കണ്ണൂർ: മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ മധു കൈതപ്രത്തിന്റെ അപ്രതീക്ഷിത നിര്യാണത്തിന്റെ ദുഃഖത്തിലാണ് പ്രേക്ഷകരും സിനിമാ പ്രവർത്തകരും. മലയാളികൾക്ക് ഏകാന്തവും മധ്യവേനലും സമ്മാനിച്ച സംവിധായകൻ മധു കൈതപ്രം(45) അന്തരിച്ചത് ഇന്നലെ രാത്രിയോടെയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. ജയരാജിന്റെ സഹസംവിധായകനായി തുടങ്ങിയ മധു കൈതപ്രം 2006ൽ പുറത്തിറങ്ങിയ 'ഏകാന്തം' എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ വേഷത്തിലേക്ക് കടന്നുവന്നത്.

മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏകാന്തത്തിലൂടെ ലഭിച്ചു. കേരള സർക്കാറിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും ഈ ചിത്രത്തിന് കിട്ടി. 2009ൽ 'മധ്യവേനൽ' എന്ന ചലച്ചിത്രവും തുടർന്ന് 'ഓർമമാത്രം', 'വെള്ളിവെളിച്ചത്തിൽ' എന്നീ സിനിമകളും സംവിധാനം ചെയ്തു. വെള്ളിവെളിച്ചത്തിൽ മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസിനെ നായകനാക്കിയാണ് മധു കൈപത്രം സിനിമയെടുത്തത്. മാതമംഗലത്തിനടുത്ത കൈതപ്രത്തെ കെ.പി.കുഞ്ഞിരാമപ്പൊതുവാളിന്റെയും വി.കെ.നാരായണിയുടെയും മകനാണ്. രാഗിയാണ് ഭാര്യ, മകൻ: ശ്രീരാം.

മാതമംഗലം ഗവ. എച്ച്.എസ്.എസ്സിലും പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് കാലഘട്ടം മുതൽസതന്നെ സിനിമയോട് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. കോളേജ് വിദ്യാഭ്യാസകാലത്താണ് നല്ല സിനിമകൾ കാണാൻ തുടങ്ങിയത്. പയ്യന്നൂർ 'സർഗ സൊസൈറ്റി' പ്രചോദനമായി. അത് കഴിഞ്ഞാണ് ജയരാജിന്റെ കൂടെയെത്തുന്നത്. അദ്ദേഹത്തിന്റെ സഹായിയായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ചു. ആദ്യകാലത്ത് സിനിമാ പ്രവർത്തനത്തിനിടയിൽ കിട്ടുന്ന ഇടവേളകളിൽ മാർക്കറ്റിങ് ജോലികൾ ചെയ്തിരുന്നു.

2006ൽ തിലകനും മുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏകാന്തം പ്രദർശനത്തിനെത്തി. ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ആലോചനയിൽ നിന്നാണ് 'ഏകാന്ത'ത്തിന് തുടക്കമായതെന്ന് ഒരിക്കൽ മധു പറഞ്ഞു. 'നമ്മൾ ജോലിത്തിരക്കുകളിൽ നിന്നെല്ലാം വിട്ടുനില്ക്കുന്ന ഒരു കാലമുണ്ട്. എല്ലാ മനുഷ്യരും അങ്ങനെയാണ്. അത് സത്യം പറഞ്ഞാൽ കാത്തിരിപ്പാണ്, മരണത്തെ കാത്തിരിക്കൽ' 'ഏകാന്ത'ത്തെക്കുറിച്ച് മധു പറഞ്ഞു.

മനോജ് കെ.ജയനും ശ്വേത മേനോനും പ്രധാന വേഷമിട്ട 'മധ്യവേനൽ' 2009ൽ പുറത്തിറങ്ങി. 2011ൽ ദിലീപും പ്രിയങ്കയും പ്രധാനവേഷത്തിൽ അഭിനയിച്ച 'ഓർമ മാത്രം' പ്രദർശനത്തിനെത്തി. തീർത്തും ഗ്രാമീണമായ ഓർമ്മകളാണ് മധു കൈതപ്രം തന്റെ സിനിമകളിലൂടെ വരച്ചിട്ടത്.