തിരുവനന്തപുരം: നടൻ മധുവിനെ എംഎൽഎ ശബരീനാഥന്റെ പേരിൽ വിദഗ്ധമായി കബളിപ്പിച്ചു ഒരു വിരുതൻ. അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥന്റെ ക്ഷണം സ്വീകരിച്ച് നടൻ മധു ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വധൂ വരന്മാർ ഉൽപ്പടെയുള്ള ബന്ധുക്കൾ നടനെ കണ്ട് ഞെട്ടി.

എന്നാൽ തന്നെ ക്ഷണിച്ച ശബരീനാഥനെ മാത്രം അവിടെ കാണാൻ മധുവിന് കഴിഞ്ഞില്ല. ഫോണിലൂടെയാണ് എംഎൽഎ ശബരീനാഥൻ മധുവിനെ വിവാഹത്തിന് ക്ഷണിച്ചത്. വധൂവരന്മാരെയും അവരുടെ കുടുംബത്തെയും പരിചയം ഇല്ലെങ്കിലും തന്റെ സുഹൃത്തായിരുന്ന കാർത്തികേയന്റെ മകൻ ശബരീനാഥൻ ക്ഷണിച്ചതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം നിർബന്ധിതനായി. കല്ല്യാണത്തിന് എത്തിയ മധുവിനെ കണ്ട് ഞെട്ടിയ ബന്ധുക്കൾ പിന്നെ അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടൊ എടുക്കുവാനായി തിക്കി തിരിക്കി.

ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെങ്കിലും തന്നെ കല്യാണത്തിനു വിളിച്ചുവരുത്തിയ ശബരീനാഥൻ വരാതിരുന്നതിലുള്ള പരിഭവം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.ശബരീനാഥനെ കാണുമ്പോൾ ഇതെക്കുറിച്ച് ചോദിക്കാൻ മധു തീരുമാനിച്ചിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി വേഷമിട്ട കാവാലപ്പണിക്കരുടെ 'അഭിജ്ഞാന ശാകുന്തളം' എന്ന നാടകം കാണാൻ ഇരുവരും തിരുവനന്തപുരം ടാഗോർ തീയറ്ററിൽ എത്തിയിരുന്നു. അവിടെ വച്ച് ശബരീനാഥനോട് തന്റെ പരിഭവം മധു നേരിട്ട് പറഞ്ഞു.

അപ്പോഴാണ് മധുവിനെ താൻ കല്യാണത്തിന് വിളിച്ചിട്ടേയില്ലെന്നും മറ്റാരോ പറ്റിക്കാൻ വേണ്ടി ചെയ്ത പ്രവൃത്തി ആണെന്നും എംഎൽഎ വ്യക്തമാക്കിയത്.ശബരിനാഥന്റെതായി ഫോണിൽ സേവ് ചെയ്തിരിക്കുന്ന നമ്പർ മധു എംഎ!ൽഎയെ കാണിച്ചു. പാപ്പനംകോട് അൻസാരിയെന്നൊരാളാണ് ഇതിന് പിന്നിലെന്നു എംഎൽഎയുടെ അന്വേഷണത്തിൽ മനസിലായി. സംഭവത്തിൽ ശബരീനാഥൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നൽകിയിട്ടുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ട് വെറും ഒരു വർഷം മാത്രമേ കഴിഞ്ഞിട്ടുള്ളുവെങ്കിലും തന്റെ മണ്ഡലമായ അരുവിക്കരയിലും സഭയിലും ഇതിനോടകം തന്നെ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ശബരീനാഥൻ. മുൻ സ്പീക്കർ ജി കാർത്തികേയന്റെ നിര്യാണത്തെതുടർന്നാണ് കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരൻ നേരിട്ട് നിർദ്ദേശിച്ച ശബരീനാഥൻ കഴിഞ്ഞ വർഷം നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ് മത്സരിച്ചത്. അന്ന് ശബരിനാഥനു നേരിടേണ്ടി വന്നതാകട്ടെ കേരള രാഷ്ട്രീയത്തിലെ തന്നെ രണ്ട് അതികായന്മാരെയായിരുന്നു.

സിപിഐ(എം) സ്ഥാനാർത്ഥി എം വിജയകുമാറിനെ ശബരി അന്ന് പരാജയപ്പെടുത്തിയത് പതിനായിരത്തിലധികം വോട്ടുകൾക്കായിരുന്നു. ബിജെപിയുടെ ഒ.രാജഗോപാലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. ഒരു വർഷത്തിനപ്പുറം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതിനായരത്തിൽപരം വോട്ടുകൾക്കാണ് ശബരി ജയിച്ചു കയറിയത്. അത്രയും വ്യക്തിബന്ധങ്ങൾ ഈ ചെറിയ കാലയളവിൽ കെട്ടിപ്പടുത്തതിന്റെ തെളിവാണ് ഇങ്ങനെയൊരു വിജയം. പക്ഷേ അത്രയും ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയുടെ പേരിലാണ് മലയാള സിനിമയുടെ കാരണവരായ മധുസാറിനെ ഒരു യുവാവ് പറ്റിച്ചത്.