തിരുവനന്തപുരം: 2024ന് മുമ്പ് കേരളത്തെ കത്തിക്കാൻ വർഗ്ഗീയ ലഹളയുണ്ടാകുമെന്ന വിലയിരുത്തലിൽ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം. വർഗ്ഗീയ ലഹളയെ ചെറുക്കാൻ പ്ര്‌ത്യേക സംവിധാനങ്ങൾ ഒരുക്കാനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. അതിനിടെ മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയിലെ ആറു പേർ കേരളത്തിലേക്കു കടന്നെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടും പൊലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്.

കേരളത്തിലേക്ക് കടന്ന തീവ്രവാദികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരുമായി അടുപ്പമുള്ള രണ്ടു പേർ ബംഗളുരുവിൽ ജയിലിലാണെന്ന് മംഗളം പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് ഗൗരവത്തോടെ തന്നെ പൊലീസ് എടുക്കുന്നുവെന്നാണ് ഉന്നത പൊലീസ് നേതൃത്വം മറുനാടനോട് നൽകിയ സൂചന. കൊടും തീവ്രവാദികളാണ് കേരളത്തിലേക്ക് കടന്നതെന്നാണ് സൂചന. ഇതിനിടെ മൂന്നാർ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്ന് രഹസ്യവിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ചോർത്തി നൽകി എന്ന ആരോപണവും ഗൗരവത്തോടെ തന്നെ പൊലീസ് ഉന്നത നേതൃത്വം എടുത്തിട്ടുണ്ട്.

കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടിനെത്തുടർന്നു റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിലും ഇന്റലിജൻസ് വിഭാഗം തെരച്ചിൽ ശക്തമാക്കി. സംസ്ഥാനത്തു സാമുദായിക സ്പർധ ആളിക്കത്തിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പൊലീസ് ഉന്നതതല യോഗത്തിലും ഇക്കാര്യം വിഷയമായി. സംഘർഷം നേരിടുന്നതിനു മോക്ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്. പ്രധാന സർക്കാർ ഓഫീസുകളിലെ സുരക്ഷ വർധിപ്പിച്ചു.

മൂന്നാർ സ്റ്റേഷനിലെ മൂന്നുപേർക്കെതിരേയാണ് അന്വേഷണം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. ആറുമാസം മുമ്പ് സമാനമായ രീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുമ്പ് സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.