കണ്ണൂർ: സിഐ.ടി.യു നേതൃത്വത്തിൽ 50 ദിവസമായി സമരം തുടരുന്ന മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം ഉടമ തന്നെ പൂട്ടി. ഈ കടയിൽ നിന്ന് സാധനം വാങ്ങിയതിന്റെ പേരിൽ സിഐ.ടി.യുക്കാരുടെ മർദ്ദനമേറ്റ അഫ്സൽ തന്റെ കംപ്യൂട്ടർ സ്ഥാപനവും പൂട്ടി. മുഖ്യമന്തിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലാണ് സംഭവം. എന്നിട്ടും സർക്കാർ അറിഞ്ഞ മട്ടില്ല. വിവാദം ആളക്കത്തിയപ്പോൾ സിപിഎം ജില്ലാ നേതൃത്വം പതിവ് പല്ലവിയിൽ വിവാദത്തെ വിശദീകരിച്ചു. അതൊരു ഒറ്റപ്പെട്ട സംഭവം.

അങ്ങനെ കേരളത്തിൽ എന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ഏറെ നടക്കുന്നു. മാതമംഗലത്തേതിന് സമാനമായ മറ്റൊരു ഒറ്റപ്പെട്ട സംഭവം തൊട്ടടുത്ത് തന്നെ ഇപ്പോഴും സംഭവിക്കുന്നു. മാടായി ഗണപതി മണ്ഡപത്തിനു സമീപം കഴിഞ്ഞ 23ന് തുറന്ന ശ്രീപോർക്കലി സ്റ്റീൽ എന്ന സ്ഥാപനത്തിനു മുന്നിൽ കൊടികുത്തി സിഐടിയു സമരം തുടങ്ങി. സാധനങ്ങളുടെ കയറ്റിറക്കു ജോലി സിഐടിയു അംഗങ്ങളായ ചുമട്ടു തൊഴിലാളികൾക്കു നൽകണമെന്ന ആവശ്യവുമായി ആണു സമരം.

ഈ സമരവും കച്ചവടം പൂട്ടിക്കുകയാണ്. ഇതും ഒറ്റപ്പെട്ട കട പൂട്ടലായി വിശദീകരിച്ച് ഇതിനേയും സിപിഎം ന്യായീകരിക്കാനാണ് സാധ്യത. മാടായിയിൽ ആദ്യഘട്ടത്തിൽ സ്ഥാപനത്തിലെ ജോലിക്കാർ സാധനങ്ങൾ ഇറക്കിയിരുന്നെങ്കിലും പിന്നീട് സംഘടന തർക്കവുമായി എത്തുകയായിരുന്നു. ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചിട്ടുണ്ട് എന്നതിനാൽ അവർ കയറ്റിറക്കു നടത്തുമെന്ന് ഉടമ നിലപാട് എടുത്തതോടെ സിഐടിയു പ്രവർത്തകർ ദിവസവും രാവിലെ എട്ടരയോടെ എത്തി കടയുടെ മുന്നിൽ കൊടി കുത്തി സമരം ചെയ്യുകയാണ്.

സമരം കാരണം മൂന്നാഴ്ചയ്ക്കിടെ കച്ചവടം ഒന്നും നടന്നിട്ടില്ലെന്ന് ഉടമ പറയുന്നു. 60 ലക്ഷം രൂപയുടെ സാധനങ്ങൾ ഇവിടെയുണ്ട്. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സിഐടിയു നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നും സമരം തുടർന്നാൽ കട അടച്ചുപൂട്ടേണ്ടി വരുമെന്നും ഉടമ പ്രതികരിച്ചു. അങ്ങനെ മടായിയിലും സിപിഎം ഒറ്റപ്പെട്ട സമരത്തിലാണ്.

ഹൈക്കോടതി വിധിയൊന്നും അവർക്ക് പ്രശ്‌നമല്ല. പാർട്ടി ഗ്രാമത്തിൽ പാർട്ടിയെ അംഗീകരിക്കാത്ത കടകൾ വേണ്ടെന്നാണ് അവരുടെ നിലപാട്. സിഐടിയുവിന്റെ സമരവും ഭീഷണിയും നേരിടേണ്ടിവന്നതിനെ തുടർന്ന് കണ്ണൂരിൽ കട അടച്ചുപൂട്ടേണ്ടി വന്നതായി പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കടയുടമ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. കണ്ണൂർ മാതമംഗലത്തെ എസ്.ആർ. അസോസിയേറ്റ്സ് എന്ന ഹാർഡ്വെയർ ഷോപ്പിന്റെ ഉടമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കച്ചവടമെല്ലാം നിലച്ചതോടെ ഒരാഴ്ചയായി കട അടച്ചിട്ടിരിക്കുകയാണെന്നും ഉടമ റബീഹ് മുഹമ്മദ് പറയുന്നു.

രണ്ടു മാസത്തോളമായി റബീഹിന്റെ കടക്ക് മുന്നിൽ സിഐടിയു സമരം നടത്തി വരികയായിരുന്നു. കടക്ക് മുന്നിൽ പന്തൽ കെട്ടിയാണ് സമരം. കടയിലേക്ക് വരുന്ന ആളുകളെ സിഐടിയുക്കാർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് മൂലം വ്യാപാരം ആകെ ദുരിതത്തിലായെന്നും ഇപ്പോൾ അടച്ചുപൂട്ടേണ്ടി വന്നെന്നും റബീഹ് ആരോപിച്ചു. ഗൾഫിൽ നിന്ന് വന്നശേഷം കഴിഞ്ഞ വർഷമാണ് റബീഹ് കട ആരംഭിച്ചത്. കടയിലേക്ക് സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി മുഖാന്തിരം ലേബർകാർഡ് വാങ്ങിയിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് സിഐടിയു സമരത്തിലേക്ക് നയിച്ചത്.

എന്നാൽ സ്ഥാപനം അടച്ചിട്ടിരിക്കുന്നത് തൊഴിൽ തർക്കംമൂലമല്ലെന്നും പഞ്ചായത്ത് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണെന്നും തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ഒരു ലൈസൻസിൽ ഇവർ മൂന്ന് സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചു. ഇത് പഞ്ചായത്തിന് പരാതിയായി കിട്ടി. ഇതേ തുടർന്ന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് തെറ്റെന്ന് പിന്നീട് തെളിഞ്ഞു.