ബംഗളുരു: കൊല്ലം, മലപ്പുറം, മൈസൂർ, ചിറ്റൂർ, നെല്ലൂർ കളക്ടേറേറ്റ്, കോടതി സ്‌ഫോടനങ്ങളിൽ മധുരയിൽ പിടിയിലായ സംഘത്തിന്റെ പങ്കാളിത്തം സ്ഥിരീകരിച്ച് എൻഐഎ. അഞ്ചിടത്തും ബോംബ് സ്ഥാപിച്ചത് ദാവൂദ് സുലൈമാനും കരീമുമാണ്. അബ്ബാസും ഷംസുദീനും ചേർന്ന് ബോംബുകൾ നിർമ്മിച്ചുവെന്നും ഏജൻസി കോടതിയിൽ വ്യക്തമാക്കി.

എല്ലാ സ്‌ഫോടനകൾക്കു പിന്നിലും മധുരയിൽ അറസ്റ്റിലായ സംഘമാണെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. ഉപേക്ഷിച്ചനിലയിൽ ലഭിച്ച പെൻഡ്രൈവിലെ സന്ദേശങ്ങൾ തയാറാക്കിയത് ദാവൂദാണ്. കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിച്ച പോസ്റ്ററ്റുകൾ അച്ചടിച്ചത് കരിംരാജയുടെ പ്രസ്സിലാണെന്നും 2015 ജനുവരിയിലാണ് ബേസ് മൂവ്‌മെന്റ് എന്നപേരിൽ സംഘടനയുണ്ടാക്കിയതെന്നും എൻഐഎ കോടതിയെ അറിയിച്ചു.

ചെന്നൈയിൽനിന്ന് പിടിയിലായ ദാവൂദ് സുലൈമാനുമാണ് സ്‌ഫോടന പദ്ധതികളുടെ സൂത്രധാരൻ. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽപെട്ട ഇമാം അലിയുടെ നേതൃത്വത്തിൽ അബ്ബാസിനും ഷംസുദ്ദീനും നേരത്തേ ബോംബ് നിർമ്മാണത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട്. അബ്ബാസ് പുസ്തകങ്ങളിലൂടെയും ദാവൂദ് ഇന്റർനെറ്റിലൂടെയുമാണ് അൽഖായിദ ആശയങ്ങളിൽ ആകൃഷ്ടരായത്.

മധുരയിലെ ഗുണ്ടാനേതാവായ ഷംസുദ്ദീൻ ഗുണ്ടാപിരിവിലൂടെ നേടിയ പണവും ആരാധനാലയങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ അബ്ബാസ് സ്വരൂപിച്ച പണവുമുപയോഗിച്ചായിരുന്നു ആക്രമണങ്ങൾ. പ്രതികളെ എൻ.ഐ.എ ബംഗളുരുവിലെത്തിച്ചു. സ്‌ഫോടനമുണ്ടായ മൈസൂർ കോടതിയിലെത്തിച്ച് അടുത്ത ദിവസം തെളിവെടുക്കും.