ജയ്പൂർ: കൗമാരക്കാരിയെ ബലാൽസംഗം ചെയ്ത ആൾദൈവം ആസാറാം ബാപ്പുവിന് മരണം വരെ തടവുശിക്ഷ വിധിച്ച ജഡജിക്ക് സ്ഥാനഭ്രംശം. ജോധ്പുരിലെ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക കോടതി ജഡ്ജിയായിരുന്ന മധുസൂദൻ ശർമയാണ് ആസാറാമിനെ ശിക്ഷിച്ചത്. അദ്ദേഹത്തെ ജയ്‌പ്പുരിൽ നിയമകാര്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് ഹൈക്കോടതി സ്ഥലംമാറ്റിയത്. ജില്ലാ ജഡ്ജി കേഡറിലുള്ള അഞ്ചുപേരെയും ഒമ്പത് മറ്റ് ജഡ്ജിമാരെയുമാണ് രാജസ്ഥാൻ ഹൈ്‌ക്കോടതി രജിസ്ട്രാർ രണ്ട് വ്യത്യസ്ത ഉത്തരവുകളിലൂടെ സ്ഥലം മാറ്റിയത്. ഇതിലൊരാളാണ് മധുസൂദൻ ശർമ.

എന്നാൽ, ആസാറാം ബാപ്പുവിന് ഇത്ര കടുത്ത ശിക്ഷ വിധിച്ചതിന്റെ തിരിച്ചടിയാണോ ഇപ്പോഴത്തെ സ്ഥലംമാറ്റമെന്ന സംശയം സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്. 16-കാരിയെ ആശ്രമത്തിനുള്ളിൽ ബലാൽസംഗം ചെയ്ത കേസിൽ ഏപ്രിൽ 25-നാണ് മരണംവരെ തടവുശിക്ഷ വിധിച്ചത്. 2013 ഓഗസ്റ്റിൽ നടന്ന കുറ്റകൃത്യത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷതന്നെ ജഡ്ജി മധുസൂദൻ ശർമ വിധിക്കുകയും ചെയ്തു.

2013 സെപ്റ്റംബർ ഒന്നിനാണ് ആസാറാം ഇൻഡോറിൽനിന്ന് അറസ്റ്റിലായത്. തുടർന്ന് ജോധ്പുരിൽ കൊണ്ടുവന്ന അന്നുമുതൽ ആസാറാം ജയിലിലാണ്. രാജസ്ഥാനിലെ മനായിയിലെ ആശ്രമത്തിൽ അന്തേവാസിയായിരുന്ന 16-കാരിയെ ആസാറാം ബലാൽസംഗം ചെയ്തുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഇതിനുപുറമെ, മനുഷ്യക്കടത്തടക്കം ഒട്ടേറെ കേസുകളിലും ആൾദൈവം പ്രതിയായിരുന്നു. ആസാറാമിന്റെ രണ്ട് അനുയായികൾക്ക് 20 വർഷം വീതം തടവുശിക്ഷ വിധിച്ച കോടതി, മറ്റു രണ്ടുപേരെ വെറുതെവിടുകയും ചെയ്തു.

ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് ഭക്തരുള്ള ആസാറാം ബാപ്പുവിനെ കടുത്ത ശിക്ഷയ്ക്ക് വിധിച്ചതുമുതൽ ഒരു വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായി ജഡ്ജി മധുസൂദൻ ശർമ മാറിയിരുന്നു. ജയിലിനുള്ളിൽ അതി സുരക്ഷാ സന്നാഹത്തോടെയായിരുന്നു വിധി പ്രസ്താവം. എന്നാൽ, ഇപ്പോഴത്തെ സ്ഥലംമാറ്റത്തിന് ഈ വിധിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സാധാരണ നടപടി മാത്രമാണിതെന്നും അധികൃതർ പറയുന്നു.

ഉത്തരവനുസരിച്ച് പ്രഭുലാൻ അമീത്തയെ രാജസ്ഥാൻ സിവിൽ സർവീസ് അപ്പലേറ്റ് ട്രിബ്യൂണലിൽ ജൂഡിഷ്യൽ അംഗമായും രാജേഷ് നാരായൺ ശർമയെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ-കം-ലേബർ കോടതിയിൽ ജഡ്ജിയായും നിയമിച്ചു. നിയമകാര്യവിഭാഗത്തിൽ സെക്രട്ടറിയായിരുന്ന അശുതോഷ് കുമാറിനെ ജയ്‌സാൽമേറിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിയായും നിയമിച്ചു. സഞ്ജയ് കുമാർ അദദ്ദേഹത്തിന് പകരം നിയമകാര്യ വകുപ്പിലും സ്ഥാനമേറ്റു.