തിരുവനന്തപുരം: മടവൂരിൽ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷിനെ കൊലപ്പെടുത്തിയത് കായംകുളത്തെ ക്വട്ടേഷൻ സംഘമെന്ന് സൂചന. ഖത്തറിലെ നൃത്താധ്യാപികയുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ ഗുണ്ടാ സംഘം വിദേശത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പൊലീസ്. ഖത്തറിലെ വ്യവസായിയാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് സൂചന. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്ക് മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. കാറിൽ മുഖംമറച്ചെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തിൽ ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു.

കൊലയാളികൾ സഞ്ചരിച്ച കാർ വാടകയ്‌ക്കെടുത്തതു കായംകുളം സ്വദേശിയാണെന്ന നിർണായക മൊഴിയാണ് പൊലീസിനു ലഭിച്ചത്. കാർ വാടകയ്ക്കു നൽകിയവരാണ് ഇതു സംബന്ധിച്ച മൊഴി നൽകിയത്. കാർ കായംകുളത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനിടെ, കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്നു വിദേശത്തുള്ള യുവതി പൊലീസിനോടു സമ്മതിച്ചു. കൊല്ലപ്പെട്ട സമയത്തു വിദേശത്തുള്ള ഈ യുവതിയുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നെന്നു കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ മൂന്നുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരാണു കൊലയാളി സംഘത്തിനെക്കുറിച്ചു സൂചന നൽകിയത്. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തായിരുന്നു.

ഖത്തറിൽ റേഡിയോ ജോക്കിയായി ജോലിയിൽ തുടരവേ അവിടെ വച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയും നൃത്താദ്ധ്യാപികയുമായ യുവതിയാണ് രാജേഷിന് ചെന്നൈയിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തി നൽകിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതറിഞ്ഞ യുവതിയുടെ ഭർത്താവായ ഖത്തറിലെ വ്യവസായി നൽകിയ ക്വട്ടേഷനാണെന്നാണ് പൊലീസിന്റെ നിഗമനം. രാജേഷിനെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ യുവതിയുമായി പൊലീസ് ഫോണിൽ സംസാരിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും അറിയിച്ചു. ക്വട്ടേഷൻ കൊടുത്തുവെന്ന് കരുതുന്ന വ്യവസായിയെ ചോദ്യം ചെയ്താൽ മാത്രമേ കേസ് മുന്നോട്ട് പോകൂവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന് പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.

മെട്രാസ്് എന്ന സ്റ്റുഡിയോ വീട്ടിനടുത്ത് രാജേഷ് നടത്തിയിലുന്നു. ഖത്തറിലെ യുവതിയുടെ പേരുമായി ഏറെ സാമ്യം ഈ പേരിനുണ്ട്. യുവതിയുടെ പേരിലെ രണ്ടക്ഷരവും തന്റെ പേരിലെ സൂചനകളുമാണ് മെട്രാസ്് എന്ന പേരിൽ രാജേഷ് നിറച്ചത്. ഇത് യുവതിയുടെ ഭർത്താവിനെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സ്റ്റുഡിയോയ്ക്കുള്ളിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സ്റ്റുഡിയോയിൽ ഇരുന്നായിരുന്നു രാത്രികാലങ്ങളിൽ ഖത്തറിലുള്ള യുവതിയുമായി രാജേഷ് ഫോണിൽ സംസാരിച്ചിരുന്നത്. ഇത് മനസ്സിലാക്കിയാണ് രാത്രിയിൽ സ്റ്റുഡിയോയിൽ രാജേഷ് ഉള്ളതായി വ്യവസായി തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ പ്രാദേശിക വാസികളിൽ നിന്നും രാജേഷിന്റെ നീക്കങ്ങളിൽ ഖത്തറിലെ വ്യവസായിക്ക് സൂചനകൾ ലഭിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

ചുവപ്പ് കാറിലെത്തിയ നാലംഗ സംഘമാണു വെട്ടിയതെന്നു രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടൻ മൊഴി നൽകിയിരുന്നു. ഇത്തരത്തിൽ ചുവപ്പുനിറമുള്ള കാർ രാജേഷ് കൊല്ലപ്പെടുന്നതിനു മുൻപു മടവൂരിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിരുന്നു കാറിന്റെ നമ്പർ വ്യക്തമല്ല. ഈ പ്രദേശത്തിനു സമീപത്തുള്ള മറ്റു സിസിടിവികളും പരിശോധിച്ചതോടെ കാർ കൊല്ലം ഭാഗത്തേക്കു കടന്നതായും തെളിവു ലഭിച്ചു. ഈ അന്വേഷണമാണ് കാർ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. രാജേഷുമായുള്ള അടുപ്പം യുവതിയുടെ കുടുംബത്തിൽ ദാമ്പത്യ പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നുവെന്നും സൂചനയുണ്ട്. ഇതേചൊല്ലി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് വന്നെങ്കിലും ഫോണിലൂടെയും വാട്ട്‌സ് ആപ് വഴിയും യുവതിയുമായി സൗഹൃദം തുടർന്നു.

സാമ്പത്തികമായി സഹായിച്ചിട്ടുള്ള യുവതി, രാജേഷിനെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറ്റി നിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചെന്നൈയിൽ ജോലി തരപ്പെടുത്തി നൽകിയതെന്നും പറയപ്പെടുന്നു. യുവതിയുടെ സുഹൃത്ത് മുഖാന്തിരം സംഗീത അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് കൊല നടന്നത്. ഭർത്താവിൽ നിന്ന് രാജേഷിന് വധഭീഷണിയുണ്ടെന്ന് മുൻകൂട്ടി മനസിലാക്കിയാകാം യുവതി ഇയാളെ ചെന്നൈയിലേക്ക് മാറ്റാൻ ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്. രാജേഷിന് മറ്റാരുമായും ശത്രുതയില്ലാതിരിക്കെ ഈ വഴിക്കുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.