കണ്ണൂർ: ഇത് മാധവേട്ടനാണ്. ജോലി കഴിഞ്ഞ് മടങ്ങി പോകുമ്പോൾ റോഡിൽ ആകെ ഗതാഗത കുരുക്കി. ഇത് കണ്ടതും അവിടെ മാധവേട്ടൻ ഇറങ്ങി. പിന്നെ റോഡ് ക്ലിയറാക്കലാണ്. ഇതാണ് പണിയോടുള്ള താൽപ്പര്യം. കണ്ണൂരുകാർ മാധവേട്ടിന്റെ ജോലിയോടുള്ള ആത്മാർത്ഥ ചർച്ചയാക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മാധവേട്ടൻ വീണ്ടും ജോലിയിൽ സജീവമായത്. അതിന് തൊട്ട് പിന്നാലെയാണ് ഈ സംഭവം.

ക്രിസ്തുമസ്സ്-പുതുവത്സര തിരക്കിൽ ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡ് മാധവൻ തന്നെ വേണം. അങ്ങനെ വീണ്ടും ജോലിയിൽ മാധവേട്ടൻ മടങ്ങിയെത്തി. ഓർമ്മയില്ലേ മാധവേട്ടനെ. കരസേനയിൽ ഓണററി ക്യാപ്റ്റനായി വിരമിച്ച ടി.വി. മാധവൻ കണ്ണൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സ്വയം സജ്ജമായി ഇറങ്ങിയാണ് ട്രാഫിക് ചുമതല ഏറ്റെടുത്തത്. ബംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും തമിഴ്‌നാട്ടിലേക്കും ഒക്കെ പോകേണ്ടുന്ന വാഹനങ്ങൾക്ക് ചൊവ്വ ജംഗ്ഷൻ പ്രധാന ഗതാഗതകുരുക്കാണ് വരുത്തി വെക്കുക. ട്രാഫിക് പൊലീസുകാർ ഏറെ നാൾ പ്രവർത്തിച്ചിട്ടും പരിഹാരമാകാതെ യാത്രികർ വലയുമ്പോഴായിരുന്നു മാധവേട്ടന്റെ വരവ്.

ചൊവ്വ കവലയിൽ മാധവേട്ടൻ സേവനമാരംഭിച്ചതോടെ ദീർഘ നേരമുള്ള ഗതാഗത സ്തംഭനത്തിന് പരിഹാരമായി. രോഗികളുമായി കടന്നു പോകുന്ന ആംബുലൻസ് വാഹനങ്ങൾക്ക് സുഗമയാത്ര ഒരുക്കാൻ മാധവേട്ടൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. സ്‌ക്കൂൾ വാഹനങ്ങൾക്കും മാധവേട്ടന്റെ പരിഗണന ലഭിച്ചിരുന്നു. അതോടെ തന്നെ നാട്ടുകാരുടേയും യാത്രികരുടേയും പ്രശംസക്ക് പാത്രമാവുകയും ചെയ്തു. മാധ്യമങ്ങളിലൂടെ മാധവേട്ടനെ പുറം ലോകവും അറിഞ്ഞു. ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടി വന്നു. ചൊവ്വ വഴി കടന്നു പോകുന്ന വാഹനങ്ങളിലെ കുഞ്ഞു കുട്ടികൾക്കു പോലും മാധവേട്ടനെ അറിയാമെന്ന അവസ്ഥയിലുമായി.

രണ്ട് മാസം മുമ്പ് മാധവേട്ടനേയും അദ്ദേഹത്തിന്റെ സേവനങ്ങളേയും വേദനിപ്പിച്ച സംഭവമുണ്ടായി. ചൊവ്വ ജംഗ്ഷനിൽ ഗതാഗത കുരുക്ക് മുറുകി വരികയായിരുന്നു. മൈസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കടന്നു പോകാൻ അനുവദിച്ച് കുരുക്ക് അഴിച്ചു വരികയായിരുന്നു. അപ്പോഴാണ് ദേശീയ പാതയിൽ തെക്കോട്ട് പോകുന്ന വാഹനങ്ങൾക്കിടയിലൂടെ ഒരു കാർ ചീറി പാഞ്ഞു വന്നത്. മാധവേട്ടൻ പതിവ് ശൈലിയിൽ വാഹനത്തെ അരികിൽ നിർത്താൻ ആവശ്യപ്പെട്ടു.

അതോടെ വാഹനത്തിൽ ഉള്ളവർ ഭീഷണിയായി. നിന്നെ കാണിച്ചു തരാം. ഞങ്ങൾ പൊലീസിന്റെ ആളുകളാണ്. പിന്നെ തെറി വിളികളും. മാധവേട്ടന്റെ മനസ്സിൽ ഇത് വലിയ മുറിവ് ഏൽപ്പിച്ചു. പൊലീസ് അധികാരികൾക്ക് പരാതി നൽകി. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. അപ്പോഴാണ് ഈ ജോലിയിൽ നിന്നും പടിയിറങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. എന്നാൽ നാട്ടുകാരും യാത്രികരും മാധവേട്ടനെ തിരിച്ചു കൊണ്ടു വരണമെന്നും തെറി പറഞ്ഞവർക്കെതിരെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചൊവ്വയിലെ ഡ്യൂട്ടിൽ നിന്നും മാധവേട്ടനെ ഒവിവാക്കി. സംഭവത്തിലെ പൊലീസ് ധാർഷ്ഠ്യം നാട്ടുകാർക്കും മാധവേട്ടനും ബോധ്യമായി. ജനം മാധവേട്ടനുവേണ്ടി ഒരുമിച്ചു.

പൊലീസിനെതിരെ ജനകീയ വിരോധം ശക്തമായി. ഒടുവിൽ അവർ അടിയറവു പറയുകയും ചെയ്തു. കണ്ണൂരുകാരുടെ നിർബന്ധത്തിന് വഴങ്ങി മാധവേട്ടൻ തിരിച്ചു വന്നു. മാധവേട്ടന്റെ മികവ് ക്രിസ്തുമസ്സ് പുതുവത്സര ആഘോഷത്തിലെ ജനത്തിരക്കിൽ വീണ്ടും തെളിയിക്കപ്പെട്ടു. നിയന്ത്രണങ്ങൾ ബാധകമല്ലാതെ നഗരത്തിന്റെ സിരാ കേന്ദ്രത്തിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുകയാണ്. അതോടെ ഗതാഗത തടസ്സവും. കാൽ നടക്കാർക്ക് റോഡിലൂടെ പോകാൻ ആവാത്ത അവസ്ഥയും വന്നു.

എന്നാൽ എല്ലാം ക്രമീകരിച്ച് ഓടിയും കൈ കൊണ്ട് ആംഗ്യം കാണിച്ചും മാധവേട്ടൻ ഗതാഗതം നിയന്ത്രിക്കുകയാണ്. ഈ മെലിഞ്ഞുണങ്ങിയ മനുഷ്യൻ ഗതാഗതം നിന്ത്രിക്കുന്നത് കണ്ടു നിൽക്കാനും ആളുകൾ ഏറെ. നഗര സിരാകേന്ദ്രമായ സ്റ്റേഷൻ റോഡിലെ ഡ്യൂട്ടിയിലാണ് മാധവേട്ടൻ ഇപ്പോൾ.