- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ നിയമ വ്യവസ്ഥയെ നോക്കു കുത്തിയാക്കി അട്ടപ്പാടി മധു വധക്കേസിൽ അടിമുടി അട്ടിമറി; പതിനേഴാം സാക്ഷിയും കൂറുമാറി; ഇതുവരെ മൊഴി മാറ്റിയത് ഏഴുപേർ; ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസിയ യുവാവിന്റെ കുടുംബത്തിന് നീതി അകലെ
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണാ നടപടികൾ പുരോഗമിക്കുമ്പോൾ പുറത്തു വരുന്ന വിവരങ്ങൾ നീതിന്യായ വ്യവസ്ഥയെ മുഴുവൻ പരിഹസിക്കും വിധത്തിൽ. കേസിൽ വൻ അട്ടിമറികളാണ് നടക്കുന്നത്. അട്ടപ്പാടി മധു വധക്കേസിൽ പതിനേഴാം സാക്ഷിയും കൂറു മാറിയെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതോടെ കൂറു മാറിയ സാക്ഷികളുടെ എണ്ണം ഏഴായി.
പതിനേഴാം സാക്ഷി കെ.സി.ജോളിയാണ് കൂറു മാറിയത്. മധുവിനെ പിടിച്ചുകൊണ്ടു വരാനായി മുക്കാലിയിലുള്ളവർ കാട്ടിലേക്കു പോകുന്നതു കണ്ടെന്നും തിരിച്ചു വരുമ്പോൾ അവർക്കൊപ്പം മധുവുമുണ്ടായിരുന്നെന്നും മജിസ്‌ട്രേട്ടിനും പൊലീസിനും മൊഴി നൽകിയ ആളാണ് ചിണ്ടക്കിയിൽ ചായക്കട നടത്തിയിരുന്ന ജോളി.
മജിസ്‌ട്രേട്ടിനു മൊഴി നൽകിയത് പൊലീസ് പറഞ്ഞതനുസരിച്ചാണെന്നും പൊലീസിനു മൊഴി നൽകിയിട്ടില്ലെന്നും ജോളി കോടതിയിൽ പറഞ്ഞു. സംഭവം അറിയുന്നതു പത്രങ്ങളിൽ നിന്നും ടിവിയിൽ നിന്നുമാണെന്നും പൊലീസ് നിരന്തരം വിളിക്കുന്നതിനാലാണ് കഴിഞ്ഞ ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്തതെന്നും മൊഴി നൽകി. വിറ്റ്‌നസ് പ്രോട്ടക്ഷൻ കൗൺസിലിന്റെ നിർദേശത്തിന്റെ മറവിൽ പൊലീസ് സാക്ഷികളെ ബലമായി പിടിച്ചു വച്ച് കോടതിയിൽ കള്ളം പറയിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകർ ആരോപിച്ചു.
പ്രോസിക്യൂഷനു അനുകൂലമായി പറഞ്ഞ പതിമൂന്നാം സാക്ഷി പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകുന്നതെന്നും മൊഴി വിശ്വസനീയമല്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. അതേ സമയം മധുവിനെ മർദിക്കുന്നത് കണ്ടുവെന്ന് കൃത്യമായ മൊഴിയാണ് സാക്ഷി പറഞ്ഞതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു. നാളെ ജോളിയെയും പതിനെട്ടാം സാക്ഷി വനം വകുപ്പ് വാച്ചർ കാളിമൂപ്പനെയും വിസ്തരിക്കും.
പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴിമറ്റിയതിനാലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. കേസിൽ ആകെ 122 സാക്ഷികളാണ് ഉള്ളത്.