതിശക്തമായ ഇടപെടൽ.
നിയമം ലംഘിച്ചു നിർമ്മിച്ച വൻകിട വാണിജ്യ കെട്ടിടങ്ങളുടെ പട്ടയം റദ്ദാക്കി ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കാനും ഭൂമിയും കെട്ടിടവും ആവശ്യമെങ്കിൽ പാട്ടത്തിനു നൽകാനും 2019 ഓഗസ്റ്റ് 22ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഭൂമിയും കെട്ടിടവും ആവശ്യമെങ്കിൽ പാട്ടത്തിനു നൽകാനാണ് കോടതിയുടെ നിർദ്ദേശം. അത് നിയമ ലംഘകന് തന്നെ നൽകിയാൽ കോടതി വിധി തന്നെ അപ്രസക്തമാകും. അതുകൊണ്ടാണ് നിയമോപദേശം അനുകൂലമായിട്ടും മുഖ്യമന്ത്രിയും മന്ത്രിയും കർശന നിലപാട് സ്വീകരിച്ചത്.
പാട്ടത്തിനു ലഭിക്കാൻ സമർപ്പിച്ച ആദ്യ അപേക്ഷയാണു നിരസിച്ചത്. പള്ളിവാസൽ പൈപ്പ് ലൈൻ പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച 49,280 ചതുരശ്ര അടി വിസ്തൃതിയുള്ള മടപ്പാറമ്പൻ റിസോർട്ട് തനിക്കു തന്നെ പാട്ടത്തിന് നൽകണം എന്ന് ആവശ്യപ്പെട്ടു മുൻ ഉടമ വർഗീസ് കുര്യൻ ആണ് വിചിത്ര അപേക്ഷ സമർപ്പിച്ചത്. ചില രാഷ്ട്രീയക്കാരുടെ പിന്തുണയും ഉണ്ടായിരുന്നു. നിയമോപദേശം അനുകൂലമായതോടെ കെട്ടിടം കിട്ടുമെന്നും ഇറപ്പിച്ചു.
അഡ്വക്കറ്റ് ജനറലിന്റെയും നിയമ, ധനകാര്യ വകുപ്പുകളുടെയും തീരുമാനം മറികടന്നു മുഖ്യമന്ത്രിയും റവന്യു വകുപ്പുമാണ് അപേക്ഷ നിരസിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഉത്തരവിറക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദ്ദേശം നൽകി. ഹൈക്കോടതി 2010ൽ ഏർപ്പെടുത്തിയതാണു റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) എന്ന വ്യവസ്ഥ. ഇതു ലംഘിച്ചു നിർമ്മിച്ച 330 വൻകിട വാണിജ്യ കെട്ടിടങ്ങളാണു മൂന്നാർ മേഖലയിലുള്ളത്.
പട്ടയം റദ്ദാക്കി സർക്കാരിൽ നിക്ഷിപ്തമാക്കിയ ഇത്തരം ഭൂമി പാട്ടത്തിന് അനുവദിക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ഇതിനു ഭൂമി പതിവു ചട്ടങ്ങളിലും ഭേദഗതി വേണം. ഇതു സർക്കാർ ഭൂമിയാണോ എന്നു വ്യക്തത വരുത്തണം. തുടർന്ന് ഇത്തരം നിർമ്മാണം സംബന്ധിച്ചും ഈ പ്രദേശത്ത് അനുവദിക്കാവുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്തീർണം, പരമാവധി ഉയരം എന്നിവയുടെ അടിസ്ഥാനത്തിലും മാനദണ്ഡങ്ങൾ നിശ്ചയിക്കും. അതിന് ശേഷം കെട്ടിടം കൈമാറൂ എന്നാണ് നിലപാട്.
1500 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നത് സംബന്ധിച്ച 1964ലെ ഭൂ പതിവു ചട്ട ഭേദഗതി ഈ മാസം അവസാനത്തോടെ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തു പട്ടയഭൂമിയിലെ നിർമ്മാണങ്ങൾക്കെല്ലാം റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) വേണമെന്ന ഹൈക്കോടതി വിധി കഴിഞ്ഞ വർഷം അവസാനം സുപ്രീം കോടതിയും ശരിവച്ചിരുന്നു. പട്ടയഭൂമി കൃഷിക്കും പാർപ്പിടത്തിനും മാത്രമാണു വിനിയോഗിക്കാനാവുക എന്നതാണു നിലവിലെ നിയമം.
മറുനാടന് മലയാളി ബ്യൂറോ