അഗളി:ആദിവാസി യുവാവ് മധുകൊല്ലപ്പെതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരുന്നതിനായുള്ള വകുപ്പുതല അന്വേഷണം മുറുകി.

അഗളി ഫോറസ്റ്റ് റെയിഞ്ചോഫീസർ ആയിരുന്ന സി രാജേഷ് ഈ മാസം 9-ന് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് റിലീവ് ചെയ്തിരുന്നു. എറണാകുളം സോഷ്യൽ ഫോറസ്റ്ററിയിലേക്കായിരുന്നു സ്ഥലം മാറ്റം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ചാർജ്ജെടുത്തിരുന്നില്ല. രാജേഷ് സ്ഥലംമാറിപ്പോയ സാഹചര്യത്തിൽ അഗളി റെയിഞ്ചിന്റെ ചുമതല കൂടി അട്ടപ്പാടി റെയിഞ്ചോഫീസർ അഭിലാഷിന്റെ ചുമലിലായിരുന്നു. സംഭവത്തിൽ വനവകുപ്പ് ജീവനക്കാർക്കെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ അഗളി റെയിഞ്ചോഫീസർ തസ്തികയിൽ ഉന്നതർ ഇടപെട്ട് ഉടൻ നിയമനം നടത്തി.പുതിയ റെയിഞ്ചോഫീസറുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഇത് സംമ്പന്ധിക്കുന്ന അന്വേഷണം പുരോഗമിക്കുന്നത്.

എണാകുളം സോഷ്യൽ ഫോറസ്റ്ററി റെയിഞ്ചോഫീസർ ആയിരുന്ന കെ റ്റി ഉദയനനെയാണ് അഗളി റെയിഞ്ചോഫീസറായി നിയമിച്ചിട്ടുള്ളത്. മധുവിനെ വനത്തിൽ നിന്നും പിടികൂടിയ സാഹചര്യം, നാട്ടുകാർക്ക് വനത്തിൽ പ്രവേശിക്കാൻ ജീവനക്കാർ ഒത്താശചെയ്‌തോ.ജീവനക്കാരുടെ സാന്നിദ്ധയത്തിൽ മധുവിനെ കയ്യേറ്റം ചെയ്‌തോ തുടങ്ങിയ കാര്യങ്ങളിലാണ് പ്രാധനമായും ആന്വേഷണം നടക്കുന്നത്. ഇത് സംബന്ധിച്ച് പുതുതായി ചാർജ്ജെടുത്ത റെയിഞ്ചോഫീസറുടെ നേതൃത്വത്തിൽ തെളിവ് ശേഖരണം ആരംഭിച്ചതായും അറിയുന്നു.

മധു കുറ്റക്കാരനാണെന്ന് വരുത്തുന്ന തരത്തിലാണ് വാച്ചർമാരുടെ മൊഴികളെന്നാണ് സൂചന.എന്നാൽ ഇക്കാര്യത്തിൽ വേണ്ടെത്ര തെളിവുകൾ നിരത്താൻ ഇവർക്കായിട്ടില്ല. ഗുരുതരമായ ആരോപണങ്ങളാണ് ഇവരിൽ ചിലർ മധുവിനെതിരെ ഉയർത്തിയിട്ടുള്ളതെന്നും പറയപ്പെടുന്നു. അതിനാൽ വേണ്ടെത്ര ഗൗരവത്തിൽ തന്നെ വിഷയത്തിൽ അന്വേഷണം നടത്തി തെളിവുകളും സാക്ഷിമൊഴികളുമടക്കം പരാതികൾക്കിടയില്ലാത്ത വിധം അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനാണ് ഉന്നതർ ഉദയനോട് നിർദ്ദേശിച്ചിട്ടുള്ളത്.

ജനക്കൂട്ടത്തിൽപ്പെട്ട ഒരാൾ മധുവിനെ ചവിട്ടിയെന്നും ഈയവസരത്തിൽ തല ശക്തിയായി പിന്നിലെ ഭിത്തിയിൽ ഇടിച്ചെന്നും മറ്റുമുള്ള തരത്തിൽ വനംവകുപ്പ് ജീവനക്കാർ വിവരം നൽകിയതായും സൂചനയുണ്ട്. തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണത്തിന് കാരണമായതായി പോസ്റ്റുമോർട്ടത്തിൽ പരാമർശമുള്ള സ്ഥിതിക്ക് ഇക്കാര്യത്തിൽ കൃത്യത വരുത്തിയാവും അന്വേഷണം പുരോഗമിക്കുക എന്നും ചൂണ്ടികാണിക്കപ്പെടുന്നു. അതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയിലെ പരിക്കില്ലെന്ന സൂചനയും പുറത്തുവന്നു.

ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളമൊഴി നൽകുകയാണെന്ന വാദവും സജീവമാണ്. മരിക്കും വരെ മധുവിന് മർദ്ദനമേറ്റുവെന്നാണ് പോസ്റ്റ്‌മോർട്ടത്തിലുള്ളത്. പൊലീസ് കസ്‌ററഡിയിലും മധുവിന് മർദ്ദനമേറ്റതിന്റെ സൂചനയാണ് ഇത്.