അഗളി: അട്ടപ്പാടി കണ്ട ഏറ്റവും വലിയ ജനസഞ്ചയത്തെ സാക്ഷിയാക്കി ജനക്കൂട്ടം മർദ്ദിച്ചുക്കൊന്ന മധുവിന് യാത്രാമൊഴി. ചിണ്ടക്കി ആദിവാസി ഊരിന് സമീപത്തെ ഊര് ശ്മശാനത്തിൽ ഇന്നലെ വൈകീട്ടാണ് മധുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ട്് മൂന്നോടെയാണ് മൃതദേഹം അഗളി പൊലീസ് സ്‌റ്റേഷന് മുന്നിലെ സമരപ്പന്തലിൽ എത്തിച്ചത്. തടിച്ചുകൂടിയ വൻ ജനാവലിക്ക് മുന്നിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചു. തുടർന്ന് സംസ്‌കരിക്കാൻ മൃതദേഹവുമായി പോയ ആംബുലൻസ് മുക്കാലി ജങ്ഷനിൽ ഊരുവാസികൾ തടഞ്ഞു.

കൊലപാതകികളെ നേരിൽ കാണാതെ കടത്തിവിടില്ലെന്ന് ഇവർ നിലപാടെടുത്തു. ആദിവാസി സ്ത്രീകളടക്കം രോഷാകുലരായി രംഗത്തെത്തിയതോടെ പൊലീസുമായി നേരിയ സംഘർഷവുമുണ്ടായി. തുടർന്ന് പൊലീസ് വാഹനം കൊട്ടിയൂർകുന്ന് വഴി ചിണ്ടക്കിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അവിടെയും സമരക്കാർ തടഞ്ഞു. പ്രതികളുടെ ചിത്രം പൊലീസ് മൊബൈൽ ഫോൺ വഴി കാണിച്ചതോടെയാണ് പ്രതിഷേധക്കാർ ശാന്തരായത്. ഇതിനിടെ മൃതദേഹത്തെ അനുഗമിച്ച കോൺഗ്രസ് നേതാവ് വി എം. സുധീരനും പ്രശ്‌നത്തിൽ ഇടപെട്ടു. സംഘർഷാവസ്ഥ തീർന്നതോടെ, ചിണ്ടക്കി ആദിവാസി ഊരിന് സമീപത്തെ ഊര് ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.

പ്രതിഷേധം ഭയന്ന് മൃതദേഹം അഗളിയിലേക്ക് കൊണ്ടുവരുന്നതിന് പൊലീസ് ആദ്യം അനുമതി നൽകിയിരുന്നില്ല. പിന്നീട് സമരക്കാരുടെ സമ്മർദത്തെ തുടർന്നാണ് അനുവാദം നൽകിയത്. അരമണിക്കൂർ സമയമാണ് പൊലീസ് അനുവദിച്ചത്. മൃതദേഹം കാണാൻ ജനാവലി കാത്തുനിന്നിരുന്നതിനാൽ പൊതുദർശനം ഒരുമണിക്കൂർ നീണ്ടു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പൊരിവെയിൽ വകവെക്കാതെ പ്രതിഷേധസമരത്തിൽ പങ്കുകൊണ്ടു. ഇരുള, മുഢുക, കുറുംബ വിഭാഗത്തിലുള്ള ആദിവാസി സമൂഹം ഒന്നാകെയാണ് അഗളിയിൽ സംഘടിച്ചത്. വ്യാഴാഴ്ചയാണ് ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരുവിഭാഗം നാട്ടുകാർ അഗളി കടുകുമണ്ണ ഊരിലെ മല്ലന്റെ മകൻ മധുവിനെ (32) മർദിച്ച് കൊലപ്പെടുത്തിയത്.

അഗളി ശനിയാഴ്ച സാക്ഷ്യംവഹിച്ചത് അട്ടപ്പാടിയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിഷേധക്കൊടുങ്കാറ്റിന്. മധുവിന്റെ കൊലപാതകം അത്രയധികം അവരെ വേദനിപ്പിച്ചെന്നതിന് തെളിവായി ആ ജനക്കൂട്ടം. ഇക്കാലമത്രയും അവർ അനുഭവിച്ച പീഡനം പ്രതിഷേധമായി പുറത്തേക്കൊഴുകി. പ്രായഭേദമന്യേ ആയിരക്കണക്കിന് ആദിവാസികളാണ് സമരപന്തലിൽ എത്തിയത്. കൊച്ചുകുട്ടികൾ പ്ലക്കാർഡുകളുമേന്തി അഗളിയിൽ മാർച്ച് നടത്തി. കൊച്ചുകുട്ടികളിൽനിന്ന് പോലും നീതിക്കായി മുദ്രാവാക്യങ്ങളുയർന്നു. പ്രതീകാത്മകമായി മധുവിന്റെ പ്രതിരൂപം നക്കുപ്പതി ഊരിൽനിന്ന് ചെല്ലൻ മൂപ്പന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ സമരപ്പന്തലിലെത്തിച്ചപ്പോൾ മുദ്രാവാക്യം ഉച്ചത്തിലായി.

ശനിയാഴ്ച രാവിലെ മുതൽ അട്ടപ്പാടിയിലേക്ക് നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു. നേതാക്കൾ സമരപന്തലിലെത്തി മധുവിന്റെ മാതാവിനെയും സഹോദരിയെയും സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, വി എം. സുധീരൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംഎ‍ൽഎ, സി.കെ. ജാനു തുടങ്ങിയവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. സംസ്ഥാന പട്ടികജാതിഫവർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവാജി സമരപന്തലിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. ബിജെപിയും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താലിനെതുടർന്ന് സമരപന്തലിലെത്താൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ജനസാഗരം അഗളിയിലേക്ക് ഒഴുകിയത്.

അട്ടപ്പാടിയിലേക്ക് ശനിയാഴ്ച രാവിലെ മുതൽ നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു. നേതാക്കൾ സമരപന്തലിലെത്തി മധുവിന്റെ മാതാവിനെയും സഹോദരിയെയും സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, വി എം. സുധീരൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംഎ‍ൽഎ, സി.കെ. ജാനു തുടങ്ങിയവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. സംസ്ഥാന പട്ടികജാതിഫവർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവാജി സമരപന്തലിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. ബിജെപിയും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താലിനെതുടർന്ന് സമരപന്തലിലെത്താൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ജനസാഗരം അഗളിയിലേക്ക് ഒഴുകിയത്.

16 പേർ അറസ്റ്റിൽ, സെൽഫിയെടുത്ത യുവാവും പ്രതിപ്പട്ടികയിൽ

കേസുമായി ബന്ധപ്പെട്ട് 16 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അട്ടപ്പാടി സ്വദേശികളായ മേച്ചേരി ഹുസൈൻ (50), കിളയിൽവീട് മരക്കാർ (33), പൊതുവച്ചോല ഷംസുദ്ദീൻ (34), കുന്നത്ത് അനീഷ് (30), താഴുശ്ശേരി രാധാകൃഷ്ണൻ (34), പൊതുവച്ചോല അബൂബക്കർ (31), കുരിക്കൾ സിദ്ദീഖ് (38), തൊട്ടിയിൽ ഉബൈദ് (25), വിരുത്തിയിൽ നജീബ് (33), മണ്ണമ്പറ്റ ജെയ്ജുമോൻ (44), ചോലയിൽ അബ്ദുൽ കരീം, പുത്തൻപുരക്കൽ സജീവ് (39), മുരിക്കട സതീഷ് (39), ചെരിവിൽ ഹരീഷ് (34), ചെരിവിൽ ബിജു (41), വിരുത്തിയിൽ മുനീർ (28) എന്നിവരാണ് പിടിയിലായത്.

വനനിയമം, പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്, കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, വനത്തിൽ അതിക്രമിച്ച് കയറൽ, ആദിവാസികൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പിടിയിലായ തൊട്ടിയിൽ ഉബൈദാണ് മധുവിനെ മർദിക്കുന്നത് വിഡിയോ പകർത്തിയതും സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.

ഐ.ടി ആക്ട് പ്രകാരവും പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരേ കുടുംബത്തിൽനിന്നുള്ള ഒന്നിലധികം പേർ പ്രതിപ്പട്ടികയിലുണ്ട്. വനമേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നതിന് ഒത്താശ ചെയ്ത നാല് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഡി.എഫ്.ഒക്ക് പാലക്കാട് എസ്‌പി പ്രതീഷ്‌കുമാർ റിപ്പോർട്ട് നൽകി.