കണ്ണൂർ:ഏഴു വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന എസ്.എഫ്.ഐ പ്രവർത്തകൻ പിടിയിൽ. രണ്ടു മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് 17 വയസുകാരനെതിരെ പൊലീസ് കേസെടുത്തത്. ഇതിനു ശേഷം എസ്.എഫ്.ഐ പ്രവർത്തകൻ മുങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം ബാലിക പയ്യന്നൂർ കോടതിൽ എത്തി മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യമൊഴി നൽകിയിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻ പാണ് മാടായി കോളേജ് യൂനിയൻ ക്‌ളാസ് പ്രതിനിധിയും എസ്എഫ്‌ഐ പ്രവർത്തകനായ പതിനേഴുകാരനും അമ്മാവനായ വാദ്യകലാകാരനും ചേർന്ന് ബാലികയെ പീഡിപ്പിച്ചെന്നാണ് കേസ്.

സ്‌കൂളിൽ അദ്ധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറംലോകം അറിയുന്നത്. എന്നാൽ സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിക്കാത്തത് പ്രതിഷേധത്തിന് കാരണമായി. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കാരണമാണെന്ന ആരോപണമുയർന്നിരുന്നു.

പ്രതികളെ സംരക്ഷിക്കാൻ ചിലർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വാദ്യകലാകാരൻ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി പൊലിസ് അന്വേഷണം നടത്തി വരികയാണ്.കുട്ടിയുടെ കുടുംബവുമായി നല്ല പരിചയമുണ്ടായിരുന്ന ഇരുവരും രക്ഷിതാക്കളിലില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

സംഭവം വിവാദമായതിനെ തുടർന്ന് എസ്.എഫ്.ഐ മാടായി ഏരിയാ സെക്രട്ടറിയേറ്റ് 17 വയസുകാരെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇയാൾ തെരഞ്ഞെടുപ്പിൽ വിജയിച്ച ക്‌ളാസ് യൂനിയൻ പ്രതിനിധി സ്ഥാനത്തു നിന്നും ഒഴിവാക്കാൻ കോളേജ് തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർക്കും പ്രിൻസിപ്പാളിനും കത്തു നൽകിയിട്ടുണ്ട്.

പീഡനകേസിലെ കുറ്റാരോപിതൻ എസ്.എഫ്.ഐ യിൽ യാതൊരു ഉത്തരവാദിത്വങ്ങളോ സ്ഥാനങ്ങളോയില്ലെന്നും ഏരിയാ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.