മുംബൈ: 2019ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടി മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാൻ (51) ബിജെപിയുടെ കരുനീക്കം. പൂണെയിൽ മാധുരിയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയുടെ തീരുമാനം. എന്നാൽ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് മാധുരി ദീക്ഷിത് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാൽ മാധുരി തന്നെ പൂണെയിൽ നിന്നും മത്സരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇതിന് സൂചനയെന്നോണം ഇക്കഴിഞ്ഞ ജൂൺ മാസം ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ നടിയുമായി അവരുടെ മുംബൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയുടെ 'സമ്പർക്ക് ഫോർ സമർത്ഥൻ' എന്ന പരിപാടിയുടെ ഭാഗമായി ബിജെപിയുടെ നേട്ടങ്ങളെ കുറിച്ച് വിവരിക്കാനായിരുന്നു അമിത് ഷാ മാധുരിയെ സന്ദർശിച്ചത്. ഇത് ഇവരെ ബിജെപിയിലേക്ക് ക്ഷണിക്കാൻ ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. അതേസമയം മാധുരിയെ പരിഗണിക്കുന്ന വിവരം മുതിർന്ന ബിജെപി നേതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.

2014ലെ തിരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തോളം വോട്ടിനു ബിജെപി കോൺഗ്രസിൽ നിന്നു പിടിച്ചെടുത്ത മണ്ഡലമാണ് പൂണെ. അനിൽ ഷിരോളെയാണു സിറ്റിങ് എംപി. പുതുമുഖങ്ങളെ ഇറക്കുന്ന രീതി മുൻപും പാർട്ടി പരീക്ഷിച്ചിട്ടുണ്ടെന്നു മാധുരിയെ പരിഗണിക്കുന്ന വിവരം സ്ഥിരീകരിച്ച മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

ആദ്യതവണ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മുഴുവൻ സീറ്റുകളിലും പുതുമുഖങ്ങളെ നിർത്തി നരേന്ദ്ര മോദി നടത്തിയ പരീക്ഷണം വിജയം കണ്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ പ്രമുഖരുടെ പിന്തുണ പാർട്ടിക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണിൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ മുംബൈയിലെ വസതിയിൽ ചെന്നു നടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.