മുംബൈ: ഇന്ദു സർക്കാർ സിനിമയ്ക്കെതിരെ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകൻ മധൂർ ഭണ്ഡാർക്കർ. അടിയന്തരാവസ്ഥയുടെ പശ്ചാത്തലവത്തിലൊരുങ്ങുന്ന ചിത്രം മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലും പൂണെയിലും സംഘടിപ്പിച്ച പരിപാടികൾ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി. ഇന്ദു സർക്കാരിനെതിരെ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടിൽ നേരത്തേ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഭണ്ഡാർക്കർ രാഹുൽ ഗാന്ധിയുടെ നിലപാട് ആരാഞ്ഞത്.

അടിയന്തരാവസ്ഥയുടെ ചിത്രം പുതുതലമുറയ്ക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ഈ സിനിമയെപ്പറ്റി മധുർ ഭണ്ഡാർക്കർ പറഞ്ഞത്. 30 ശതമാനം യഥാർഥവസ്തുതകളും 70 ശതമാനം സാങ്കൽപ്പിക കഥകളുമാണ് സിനിമയിലുള്ളതെന്ന് അദ്ദേഹം പറയുന്നു. അടിയന്തരാവസ്ഥയെപ്പറ്റി വ്യത്യസ്ത നിലപാടുകളുള്ള ഒരു ഭാര്യയുടെയും ഭർത്താവിന്റെയും കഥയിലൂടെ സിനിമ സഞ്ചരിക്കുന്നു.

ചിത്രത്തിൽ പ്രതിനായക വേഷമിടുന്ന നീൽ നിതിൻ മുകേഷ് സഞ്ജയ് ഗാന്ധിയുടെ രൂപഭാവങ്ങളോടെയാണ് സ്‌ക്രീനിലെത്തുന്നത്. ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണ് സുപ്രിയാ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്. രണ്ടുനേതാക്കളെയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്ന് പ്രവർത്തകർ പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.

അതേസമയം ചിത്രത്തിനെതിരെ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നു കൊണ്ടിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയാണ് ഒടുവിൽ വിമർശനവുമായി രംഗത്തു വന്ന കോൺഗ്രസ് നേതാവ്.  ഇന്ദു സർക്കാർ പൂർണമായും സ്‌പോൺസേർഡ് ചിത്രമാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി.  ചിത്രത്തിനെതിരെ സഞ്ജയ് ഗാന്ധിയുടെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതിയും രംഗത്തെത്തിയിരുന്നു.