കൊല്ലം: തമിഴ്‌നാട്ടിലെ മധുര തിരുമംഗലത്ത് ദേശീയപാതയിലെ അപകടം തളർത്തിയതുകൊല്ലം കൊല്ലൂർവിളയെ. ഇവിടുത്തെ ഒരു കുടുംബത്തിലെ നാലു പേരെയാണ് അപകടത്തിൽ നഷ്ടയമായത്. ലോറി കാറിലിടിച്ച് നവവരൻ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിലയും ഗുരുതരമാണ്.

കൊല്ലം കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം ആസാദ് നഗർ-30 അൽ-മീനയിൽ, സ്വാതന്ത്ര്യസമരസേനാനി പരേതനായ ഇബ്രാഹിംകുട്ടിയുടെ മകളും പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യയുമായ നൂർജഹാൻ (67), ഇവരുടെ മകൾ സജീനാ ഫിറോസ് (50), സജീനയുടെ മകൾ ഖദീജ (19), മറ്റൊരു മകളായ ഫാത്തിമയുടെ ഭർത്താവ് സജീദ് സലിം (28) എന്നിവരാണ് മരിച്ചത്. സജീദിന്റെ ഭാര്യ ഫാത്തിമ (20), ഇരട്ടസഹോദരി ഐഷ (20) എന്നിവരാണ് പരിക്കുകളോടെ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ജിദ്ദയിലെ സ്‌കൂൾ അദ്ധ്യാപികയായിരുന്നു സജീനാ. ജിദ്ദയിലെ മവാരിസ് സ്‌കൂളിലെ അദ്ധ്യാപികയായാരുന്നു ഇവർ. മവാരിസ്, മദ്ഹൽ അൽ ഉലൂം എന്നീ സ്‌കൂളുകളിലെ പൂർവവിദ്യാർത്ഥിനിയാണ് മരിച്ച ഖദീജ. ഭർത്താവ് ഫിറോസിനൊപ്പം ജിദ്ദയിൽ താമസിക്കന്ന മവാരിദ് സ്‌ക്കൂളിലെ അധൃാപിക സജിന ഫിറോസ് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് പോയത്. നേരത്തെ മവാരിദ് സ്‌ക്കൂളിലെ വിദൃാർത്ഥിയായിരുന്ന ഖദീജ പത്താം തരത്തിൽ മദ്ഹൽ അൽ ഉലൂം സ്‌കൂളിലായിരുന്നു പഠിച്ചത്.

കരുനാഗപ്പള്ളി തഴവ കോട്ടക്കാട്ട് വീട്ടിൽ സലിമിന്റെയും ഷൈലജയുടെയും മകനായ സജീദ് സലിം കുവൈത്തിൽ പെട്രോളിയം കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ജൂലായ് 30നായിരുന്നു സജീദിന്റെ വിവാഹം. ഖദീജ കൊട്ടിയം ഡോൺ ബോസ്‌കോ കോളേജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർത്ഥിയാണ്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പത്തനംതിട്ട ആറന്മുള എൻജിനീയറിങ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിയായ ഐഷയുടെ കണ്ണിന്റെ ചികിത്സയ്ക്കായി മധുരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയാണ് അപകടം.

മധുര ഡി കല്ലുപട്ടിക്കടുത്ത് തുപ്പലാപുരത്തിനും ഗോപാൽസ്വാമിമലയ്ക്കും ഇടയിലെ വളവിലാണ് അപകടമുണ്ടായത്. മധുരയിൽനിന്ന് രാജപാളയത്തേക്ക് പോകുകയായിരുന്ന മിനിലോറിയാണ് ഇവരുടെ കാറിലിടിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സ്വന്തം കാറിൽ ഇവർ പള്ളിമുക്കിലെ വീട്ടിൽനിന്ന് മധുരയിലേക്ക് പോയത്. മൂന്നുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ഉസിലാംപെട്ടിയിലെ സർക്കാർ ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി.

ഇന്ന് പുലർച്ചെ മൃതദേഹങ്ങൾ കൊല്ലൂർവിളയിലെ വീട്ടിൽ എത്തിച്ചു. സജീദ് സലീമിന്റെ മൃതദേഹം കരുനാഗപ്പള്ളി വട്ടപ്പറമ്പ് മുസ്ലിം ജമാഅത്ത് കബർസ്ഥാനിലും മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിലും കബറടക്കും.