- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാടായി കാവിന്റെ മറവിൽ ഓൺലൈൻ പൂജയും പിൻവാതിൽ പൂജയും നടത്തി തട്ടുന്നത് ലക്ഷങ്ങൾ; വിശ്വാസികളെ കബളിപ്പിക്കാൻ ചുക്കാൻ പിടിക്കുന്നത് കർണാടകയിലെ വൻ മാഫിയ സംഘം; പരാതിയുയർന്നിട്ടും നടപടിയെടുക്കാതെ ദേവസ്വം ബോർഡ്: ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

കണ്ണൂർ: ലോക് ഡൗണിൽ അടഞ്ഞുകിടക്കുന്ന വടക്കെ മലബാറിലെ പ്രമുഖ ആരാധനാലയമായ മാടായി കാവ് ഭഗവതി ക്ഷേത്രം കേന്ദ്രീകരിച്ച് ഇ- പൂജയും നേരിട്ടുള്ള പുജയും നടത്തി വൻ തട്ടിപ്പ് സംഘം ലക്ഷങ്ങൾ കൊയ്യുന്നതായി പരാതി. ക്ഷേത്രം പുജാരികളുടെയും അധികൃതരുടെയും ഒത്താശയോടെയാണ് ഓൺ ലൈൻ വഴിയും നേരിട്ടും പുജ നടത്തി വൻ തുക വാങ്ങുന്നത്.
എന്നാൽ ഇതു സംബന്ധിച്ച് ആരോപണം ശക്തമാകുമ്പോഴും നടപടിയെടുക്കാതെ ഒളിച്ചു കളിക്കുകയാണ് മലബാർ ദേവസ്വം ബോർഡ്. ഇന്ത്യയിലെ 3600 ക്ഷേത്രങ്ങൾ പട്ടികയിലുള്ള ഇ-പൂജ വെബ് സൈറ്റിലൂടെ നേരത്തെ വ്യാജ പൂജാ സംഘം തട്ടിപ്പു നടത്തുന്ന വിവരം പുറത്തുവന്നിരുന്നു. വിശ്വാസികളിൽ ചിലർ കബളിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം പുറത്തായത്. ഇതിനെക്കാൾ എത്രയോ മടങ്ങ് വലിയ തട്ടിപ്പാണ് മാടായി കാവിൽ നടക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ
സർക്കാരിനും ദേവസ്വം ബോർഡിനും ഇതു കാരണം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് പ്രതിമാസമുണ്ടാകുന്നത്. മാടായിക്കാവിന്റെ മറവിൽ പുജ നടത്തി ലക്ഷങ്ങളാണ് ക്ഷേത്ര പൂജാരികളിൽ ചിലർ സമ്പാദിച്ചു കൂട്ടുന്നത്. ഓൺലൈനായും നേരിട്ട് വീടുകളിൽ ചെന്നും ഇവർ രഹസ്യമായി പൂജ നടത്തി വരികയാണ്. ഓൺലൈനിൽ പുജ നടത്തുന്നവർക്ക് പ്രസാദവും മറ്റു നിവേദ്യങ്ങളും കൊറിയർ വഴിയാണ് അയച്ചു കൊടുക്കുന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിൽ നിത്യപൂജയൊഴികെ മറ്റു വഴിപാടുകളും ഹോമങ്ങളും നിർത്തിവെച്ചിരിക്കെയാണ്. വിശ്വാസികളുടെ കോവിഡ് ഭീതി മുതലെടുത്തു കൊണ്ടാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്.
പുജാദി സാധനങ്ങളുടെ ചെലവ്, ദക്ഷിണ, കൊറിയർ ചാർജ് തുടങ്ങി ഒളിഞ്ഞും തെളിഞ്ഞുമുള്ള ചെലവ് ചുണ്ടിക്കാട്ടി തോന്നും പോലെയാണ് വൻതുക വിശ്വാസികളിൽ നിന്നും വാങ്ങുന്നതെന്നാണ് പരാതി. വിശ്വാസികളിലെ കോവിഡ് ഭീതി മുതലെടുത്താണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. ഓൺലൈൻ വഴി പണമടക്കുന്നവർക്ക് പ്രസാദം കൊറിയർ വഴി അയച്ചു കൊടുക്കുകയാണ് പതിവ്. കർണ്ണാടകം, കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില ജ്യോത്സ്യൻ മാർ മുഖേനയാണ് ഇരകളെ വലയിലാക്കുന്നത്. മാടായി കാവിൽ പുജാദി കർമ്മങ്ങൾക്ക് അവകാശമുള്ള പിടാരൻ സമുദായത്തിലെ ചില ഇല്ലക്കാരെ കൊണ്ടാണ് പൂജ ഇവർ ചെയ്യിക്കുന്നത്.
വലിയ പുജ, ശത്രു സംഹാര പൂജ, ശാക്തേയ പുജ, അകപൂജ തുടങ്ങി ഏറ്റവും വലിയ പുജകൾ തൊട്ട് ചെറിയ വഴിപാടുകൾ വരെ ഇങ്ങനെ ചെയ്യിക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ മുതൽ കർണാടകയിലെയും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലേയും ഒട്ടനവധി ഭരണ-രാഷ്ട്രീയ പ്രമുഖർ വിശ്വാസികളായി എത്തുന്ന ക്ഷേത്രമാണ് മാടായികാവ്. ഇതിൽ വലിയ പുജ 2029 വരെ ക്ഷേത്രത്തിൽ ബുക്കിങ്ങായി കഴിഞ്ഞു. എന്നാൽ പിൻവാതിൽ വഴി വലിയ പൂജ പുറത്തു നിന്നും ചെയ്യുന്ന തട്ടിപ്പ് സംഘവും പ്രവർത്തിക്കുന്നുണ്ട്.
മാടായി കാവിലെ ശത്രു സംഹാര പൂജ വളരെ പ്രസിദ്ധമാണ്. കോഴിയിറച്ചിയും മദ്യവുമടക്കം ഇതിൽ ഉപയോഗിക്കുന്നത് ദേവസ്വം ബോർഡ് വിലക്കിയിട്ടുണ്ടെങ്കിലും ധാരാളമുപയോഗിക്കുന്നുണ്ട്. പൂജകളിൽ വെച്ച് ഏറ്റവും ഡിമാന്റുള്ളതും റേറ്റ് കൂടുതലുള്ളതുമാണ് ശത്രു സംഹാര പുജ വൻകിട വ്യവസായികൾ, ഭരണാധികാരികൾ, ഉദ്യോഗസ്ഥ പ്രമുഖർ ,രാഷ്ട്രീയക്കാർ , സിനിമാ താരങ്ങൾ എന്നിവരാണ് ഇതിന്റെ ആവശ്യക്കാർ. പരമ്പരാഗതമായി മാടായി കാവിന് അടുത്ത് താമസിക്കുന്ന പിടാരൻ സമുദായക്കാരാണ് പുജാദി കർമ്മങ്ങൾ ചെയ്തു വരുന്നത്.
ഇല്ലങ്ങൾ വഴി വഴിപാട് വാങ്ങുന്നത് സംബന്ധിച്ച് 2019 നവംബർ അഞ്ചിന് ഇട്ടമ്മൽ ഇല്ലത്ത് കിഴക്കനിയിൽ ഇ.ഐ. കെ വാസുദേവൻ എന്ന പിടാരൻ സമുദായ അംഗം, സമുദായ സമിതി പ്രസിഡന്റിന് നൽകിയ കത്തിൽ ഈ കാര്യത്തിലെ വിവേചനത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ലോക് ഡൗണിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ അടഞ്ഞുകിടന്നതോടെയാണ് ഇ- പുജയെന്നും പുറം പൂജയെന്നും പേരിൽ ക്ഷേത്രത്തിലെ പുജാരികൾ അധികൃതരുടെ ഒത്താശയോടെ വ്യാപകമായി ചെയ്യാൻ തുടങ്ങിയത്. ഈ തട്ടിപ്പ് മാടായി കാവ് കേന്ദ്രീകരിച്ചു മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമുണ്ടെന്നാണ് സൂചന.
ഈ കാരണത്തിൽ ദേവസ്വം ബോർഡിന് ഒരു വർഷത്തിനിടെയിൽ കോടികളാണ് നഷ്ടമുണ്ടായത്. എന്നാൽ ഇ - പൂജയെന്ന സൈറ്റുവഴി മാടായിക്കാവിലെ പുജാദി കർമ്മങ്ങൾ വ്യാജമായി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ക്ഷേത്രം മാനേജർ എൻ. നാരായണ പിടാരർ പ്രതികരിച്ചു.


