കോഴിക്കോട്: കഴിഞ്ഞ ദിവസം മടവൂർ മഖാമിന്റെ പരിസരത്ത് ഉണ്ടായ കൊലപാതകത്തിന്റെ ദുരൂഹതയേറുന്നു. കൊലപാതകത്തിൽ പ്രതിയായ ഷംസുദ്ധീന് പുറമേ മറ്റാർക്കോ കൃത്യത്തിൽ പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരിൽ ആരെങ്കിലും പ്രകൃതി വിരുദ്ധ പീഡനത്തിന് വിദ്യാർത്ഥിയെ വിധേയമാക്കുന്നത് മജീദ് കാണാൻ ഇടയായതാവാം കൊലപാതകത്തിന് കാരണം എന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മരിക്കുന്നതിന്റെ തലേ ദിവസം താൻ ബക്കറ്റുമായി പോകുമ്പോൾ വീണെന്നും നെഞ്ചിൽ മുറിവ് ഉണ്ടായിരുന്നു എന്നും മജിദ് ഫോൺ ചെയ്ത് പറഞ്ഞിരുന്നു. എന്നാൽ ആരോ നിർബന്ധിച്ച് ഫോൺ കട്ട് ചെയ്യിക്കുന്നതായി തോന്നിയതായി ബന്ധുക്കൾ നൽകിയ പരാതിയിലുണ്ട്. ഷംസുദ്ധീൻ മുമ്പുള്ള ദിവസങ്ങളിൽ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനായി സമീപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കുട്ടി എതിർത്തിരുന്നു ഇതിനിടക്ക് പറ്റിയതാവാം മുറിവ് എന്നും ബന്ധുക്കൾ പറയുന്നു.

കുട്ടി മരണപ്പെടുന്ന അന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വരാനിരിക്കുകയായിരുന്നു. ആ സമയത്താണ് മജീദിന് പരിക്കേറ്റന്നും ഉടൻ എത്തണമെന്നാവശ്യപ്പെട്ട് ഫോൺ ഉപ്പയായ മമ്മൂട്ടിക്ക് വന്നത്. പിന്നീടാണ് മരണവാർത്ത മമ്മൂട്ടിയെ അറിയിച്ചത്. മകന് സ്ഥാപനത്തിൽ പഠിക്കാൻ കുറച്ച് നാളുകളായി താൽപര്യം കാണിച്ചിരുന്നില്ല എന്നും ശരീരത്തിൽ ചുമലിലും കഴുത്തിലും മുറിപ്പാട് കണ്ടതായും മമ്മൂട്ടി പറഞ്ഞു. പ്രതിയായ ഷംസുദ്ധീന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സി.എം സെന്റർ അധികൃതർ പറഞ്ഞത് എന്നാൽ ഇയാൾ ആ സ്ഥാപനത്തിലെ അന്തേവാസി ആണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മയക്ക് മരുന്നക്കുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം മഖാം പരിസരങ്ങളിൽ വർധിച്ച് വരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇതിനോടപ്പം ക്രിമിനൽ വാസനയും ഈ പ്രദേശങ്ങളിൽ വർധിക്കുന്നതായും ആരോപണമുണ്ട്. ആയിരങ്ങൾ ദിവസേനെയെത്തുന്ന മഖാം പരിസരത്ത് യാതൊരു പരിശോദനയില്ലാതെ ആളുകൾ താമസിക്കുന്നതും നാട്ടുകാർക്ക് തലവേദന സഷ്ടിക്കുന്നു. പ്രതിയായ ഷംസുദ്ധീൻ കഴിഞ്ഞ ഒരു മാസമായി ഈ രീതിയിൽ മഖാം പരിസരത്തും സി.എം സെന്ററിലുമായി കഴിയുകയായിരുന്നു.

ജില്ലയിൽ കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി പ്രകൃതി വിരുദ്ധ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുകയാണ്.