താണ്ട് പത്ത് വർഷം മുമ്പ് തങ്ങളുടെ മകൾ മാഡ്ലെയിൻ മാക് കാനെ കാണാതായെന്നും അവളെ തങ്ങൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുക യുമാണെന്നായിരുന്നു മാതാപിതാക്കളായ കേറ്റും ഗെറി മാക് കാനും നാളിതുവരെ മറ്റുള്ളവരെ ബോധിപ്പിച്ചിരുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഇവരുടെ അപ്പാർട്ട്മെന്റിൽ വച്ച് മാഡ്ലെയിൻ കൈയബദ്ധത്തിൽ മരിച്ചു പോയതാണെന്ന വെളിപ്പെടുത്തലുമായി പോർട്ടുഗീസ് ക്രിമിനൽ ഇൻവെസ്റ്റിഗേറ്ററായ മോയിറ്റ ഫ്ലോറെസ് രംഗത്തെത്തിയത് ഈ മാതാപിതാക്കളെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.

മാഡ്ലെയിന്റെ തിരോധാനത്തെക്കുറിച്ച് തുടക്കത്തിൽ അന്വേഷിച്ചിരുന്ന പൊലീസിയ ജൂഡീഷ്യറിയയുടെ ഭാഗമായി പ്രവർത്തിച്ച ആളാണ് ഫ്ലോറെസ്. പെൺകുട്ടി അപാർട്ട്മെന്റിൽ വച്ച് മരിച്ചതാണെന്നും തനിക്കതിൽ സംശയമൊന്നുമില്ലെന്നുമാണ് അദ്ദേഹം തറപ്പിച്ച് പറയുന്നത്.കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന മാതാപിതാക്കളുടെ വാദം ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തതാണെന്നും ഫ്ലോറെസ് വാദിക്കുന്നു. ഈ വിഷയത്തിൽ പൊലീസ് ചീഫായ ഗോൻസാലോ അമാറലിന്റെ വാദഗതികളുമായി യോജിക്കുന്നതാണ് ഫ്ലോറെസിന്റെ വാദഗതികളുമെന്ന് കാണാം. മാഡ്ലെയിന്റെ മാതാപിതാക്കൾക്കെതിരെ ഈ കേസിൽ ഈ പൊലീസ് ചീഫ് അടുത്തിടെ അപ്പീൽ വിജയം നേടിയിരുന്നു.

എന്നാൽ ഫ്ലോറെസിന്റെ വെളിപ്പെടുത്തലുകളോട് ദമ്പതികൾ പ്രതികരിച്ചിട്ടില്ലെന്നാണ് അവരുടെ വക്താവായ ക്ലാറെൻസ് മിച്ചെൽ പറയുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഗവേഷകനും എഴുത്തുകാരനും കൂടിയായ ഫ്ലോറെസ് ബ്രിട്ടീഷ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പാർട്ട്മെന്റിൽ വച്ച് മാഡ്ലെയിൻ മരിച്ചതിന് തെളിവുകളൊന്നുമില്ലെന്നാണ് അവരുടമായി അടുത്ത ഉറവിടങ്ങൾ പ്രതികരിച്ചിരിക്കുന്നത്. മകളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സ്‌കോട്ട്ലൻഡ് യാർഡ് തങ്ങൾക്ക് നൽകുന്ന പിന്തുണയിൽ ഏറെ നന്ദിയുണ്ടെന്നാണ് മുൻ ജിപിയായ കേറ്റ് പ്രതികരിച്ചിരിക്കുന്നത്.